21
Sep 2022
Mon
21 Sep 2022 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗ്രാമപഞ്ചായത്ത് ഓഫീസിലെ കസേരയിൽ ഇരുന്നതിന് ദലിത് യുവാവിന് സവര്‍ണ ജാതിക്കാരുടെ ക്രൂര മര്‍ദനം. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ ചൗക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ശനിയാഴ്ചയാണ് സംഭവം. ആക്രമണത്തില്‍ 30കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റതായി ഇയാളുടെ ഭാര്യയും പഞ്ചായത്ത് ഉദ്യോഗസ്ഥനും പറഞ്ഞു.

 

ജില്ലാ ആസ്ഥാനത്ത് നിന്ന് 10 കിലോമീറ്റർ അകലെ മാറ്റ്ഗുവാൻ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നടന്ന സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ബിജാവര്‍ സബ് ഡിവിഷനൽ പൊലീസ് ഓഫീസർ രഘു കേസ്രി പറഞ്ഞു.

 

എന്നാൽ, കസേരയിൽ ഇരുന്നതിന് ദലിത് യുവാവിനെ ഒരു സംഘം മർദിച്ചെന്ന വാദം അദ്ദേഹം നിഷേധിച്ചു, സംഭവം യുവാവും പ്രതിയും തമ്മിലുള്ള മുന്‍വൈരാഗ്യം മൂലമാണെന്നാണ് ഉദ്യോഗസ്ഥന്‍റെ വാദം. എന്നാല്‍, ഈ വാദം ഇരയുടെ കുടുംബം തള്ളി. ശനിയാഴ്ച ഗ്രാമപഞ്ചായത്ത് ഓഫീസിലെ
കസേരയിലിരിക്കുകയായിരുന്ന തന്റെ ഭർത്താവിനെ രോഹിത് സിങ് താക്കൂർ എന്നയാളും സംഘവുമാണ് മര്‍ദിച്ചതെന്ന് 
യുവാവിന്‍റെ ഭാര്യ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

ഒരു ദലിതൻ തന്റെ മുന്നിലുള്ള കസേരയിൽ ഇരിക്കാൻ ധൈര്യപ്പെട്ടതെങ്ങനെയെന്ന് ചോദിച്ച പ്രതികള്‍, താക്കൂർമാർ മാത്രമേ കസേരയിൽ ഇരിക്കുകയുള്ളൂവെന്നും പറഞ്ഞു. തുടര്‍ന്ന് താക്കൂറും കൂട്ടാളികളും ചേർന്ന് തന്‍റെ ഭര്‍ത്താവിനെ മർദിക്കുകയായിരുന്നെന്നും മര്‍ദനത്തില്‍ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റതായും അവർ വ്യക്തമാക്കി.

 

കുടുംബത്തിന്റെ സുരക്ഷയില്‍ തനിക്ക് ഭയമുണ്ടെന്നും പൊലീസിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ലെന്നും അവർ പറഞ്ഞു. കപിൽ ധാരാ യോജനയ്ക്ക് കീഴിൽ ഒരു കിണർ നിർമിക്കുന്നതിനുള്ള പേപ്പറുകൾ സമർപ്പിക്കാനാണ് ദലിത് യുവാവ് ശനിയാഴ്ച തന്റെ ഓഫീസിലെത്തിയതെന്ന് ചൗക്ക ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അരവിന്ദ് കുമാർ അഹിർവാർ പറഞ്ഞു.

 

മര്‍ദനത്തില്‍ യുവാവിന്‍റെ തലയ്ക്ക് സാരമായ പരിക്കുകളും കൈകള്‍ക്ക് ഒടിവും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളും ഉണ്ടായെന്നും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും അഹിർവാർ പറഞ്ഞു. കാറിൽ പഞ്ചായത്ത് ഓഫീസിൽ വന്ന് കസേരയിൽ ഇരുന്നതിന്റെ പേരിലാണ് ദലിത് യുവാവിനെ പ്രതികള്‍ മർദിച്ചതെന്ന് ഗ്രാമ സർപഞ്ച് കൃഷ്ണ ഗോപാൽ അഹിർവാറും വ്യക്തമാക്കി.