|
റിയാദ്: ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോഡ് തുകയ്ക്കാണ് പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ സൗദി ക്ലബ്ബ് അല്‍ നസറിലെത്തിയത്. ക്ലബ്ബിലേക്ക് ചേക്കേറിയതോടെ സോഷ്യല്‍ മീഡിയയില്‍ അല്‍ നസര്‍ റെക്കോഡ് കുതിപ്പ് നടത്തുകയാണ്. റൊണാള്‍ഡോയുടെ ജെഴ്‌സി വില്‍പ്പനയിലും ക്ലബ്ബ് റെക്കോഡിട്ടു.
എന്നാല്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍ താരത്തിന് സൗദിയിലെ ഒരു നിയമം തലവേദന സൃഷ്ടിക്കാന്‍ പോവുകയാണ്. നിയമപരമായി വിവാഹം ചെയ്തവര്‍ക്ക് മാത്രമേ സൗദിയില്‍ ഒരുമിച്ച് ജീവിക്കാന്‍ കഴിയൂ. ലിവിങ് ടുഗെതര്‍ റിലേഷനില്‍ കഴിയുന്ന റൊണാള്‍ഡോ-ജോര്‍ജ്ജീനാ റൊഡ്രിഗസ് ദമ്പതിമാര്‍ക്ക് ഇത് തിരിച്ചടിയാവുമെന്ന് ഉറപ്പ്.
രണ്ട് കുട്ടികളുടെ മാതാവായ ജോര്‍ജ്ജീന 2017 മുതല്‍ ക്രിസ്റ്റിയാനോയ്‌ക്കൊപ്പമാണ്. റൊണാള്‍ഡോയുടെ മറ്റ് മൂന്ന് കുട്ടികളും ഇവര്‍ക്കൊപ്പമാണ് താമസിക്കുന്നത്. സൗദിയില്‍ ലിവിങ് ടുഗെതര്‍ ബന്ധം നിയമലംഘനാണ്. ശിക്ഷ ലഭിക്കാവുന്ന കുറ്റം.
എന്നാല്‍ സൗദി കായിക ചരിത്രത്തെ തന്നെ മാറ്റിയെഴുതാന്‍ എത്തിയ റൊണാള്‍ഡോയ്ക്ക് ഭരണകൂടം ഇളവ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. വിദേശീയര്‍ക്ക് ഈ നിയമം കാര്യമായി ബാധിക്കില്ലെന്നാണ് ഇവിടെത്തെ അഭിഭാഷകര്‍ സൂചിപ്പിക്കുന്നത്. റൊണാള്‍ഡോയുടെ കേസില്‍ ഭരണകൂടം കണ്ണടച്ചേക്കുമെന്നും അഭിഭാഷകര്‍ സൂചിപ്പിക്കുന്നു.
റൊണാള്‍ഡോയും ജോര്‍ജ്ജീനയും ലോകകപ്പിന് ശേഷം വിവാഹം കഴിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും തമ്മിലുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ഇത് നീട്ടിവയ്ക്കുകയായിരുന്നു. സൗദിയിലെ മനുഷ്യാവകാശ വിഷയങ്ങളില്‍ ഇടപെടാന്‍ ആംനസ്റ്റി ക്രിസ്റ്റ്യാനോയോട് ആവശ്യപ്പെട്ടിരുന്നു.



