തിരുവനന്തപുരം: ലൈംഗിക പീഡനം നടത്തിയെന്ന നടിയുടെ പരാതിയില്‍ സിദ്ദിഖിനെതിരെ നിര്‍ണായക തെളിവ്.(Crucial evidence against Siddique; He was in the hotel on the alleged day) തന്നെ പീഡിപ്പിച്ചുവെന്ന് നടി ആരോപിച്ച ദിവസം സിദ്ദീഖ് ഹോട്ടലില്‍ ഉണ്ടായിരുന്നതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു.
|
മസ്‌ക്കറ്റ് ഹോട്ടലില്‍ നിന്നാണ് പൊലീസിന് നിര്‍ണായക തെളിവ് ലഭിച്ചത്. ഹോട്ടല്‍ രജിസ്റ്ററില്‍ സിദ്ദീഖിന്റെ പേരുള്ളതായി അന്വേഷണ സംഘം കണ്ടെത്തി. സന്ദര്‍ശക ഡയറില്‍ നടിയുടെ പേരും ഉണ്ട്. 2016 ജനുവരിയിലെ രജിസ്റ്റര്‍ അടക്കമുള്ള രേഖകളാണ് പരിശോധിക്കുന്നത്.
കേസില്‍ ഹോട്ടലില്‍ ജീവനക്കാരുടെ അടക്കം മൊഴികള്‍ രേഖപ്പെടുത്തും. സംഭവം നടന്നത് വര്‍ഷങ്ങള്‍ക്ക് മുമ്പാണെന്നതിനാല്‍ സിസിടിവി ദൃശ്യങ്ങള്‍ അടക്കമുള്ള സാങ്കേതിക തെളിവുകള്‍ ലഭിക്കാന്‍ പ്രയാസമാണ്. എങ്കിലും നടി കേസിനാസ്പദമായ ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെയുണ്ടായിരുന്നു എന്ന് തെളിഞ്ഞതോടെ ആരോപണത്തിന് ബലമേറും.
ALSO READ: സിദ്ദീഖിനെതിരായ ആരോപണം അതീവ ഗുരുതരം; ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം
എട്ട് വര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഹോട്ടലില്‍ വച്ചു പീഡിപ്പിച്ചെന്നാണ് നടിയുടെ ആരോപണം. പരാതിയില്‍ ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരുന്നു. ആരോപണത്തില്‍ നടിക്കെതിരെയും സിദ്ദിഖ് പരാതി നല്‍കിയിട്ടുണ്ട്.
ആരോപണത്തിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ട്. ഇത് അന്വേഷിക്കണമെന്നാണ് സിദ്ദിഖ് പരാതില്‍ ആവശ്യപ്പെടുന്നത്. ഡിജിപിക്കാണ് സിദ്ദിഖ് പരാതി നല്‍കിയത്. വ്യത്യസ്ത സമയങ്ങളിലാണ് രേവതി സമ്പത്ത് ആരോപണം ഉന്നയിക്കുന്നത്. ബലാത്സംഗ ആരോപണം ഉന്നയിച്ചത് ഇപ്പോള്‍ മാത്രമാണ്. ആരോപണള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താത്പര്യമാണെന്നും പരാതിയില്‍ സിദ്ദിഖ് ആരോപിച്ചിരുന്നു. അതേസമയം സിദ്ദിഖ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യത്തിന് അപേക്ഷിച്ചേക്കുമെന്നാണ് വിവരം.


