16
Jun 2023
Sat
16 Jun 2023 Sat

ജാതിവിവേചനത്തിനെതിരേ പോരാടിയതിന് സൗത്ത് ഏഷ്യൻ യൂനിവേഴ്സിറ്റിയിൽ(എസ്എയു) നിന്ന് പുറത്താക്കപ്പെട്ട് ദലിതനായ പിഎച്ച്ഡി വിദ്യാർഥിക്ക് ഓക്സഫഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് സ്കോളർഷിപ്പ്. ചെന്നൈ സ്വദേശി ഭീംരാജ് എം എന്ന വിദ്യാർഥിക്കാണ് നിയമത്തിൽ എംഫിൽ നേടാൻ ഓക്സ്ഫഡിൽ നിന്ന് സ്കോളർഷിപ്പ് ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സുസ്ഥിര വികസനത്തിനു വേണ്ടിയുള്ള ഓക്സ്ഫഡ് ഇന്ത്യ കേന്ദ്രമാണ് ഭീംരാജിനെ രത്തൻഷാ ബോമാൻജി സായ്വാല സ്കോളർഷിപ്പിന് തിരഞ്ഞെടുത്തത്. സൗത്ത് ഏഷ്യൻ യൂനിവേഴ്സിറ്റിയിൽ എൻട്രൻസ് പരീക്ഷയിൽ ഒന്നാം റാങ്കോടെയായിരുന്നു യുവാവ് പിഎച്ച്ഡിക്ക് ചേർന്ന്ത്. 2017ൽ ഭീം രാജ് ചെന്നൈയിൽ നിന്ന് ഡൽഹിയിലെത്തി. സൗത്ത് ഏഷ്യൻ യൂനിവേഴ്സിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കുന്നിനായിരുന്നു ഇത്.

2018ൽ ജെആർഎഫ് ലഭിച്ചിരുന്നു ഭിംരാജിന്. 2020ൽ ഡോക്ടറേറ്റ് നേടാൻ ഇവിടെ തന്നെ ചേർന്നു. ഒക്ടോബറിൽ യൂനിവേഴ്സിറ്റിയിൽ ഓൺലൈനായി ക്ലാസ് ആരംഭിക്കുകയും 2021ൽ ഓഫ് ലൈൻ ക്ലാസ് തുടങ്ങുകയും ചെയ്തു. ക്ലാസ് ആരംഭിച്ചതിനു ശേഷമാണ് ജെആർഎഫ് സ്കോളർഷിപ്പ് തുക ലഭിക്കുന്നതിൽ വരുന്ന കാലതാമസം ഭിംരാജിനെ ബുദ്ധിമുട്ടിലാക്കിയത്. സെമസ്റ്റർ ഫീസായ 45000 രൂപ കണ്ടെത്താനാവാതെ വന്നതോടെ വീട്ടുകാർ സ്വർണം പണയംവച്ച് ഈ പണം നൽകി. കോഴ്സിനു ചേർന്ന് എട്ടുമാസത്തിനു ശേഷമാണ് അധികൃതർ ജെആർഎഫ് സ്കോളർഷിപ്പിനായി തന്റെ യുജിസി വിശദാംശങ്ങൾ അപ് ലോഡ് ചെയ്തതെന്ന് യുവാവ് പറയുന്നു.

2021 ഏപ്രിൽ 23ന് ജെആർഎഫ് സ്കോളർഷിപ്പ് ലഭിക്കാത്തതു ചൂണ്ടിക്കാട്ടി അധികൃതർക്ക് ഭീംരാജ് കത്ത് നൽകി. ഈ സമയത്താണ് യൂനിവേഴ്സിറ്റിയിലെ പിജി വിദ്യാർഥികളുടെ സ്റ്റൈപ്പൻഡ് വെട്ടിക്കുറച്ചതിനെതിരേ പ്രതിഷേധമുയർന്നത്. ഭിംരാജും മറ്റൊരു വിദ്യാർഥിയായ ഉമേഷും ചേർന്ന് 80 വിദ്യാർഥികൾക്കിടയിൽ സർവേ നടത്തി സ്റ്റൈപ്പൻഡ് വെട്ടിക്കുറയ്ക്കൽ അവരെ എങ്ങനെ ബാധിച്ചുവെന്ന് സർവേ നടത്തിയത് അധികൃതരെ പ്രകോപിപ്പിച്ചു. വിദ്യാർഥികളുടെ പ്രതിഷേധം ഡിസംബർ മാസം വരെ നീണ്ടു. ഡിസംബറിൽ ഭിം​രാജ് യൂനിവേഴ്സിറ്റിയിൽ താൻ നേരിടുന്ന പീഡനത്തെക്കുറിച്ച് ദേശീയ പട്ടിക ജാതി കമ്മീഷന് പരാതി നൽകി. ഇതിനു പിന്നാലെ ഇരുവർക്കുമെതിരേ സർവകലാശാല നടപടി സ്വീകരിച്ചു.

ഇതിനെതിരേ ഭിംരാജും ഉമേഷും യൂനിവേഴ്സിറ്റിക്കെതിരേ ഹൈക്കോടതിയെ സമീപിച്ചു. കേസിപ്പോൾ കോടതി മുമ്പാകെയാണ്. ഇതിനിടെയാണ് ഭിംരാജിന് ഓക്സഫഡ് യൂനിവേഴ്സിറ്റിയിൽ സ്കോളർഷിപ്പോടെ പ്രവേശനം ലഭിച്ചത്.മാലിന്യ നിക്ഷേപകേന്ദ്രങ്ങളിലെ ഇന്ത്യൻ നിയമസംവിധാനങ്ങളുടെ വിവേചനം എന്നതാണ് ഭിംരാജ് ഓക്സ്ഫഡിൽ ചെയ്യുന്ന എംഫിൽ വിഷയം.

ബാബാസാഹിബ് അംബേദ്കറുടെ അനുയായിയാണ് ഭിംരാജിന്റെ പിതാവ്. പോസ്റ്റ്മാസ്റ്ററായി ജോലി ചെയ്യുന്ന അദ്ദേഹത്തിന്റെ നാലുമക്കളിൽ രണ്ടാമനാണ് ഭിംരാജ്.അംബേദ്കറുടെ ആശയം പോലെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം ചെയ്യുന്ന കുടുംബമാണ് തന്റേതെന്നും ഭീംരാജ് പറയുന്നു. തമിഴ്നാട്ടിലെ ഡോ. അംബേദ്കർ ലോ യൂനിവേഴ്സിറ്റിയിൽ നിന്നാണ് ഭിംരാജ് നിയമത്തിൽ ബിരുദം നേടിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക