ചത്തീസ്ഗഢില്‍ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട രൂപതയുടെ പള്ളികളില്‍ ഇടയലേഖനം. അറസ്റ്റില്‍ പ്രതിഷേധം തുടരുമെന്ന് ഇതില്‍ പറയുന്നു. ജാമ്യം ലഭ്യമായാലും നിയമക്കുരിക്കൂലൂടെ മുന്നോട്ട് പോകേണ്ടി വരുന്ന കന്യാസ്ത്രീകളുടെ അവസ്ഥ പ്രതിഷേധാര്‍ഹമാണെന്ന് ഇടയലേഖനം വ്യക്തമാക്കുന്നു.
|
പാര്‍ലമെന്റിന് അകത്തും പുറത്തും പ്രതിഷേധം ഉണ്ടായിട്ടും കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടില്ലെന്ന് ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തല്‍. കന്യാസ്ത്രീകളുടെ മോചനത്തില്‍ കേന്ദ്രസര്‍ക്കാരോ ഛത്തീസ്ഗഡ് സര്‍ക്കാരോ ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നത് നിരാശാജനകമാണ്. രാജ്യത്തെ നിയമങ്ങള്‍ക്കും മത സ്വാതന്ത്രത്തിനും എതിരായി വ്യക്തികളെ ഭീഷണിപ്പെടുത്തുന്നതും അന്യായമായി തടവില്‍ വയ്ക്കുന്നതും ആള്‍ക്കൂട്ട വിചാരണ നടത്തുന്നതും എതിര്‍ക്കപ്പെടണം.
ന്യൂനപക്ഷങ്ങള്‍ക്കെതിരായ അടിച്ചമര്‍ത്തലുകളെ മുളയിലെ നിയന്ത്രിക്കണമെന്നും ഇടയ ലേഖനത്തില്‍ പരമാര്‍ശം.
രൂക്ഷവിമര്‍ശനവുമായി ദീപിക
ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബജ്റംഗ് ദള്ളിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമര്‍ശനവുമായി ദീപിക മുഖപ്രസംഗം. ബജ്റംഗ് ദള്‍ ഭീകരപ്രസ്ഥാനമെന്നും അക്രമം അഴിച്ചുവിട്ട ജ്യോതി ശര്‍മ്മയ്‌ക്കെതിരെ ഒരു പെറ്റിക്കേസ് പോലും ഇല്ല എന്നും ‘ദീപിക’ വിമര്‍ശിക്കുന്നു.
പാകിസ്ഥാനില്‍ ഹിന്ദു-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അതേ സ്ഥിതിവിശേഷമാണ് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ തീവ്രഹിന്ദുത്വ സംഘടനകളില്‍ നിന്ന് നേരിടുന്നതെന്നും മതം പറഞ്ഞ് കൊലപ്പെടുത്തിയവരെ അതിര്‍ത്തി കടന്ന് നേരിട്ട രാജ്യം, അതിര്‍ത്തിക്കുള്ളിലെ വര്‍ഗീയവാദികള്‍ക്ക് മുന്നില്‍ പത്മാസനത്തിലിരിക്കുന്നുവെന്നും ദീപിക മുഖപ്രസംഗത്തില്‍ രൂക്ഷമായി വിമര്‍ശിക്കുന്നു.
നിരപരാധികളായ രണ്ട് കന്യാസ്ത്രീകള്‍ 52 തടവുകാര്‍ക്കൊപ്പം ജയിലിന്റെ തറയില്‍ കിടത്തപ്പെട്ടു. ഇതാണ് സബ്കാ സാത്, സബ്കാ വികാസ് എന്നും ‘ദീപിക’ പരിഹസിക്കുന്നു.
ഗ്രഹാം സ്റ്റെയിന്‍സിനെതിരായ ആക്രമണം ചൂണ്ടിക്കാട്ടി ബജ്രംഗ്ദള്‍ എത്രയോ ആക്രമണങ്ങള്‍ ഇത്തരത്തില്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തിയിട്ടുണ്ടെന്ന് ‘ദീപിക’ പറയുന്നു. ഇവര്‍ക്ക് കാവല്‍ നില്‍കുന്നത് തങ്ങളല്ലേ എന്ന് കേന്ദ്രം ഭരിക്കുന്നവര്‍ ആത്മപരിധോധന നടത്തണം. ഹിന്ദുത്വ ആള്‍കൂട്ടവിചാരണകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ബുള്‍ഡോസര്‍ രാജും ഇപ്പോഴും നിലനില്‍ക്കുന്നു. കന്യാസ്ത്രീകളെ അകത്താക്കിയതും പുറത്തിറക്കിയതും ആരാണെന്ന് എല്ലാ ക്രിസ്ത്യാനികള്‍ക്കും അറിയാം. ഇത് തുടങ്ങിയിട്ട് എത്ര നാളായി എന്നും അറിയാം. കിട്ടിയ അവസരം മുതലെടുത്ത് കന്യാസ്ത്രീകളുടെ മാവോയിസ്റ്റ് ബന്ധം അന്വേഷിക്കാനും ക്രൈസ്തവ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്താനും ആവശ്യപ്പെട്ട് ചിലര്‍ വന്നു. അവര്‍ ഭരണഘടനയെന്ന് കരുതി എന്തോ ചിന്താധാര വായിച്ചിട്ടുണ്ടാകുമെന്നും ‘ദീപിക’ വിമര്‍ശിക്കുന്നു.
കന്യാസ്ത്രീകളുടെ വിഷയത്തില്‍ കേരളം രാജ്യത്തിന് വലിയ സന്ദേശം നല്‍കി എന്നും മുഖപ്രസംഗത്തിലുണ്ട്. രാജ്യത്തിന്റെ മതേതര വീണ്ടെടുപ്പ് സാധ്യമാണ് എന്ന സന്ദേശം കേരളം നല്‍കി.
അതേസമയം കന്യാസ്ത്രീകള്‍ക്കെതിരായ കേസ് റദ്ദാക്കുന്നതില്‍ ഹൈക്കോടതിയെ സമീപിക്കുക വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷം മതിയെന്നാണ് കത്തോലിക്കാ സഭയുടെ തീരുമാനം. ഇക്കാര്യത്തില്‍ സഭ നിയമ വിദഗ്ധരുമായി അടക്കം ചര്‍ച്ച നടത്തും. കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് പാര്‍ലമെന്റിലും പ്രതിഷേധം ശക്തമാക്കുവാനാണ് പ്രതിപക്ഷ തീരുമാനം.
English News Summary
A pastoral letter has been issued in churches of the Irinjalakuda diocese protesting the arrest of nuns in Chhattisgarh. It states that the protest against the arrest will continue. The pastoral letter makes it clear that the situation of the nuns, who have to proceed through legal channels even if they are granted bail, is deplorable.


