തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവിനെ കണ്ടതില്‍ സിപിഎമ്മിന് പ്രശ്‌നമൊന്നുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. (CPM has no problem with ADGP meeting RSS leader: MV Govindan) എഡിജിപി ആരെ വേണമെങ്കിലും കാണാന്‍ പോകട്ടെ അത് ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍ അതിനെ സിപിഐഎമ്മുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കരുതെന്ന് മാത്രമേയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
|
‘മുഖ്യമന്ത്രിക്ക് വേണ്ടി എഡിജിപി ആര്‍എസ്എസ് നേതാവിനെ കാണാന്‍ പോയെന്നത് അസംബന്ധമാണ്. എഡിജിപി ആരെ വേണമെങ്കിലും കാണാന്‍ പോകട്ടെ, അത് ഞങ്ങള്‍ക്ക് പ്രശ്‌നമില്ല. എന്നാല്‍, അതിനെ സി.പി.ഐ.എമ്മുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കരുത്. ബിജെപിയോട് സിപിഐഎം എന്ത് നിലപാടാണ് എടുക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയുന്നതാണ്.
ഞങ്ങളുടെ നൂറുകണക്കിന് സഖാക്കളെ കൊന്നൊടുക്കിയിട്ടുള്ള ഒരു പ്രസ്ഥാനമാണ് ആര്‍എസ്എസ്. യുഡിഎഫ് ആണ് ബിജെപിയുമായി ബന്ധം ഉണ്ടാക്കിയത്. യുഡിഎഫിന്റെ 86,000 വോട്ടാണ് തൃശ്ശൂരില്‍ ബിജെപിക്ക് അനുകൂലവുമായി ലഭിച്ചത്. ഇതു സംബന്ധിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് എന്താണ് പുറത്ത് വിടാത്തത്. അതിനെക്കുറിച്ച് വി.ഡി സതീശനോട് ചോദിക്കു. കോണ്‍ഗ്രസിന്റെ പിന്തുണയിലൂടെയാണ് ബി.ജെ.പി ജയിച്ച് കയറിയത്,’ അദ്ദേഹം പറഞ്ഞു.
ആര്‍എസ്എസ് അഖിലേന്ത്യാ നേതാവ് ദത്താത്രേയ ഹൊസബളെയുമായി അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആര്‍എസ്എസ് സമ്പര്‍ക് പ്രമുഖ് എ ജയകുമാറാണ് കൂടിക്കാഴ്ച്ചയുടെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്. ദത്താത്രേയയുമായി കൂടിക്കാഴ്ച നടന്നതിന്റെ അടുത്ത ദിവസം തന്നെ സ്പെഷ്യല്‍ ബ്രാഞ്ച് ഇക്കാര്യം മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
ഇതിനുപുറമെ ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് റാം മാധവുമായി എഡിജിപി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴായിരുന്നു റാം മാധവുമായുള്ള കൂടിക്കാഴ്ച്ച. 2023 ഡിസംബര്‍ അവസാനത്തോടെയായിരുന്നു കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയുടെയും ഇടനിലക്കാരന്‍ ജയകുമാര്‍ തന്നെയായിരുന്നു.
തൃശൂര്‍ പൂരം കലക്കിയത് എഡിജിപിയും ബിജെപിയും ഗൂഡാലോചന നടത്തിയാണെന്ന ആരോപണം നിലനില്‍ക്കെയാണ് ആര്‍എസ്എസ് നേതാവുമായി രഹസ്യ ചര്‍ച്ച നടത്തിയതിനെ സിപിഎം നിസാരവല്‍ക്കരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയാണ് കൂടിക്കാഴ്ച്ചയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ALSO WATCH


