കൊല്ലം: പരിശോധനയ്ക്കിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന്. റൂറൽ എസ്പി സുനിലിനാണ് മേൽനോട്ട ചുമതല. ആരോഗ്യ മേഖലയിലെ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് നടപടി. അതേസമയം പ്രതി സന്ദീപിന്റെ ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നായി പൊലീസ് അറിയിച്ചു. പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതിയെ ഇരുപത്തിനാല് മണിക്കൂറും പൊലീസ് നിരീക്ഷിച്ച് വരുകയാണ്. ഇയാൾക്ക് യാതൊരുവിധ മാനസിക പ്രശ്നങ്ങളും ഇല്ലെന്നാണ് പൊലീസ് കണക്കാക്കുന്നത്. പ്രതി ലഹരി വസ്തുക്കൾ ഉപയോഗിച്ചതിനുള്ള തെളിവും പൊലീസിന് ലഭിച്ചിട്ടില്ല.
|
പൂജപ്പുര സെൻട്രൽ ജയിലിൽ പ്രത്യേക മുറിയിൽ ക്യാമറാ നിരീക്ഷണത്തിൽ കഴിയുന്ന പ്രതി സന്ദീപിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന നിലപാടിലുറച്ചിരിക്കുകയാണ് പൊലീസ്. ജയിലിൽ പ്രവേശിപ്പിച്ച ആദ്യ ദിവസം സെല്ലിനുള്ളിൽ അലറി വിളിച്ചതും, വന്ദനയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ ബഹളമുണ്ടാക്കിയതും വെറും അഭിനയമാണെന്നാണ് പൊലീസ് പറയുന്നത്. കൃത്യമായ ബോധ്യത്തോടെയാണ് പ്രതി കൃത്യം നിർവ്വഹിച്ചതെന്നും പൊലീസ് പറയുന്നു. ഇയാൾ മാരകമായ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നയാളാണെന്ന പ്രചരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
മദ്യം മാത്രം ഉപയോഗിക്കുന്നയാളാണ് സന്ദീപ്, മദ്യാസക്തി കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ലഹരി വിമുക്തി കേന്ദ്രത്തിലെ ചികിത്സയിൽ പോയത്. സന്ദീപ് ജയിലിനുള്ളിലെ വാർഡൻമാരുമായി കുടുംബത്തെ കുറിച്ച് സംസാരിച്ചു, ഇതൊക്കെയാണ് പൊലീസ് ഇയാൾ മാനസിക പ്രശ്നമുള്ളയാൾ അല്ലെന്ന നിഗമനത്തിലേക്ക് എത്തുന്നത്. ജയിലിലേ ഭക്ഷണം കഴിച്ച് തുടങ്ങിയ സന്ദീപിന്റെ ആരോഗ്യനില മെച്ചപ്പെട്ട് വരുകയാണ്, രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ കൗൺസിലിങ്ങിന് വിധേയമാക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.





