01
Aug 2023
Tue
01 Aug 2023 Tue

ഹരിയാനയില്‍ VHP യാത്ര സംഘര്‍ഷത്തില്‍ മുങ്ങി, വ്യാപക അക്രമം; രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു; പള്ളിക്ക് തീയിട്ട് ഇമാമിനെ കൊന്നു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രോഹ്തക്: ഹരിയാനയില്‍ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച യാത്ര സംഘര്‍ഷത്തിലും വ്യാപക അക്രമത്തിലും കലാശിച്ചു. സംഘര്‍ഷത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. പൊലീസിലെ രണ്ടു ഹോം ഗാര്‍ഡുകളാണ് മരിച്ചത്. പത്തിലേറെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. ഗുരുഗ്രാമിന് സമീപം നൂഹിലാണ് സംഘര്‍ഷമുണ്ടായത്.

പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ ജീവനോടെ തീക്കൊളുത്തിക്കൊന്ന സംഭവത്തില്‍ പിടികിട്ടാപ്പുള്ളിയായ മോനു മനേസര്‍ എന്ന മോഹിത് യാദവ് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നു. ഇതു ചോദ്യംചെയ്ത് ഒരു സംഘം രംഗത്തെത്തിയതിനു പിന്നാലെയാണ് വ്യാപകമായ അക്രമസംഭവങ്ങള്‍ ആരംഭിച്ചത്.

അക്രമികള്‍ കല്ലെറിയുകയും കാറുകള്‍ക്ക് തീയിടുകയും ചെയ്തു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പൊലീസ് നടപടിയില്‍ 20ഓളം പേര്‍ക്ക് പരിക്കേറ്റു. പ്രശ്‌നം രൂക്ഷമായതോടെ ആരാധനാലയത്തില്‍ 2500 ഓളം പേര്‍ അഭയം പ്രാപിച്ചു.

ഗുരുഗ്രാംആള്‍വാര്‍ ദേശീയ പാതയില്‍ വെച്ച് മതപരമായ ഘോഷയാത്ര ഒരു സംഘം യുവാക്കള്‍ തടയുകയും ഘോഷയാത്രയ്ക്ക് നേരെ കല്ലേറുണ്ടാകുകയുമായിരുന്നു. ഒരുവിഭാഗം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആക്ഷേപകരമായ വീഡിയോയാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഘര്‍ഷത്തിന് പിന്നാലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി റദ്ദാക്കുകയും കൂട്ടം കൂടുന്നത് നിരോധിക്കുകയും ചെയ്തു. പ്രദേശത്ത് കനത്ത സുരക്ഷ തുടരുകയാണ്.

ഹരിയാനയില്‍ സംഘര്‍ഷത്തിനിടെ അക്രമിസംഘം പള്ളിക്കുനേരെ വെടിവയ്ക്കുകയും അഗ്‌നിക്കിരയാക്കുകയും ചെയ്തു. സംഭവത്തില്‍ പള്ളിയിലെ ഇമാം വെന്തുമരിച്ചതായാണ് റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ നാലുപേരാണ് ഇതുവരെ കൊല്ലപ്പെട്ടത്.