കൊച്ചി: വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിച്ചില്ലെങ്കില്‍ കേരളത്തിലെ എംപിമാരെ മതമൗലിക വാദികളായി കണക്കാക്കുമെന്ന് ദീപിക മുഖപ്രസംഗം. (Deepika editorial in support of the waqf amendment bill ) ബില്ലിനെ കുറിച്ച് സിപിഐഎമ്മിനും കോണ്‍ഗ്രസിനും ഇനിയും മനസ്സിലായിട്ടില്ലെങ്കില്‍ ഒന്നും പറയാനില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
|
മുനമ്പത്തെ ജനങ്ങളെ സഹായിക്കുമെന്ന് പറയുന്ന ഭരണപക്ഷവും പ്രതിപക്ഷവും പാര്‍ലമെന്റില്‍ ഇരട്ടത്താപ്പ് കാണിക്കുകയാണ്. ചില സമുദായങ്ങളുടെ വോട്ട് പരമ്പരാഗതമായി തങ്ങള്‍ക്കുള്ളതാണെന്നും മറ്റു ചിലരുടേത് കാലാകാലങ്ങളില്‍ പരിഗണിച്ചില്ലെങ്കില്‍ നഷ്ടപ്പെടും എന്നുള്ള ധാരണയാകാം കോണ്‍ഗ്രസിനും സിപിഐഎമ്മിനുമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
വഖഫ് ഭേദഗതിയെ പിന്തുണക്കാത്തവര്‍ക്ക് ക്രിസ്ത്യന്‍ സമുദായത്തിന്റെ വോട്ട് ലഭിക്കില്ലെന്ന ഭീഷണി സ്വരമാണ് മുഖപ്രസംഗത്തിലുള്ളത്.
വഖഫ് ഭേദഗതി ബില്‍ സര്‍ക്കാര്‍ എപ്പോള്‍ വേണമെങ്കിലും പാര്‍ലമെന്റില്‍ വെക്കും. ഇന്ത്യ മുന്നണി അതിനെ എതിര്‍ക്കുകയാണെങ്കില്‍ മുനമ്പത്തെ നൂറുകണക്കിന് കുടുംബങ്ങളെ തെരുവിലിറക്കാന്‍ ഇടയാക്കിയ വഖഫ് നിയമം ഭേദഗതി ചെയ്യാന്‍ കോണ്‍ഗ്രസിനോടും സിപിഐഎമ്മിനോടും ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
‘വഖഫ്-പാര്‍ലമെന്റിലെ മതേതരത്വ പരീക്ഷ’ എന്ന തലക്കെട്ടോടുകൂടിയാണ് മുഖപ്രസംഗം. ഭേദഗതിയെ അനുകൂലിച്ചില്ലെങ്കില്‍ മതേതരത്വ തലമുറയോട് കണക്ക് പറയേണ്ടിവരുമെന്നും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.
‘ബില്ല് പാസാക്കിയാല്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് ഹാരിസ് ബീരാന്‍ എംപി പറഞ്ഞു. തീര്‍ച്ചയായും അവര്‍ക്കതിന് അവകാശമുണ്ട്.
പക്ഷേ, ഭരണഘടന ഉറപ്പുനല്‍കുന്ന ഇതേ അവകാശത്തിനുവേണ്ടിയാണ് മുനമ്പത്തെ മനുഷ്യര്‍ സമരപ്പന്തലില്‍ ഇരിക്കുന്നതെന്നുകൂടി മനസിലാക്കിയാല്‍ കൊള്ളാം. ഭൂമി കൈവശപ്പെടുത്തിയ മതബോര്‍ഡിനെതിരെ അതിന്റെ ഭാഗമായ ട്രൈബ്യൂണലിനെ സമീപിക്കുന്നതിനു പകരം നേരിട്ടു കോടതിയില്‍ പോകാന്‍ ഇരകള്‍ക്കു സാധിക്കണം. ഈ രാജ്യത്തെ നിയമം അനുസരിച്ചു കാശുകൊടുത്തു വാങ്ങിയ ഭൂമിക്കുവേണ്ടി മറ്റൊരു മതത്തിന്റെയും ട്രൈബ്യൂണല്‍ പടിക്കല്‍ കാത്തുകെട്ടി കിടക്കേണ്ട ഗതികേട് ഹാരിസ് ബീരാന്‍ ഉള്‍പ്പെടെയുള്ള വഖഫ് ആരാധകര്‍ക്കില്ല’, മുഖപ്രസംഗത്തില്‍ പറയുന്നു.


