ഡല്‍ഹി കലാപം: തെളിവിന്റെ ഒരു കണിക പോലുമില്ല; ആറു മുസ്ലിം യുവാക്കളെ കുറ്റവിമുക്തരാക്കി കോടതി | Delhi riots muslims acquitted
|
ന്യൂഡല്‍ഹി: 2020ല്‍ CAA സമരത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന കലാപവുമായി ബന്ധപ്പെടുത്തി അറസ്റ്റ്‌ചെയ്ത ആറു മുസ്ലിം യുവാക്കളെ കുറ്റവിമുക്തരാക്കി. (After four years, Delhi court acquitted six Muslim youths who were arrested and jailed during the 2020 Delhi riots, citing a lack of substantial evidence against them). ഹാഷിം അലി, അബൂബക്കര്‍, മുഹമ്മദ് അസീസ്, റാഷിദ് അലി, നിസാമുദ്ദീന്‍, മുഹമ്മദ് ദാനിശ് എന്നിവരെയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി പുലസ്തിയ പ്രമാചല കുറ്റവിമുക്തരാക്കി ഉത്തരവിട്ടത്. കൊള്ള, അക്രമം, വീട് തകര്‍ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇവരെ ജയിലിലടച്ചത്. കലാപവും ആയുധം കൊണ്ടുള്ള ആക്രമണവും സംബന്ധിച്ച 148, 380, 427, 435, 436, 149, 188 എന്നീ വകുപ്പുകള്‍ പ്രകാരം കരാവല്‍ പൊലിസ് സ്റ്റേഷന്‍ ആണ് ഇവര്‍ക്കെതിരേ കേസെടുത്തിരുന്നത്.
കലാപത്തിനിടെ ഹിന്ദുത്വവാദികള്‍ ആക്രമിച്ച് തകര്‍ത്ത ശിവ് വിഹാറിലെ മദീനാ മസ്ജിദ് കെയര്‍ടേക്കറായിരുന്നു ഹാഷിം അലി. ഇദ്ദേഹത്തിന്റെ വീടുകള്‍ കലാപത്തിനിടെ ഹിന്ദുത്വവാദികള്‍ തകര്‍ത്തിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ഹാഷിം അലി തീവ്ര ഹിന്ദുത്വസംഘടനകള്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതുനിലനില്‍ക്കെയാണ് അക്രമസംഭവങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഹാഷിം അലിയെ അറസ്റ്റ്‌ചെയ്തത്. ഇതുള്‍പ്പെടെയുള്ള കേസുകളിലാണ് കഴിഞ്ഞദിവസം കോടതി വിധി പറഞ്ഞത്.
പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ ഡിജിറ്റല്‍, വിഡിയോ തെളിവുകള്‍ ഹാജരാക്കിയെങ്കിലും ശാസ്ത്രീയ പരിശോധനയിലും ഈ വിഡിയോ ക്ലിപ്പുകളിലും പ്രതികളുടെ സാന്നിധ്യവും പങ്കും തെളിയിക്കാനായിട്ടില്ലെന്നും പ്രതികളെ ഒരുസാക്ഷിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും കോടതി വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ തെളിവിന്റെ കണികപോലുമില്ലെന്നും കോടതി വ്യക്തമാക്കി.
വഖഫ് ബോര്‍ഡിന്റെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കാനൊരുങ്ങി കേന്ദ്രം; ഇന്ന് പാര്‍ലമെന്റില്‍ ബില്ല്
പ്രതികളുടെ കോള്‍ റെക്കോഡുകളും ആ സമയത്തെ ലൊക്കേഷനും പരിശോധിച്ചെങ്കിലും കുറ്റകൃത്യത്തില്‍ അവരുടെ പങ്ക് തെളിയിക്കുന്ന ഒന്നും കണ്ടെത്താനായില്ല. സാഹചര്യത്തെളിവുകള്‍ ഇല്ലാത്തതിനാലും കുറ്റം തെളിയിക്കുന്നതില്‍ പ്രോസികൂഷന്‍ പരാജയപ്പെട്ടതിനാലും ഇവരെ വെറുതെവിടുന്നുവെന്ന് വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി.
ശിവ് വിഹാറിലെ ശ്രീ നരേഷ് ചന്ദിന്റെ വസ്തുവകകള്‍ തകര്‍ത്തുവെന്നായിരുന്നു പ്രതികള്‍ക്കെതിരായ ആരോപണം. ഇതിന്റെതെന്ന് അവകാശപ്പെട്ട് വിഡിയോ ദൃശ്യങ്ങളും പ്രോസികൂഷന്‍ സമര്‍പ്പിച്ചെങ്കിലും അവ്യക്തമായ വിഡിയോ ദൃശ്യങ്ങളില്‍ പ്രതികളുടെ രൂപം വ്യക്തമാകാതിരുന്നതോടെ കോടതി ഇവ തള്ളി. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ആണ് ഇവരുടെ കേസുകള്‍ നടത്തിയത്.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 250 ഓളം കേസുകളാണ് ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ് നടത്തുന്നത്. കോടതിവിധിയെ ജംഇയ്യത്തുല്‍ ഉലമായ ഹിന്ദ് സ്വാഗതംചെയ്തു.
Delhi 2020 riots 6 muslimx acquitted after no evidence found


