31
Apr 2026
Sun
31 Apr 2026 Sun
vedantha power plant

ഛത്തീസ്ഗഢിലെ ശക്തി ജില്ലയില്‍ വേദാന്ത ലിമിറ്റഡിന്റെ പവര്‍ പ്ലാന്റിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു തൊഴിലാളി കൂടി ഞായറാഴ്ച പുലര്‍ച്ചെ മരിച്ചതോടെയാണിത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റായ്ഗഡ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ഉത്തര്‍പ്രദേശ് സോന്‍ഭദ്ര സ്വദേശി മനീഷ് കുമാറാണ് മരിച്ചത്. നിലവില്‍ 11 പേര്‍ റായ്ഗഡിലെയും റായ്പൂരിലെയും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഏപ്രില്‍ 14-നാണ് സിംഗിതാരായ് ഗ്രാമത്തിലെ പ്ലാന്റില്‍ സ്‌ഫോടനമുണ്ടായത്. ബോയിലറില്‍ നിന്ന് ടര്‍ബൈനിലേക്ക് ഉയര്‍ന്ന മര്‍ദ്ദത്തിലുള്ള നീരാവി കൊണ്ടുപോകുന്ന സ്റ്റീല്‍ പൈപ്പ് പൊട്ടിത്തെറിച്ചായിരുന്നു അപകടം. പൈപ്പിന് സമീപം ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

മരണസംഖ്യ ഉയരുന്നു

അപകടം നടന്ന ദിവസം തന്നെ നാല് തൊഴിലാളികള്‍ സംഭവസ്ഥലത്ത് വെച്ച് മരിച്ചിരുന്നു. ഒമ്പത് പേര്‍ ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങി. ഏപ്രില്‍ 15-ന് ഏഴ് പേരും, 16-ന് ഒരാളും, ശനിയാഴ്ച രണ്ട് പേരും ചികിത്സയിലിരിക്കെ മരിച്ചു.

മരിച്ചവരുടെ വിവരങ്ങള്‍:
പശ്ചിമ ബംഗാള്‍: 7 പേര്‍
ഛത്തീസ്ഗഢ്: 5 പേര്‍
ജാര്‍ഖണ്ഡ്: 4 പേര്‍
ഉത്തര്‍പ്രദേശ്: 4 പേര്‍
ബിഹാര്‍: 2 പേര്‍
മധ്യപ്രദേശ്: 2 പേര്‍

വേദാന്ത ഗ്രൂപ്പ് ചെയര്‍മാനെതിരെ കേസ്

അശ്രദ്ധമൂലമുള്ള മരണം, യന്ത്രസാമഗ്രികള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

വേദാന്ത ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അഗര്‍വാള്‍, പ്ലാന്റ് ഹെഡ് ദേവേന്ദ്ര പട്ടേല്‍ എന്നിവരുള്‍പ്പെടെ പത്തോളം പേര്‍ക്കെതിരെയാണ് കേസ്. അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ അവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് ശക്തി എസ്പി പ്രഫുല്‍ താക്കൂര്‍ അറിയിച്ചു.

അന്വേഷണം തുടരുന്നു

ബോയിലര്‍ ഫര്‍ണസിനുള്ളില്‍ അമിതമായി ഇന്ധനം അടിഞ്ഞുകൂടിയത് മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനും തുടര്‍ന്ന് സ്‌ഫോടനത്തിനും കാരണമായെന്നാണ് പ്രാഥമിക സാങ്കേതിക പരിശോധനയില്‍ കണ്ടെത്തിയത്. ഫോറന്‍സിക് റിപ്പോര്‍ട്ടും ഇത് ശരിവെക്കുന്നു.

മുഖ്യമന്ത്രി വിഷ്ണു ദേവ് സായിയുടെ നിര്‍ദ്ദേശപ്രകാരം ബിലാസ്പൂര്‍ ഡിവിഷണല്‍ കമ്മീഷണര്‍ അന്വേഷണം ആരംഭിച്ചു. ജില്ലാ ഭരണകൂടം മജിസ്റ്റീരിയല്‍ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, പ്രതികള്‍ക്കെതിരെ നരഹത്യയ്ക്ക് തുല്യമായ കര്‍ശനമായ വകുപ്പുകള്‍ ചുമത്തണമെന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക