കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കട്ടരാമനെതിരെ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നരഹത്യാക്കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ വിധി.
|
ശ്രീറാം വെങ്കിട്ടരാമനെ നരഹത്യാക്കുറ്റത്തിൽ നിന്നും ഒഴിവാക്കിയ സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കുക, നരഹത്യാകുറ്റം ചുമത്തിയുള്ള കുറ്റവിചാരണയ്ക്ക് ഉത്തരവിടുക എന്നിവയാണ് സർക്കാർ അപ്പീലിൽ ആവശ്യപ്പെട്ടത്. ഇത് ഹൈക്കോടതി അംഗീകരിച്ചതോടെ ശ്രീറാമിനെതിരെ നരഹത്യാക്കുറ്റം ചുമത്തിയാവും വിചാരണ നടക്കുക.
കുറ്റപത്രത്തിലെ ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശം ഇല്ല എന്നാണെന്നും, അതിനാൽ തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ലന്നും, ഇത് സാധാരണ മോട്ടോർ വാഹന വകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നുമാണ് ശ്രീറാം വാദിച്ചത്. എന്നാൽ ശ്രീറാം രക്തപരിശോധനയ്ക്ക് വിസമ്മതിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാർ ചൂണ്ടിക്കാട്ടി.
2019 ആഗസ്റ്റ് മൂന്ന് പുലർച്ചെ് ഒരു മണിക്കാണ് 2013 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തായ വഫയും സഞ്ചരിച്ചിരുന്ന കാർ ഇടിച്ച് സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ബഷീർ മരിച്ചത്.





