29
Aug 2024
Tue
29 Aug 2024 Tue
Waqf amendment bill

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമത്തിനെതിരേ കടുത്ത പ്രതിഷേധവുമായി ഇന്ത്യന്‍ മുസ്ലിംസ് ഫോര്‍ സിവില്‍ റൈറ്റ്‌സ്(ഐഎംസിആര്‍) ദേശീയ സമ്മേളനം.(Delhi conference calls for collective resistance against Waqf Amendment Bill)  പാര്‍ലമെന്റ് അംഗങ്ങള്‍, നിയമ വിദഗ്ധര്‍, വിവിധ സമുദായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഗാലിബ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്ന പരിപാടിയില്‍ സംബന്ധിച്ച്. വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനുള്ള ആസൂത്രിത ശ്രമമാണ് ഇതെന്ന് സമ്മേളനം വിശേഷിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഷയം വളരെ ഗുരുതരമാണെന്ന് യോഗത്തില്‍ സംസാരിച്ച എഎപി എംപിയും ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി(ജെപിസി) അംഗവുമായ സഞ്ജയ് സിങ് യോഗത്തില്‍ സംസാരിച്ചുകൊണ്ട് പറഞ്ഞു. നിര്‍ദിഷ്ട ബില്ല് മുസ്ലിംകള്‍ക്കു മാത്രമല്ല, സിഖുകാര്‍, ബുദ്ധ മതക്കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഭൂരിപക്ഷ വിഭാഗമായ ഹിന്ദുക്കള്‍ക്കു പോലും ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മതവിഭാഗങ്ങളുടെ സ്വത്തുക്കള്‍ക്കു മേല്‍ കൈയേറ്റം നടത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമത്തിനെതിരേ യോജിച്ചുള്ള പോരാട്ടം വേണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ബില്ലിനെ എതിര്‍ക്കുന്ന പാര്‍ട്ടി നിലപാട് കോണ്‍ഗ്രസ് എംപി നസീര്‍ ഹുസൈന്‍ ഊന്നിപ്പറഞ്ഞു. ഈ പോരാട്ടത്തില്‍ ഒരു മതേതര മുന്നണി ആവശ്യമാണെന്നും മുഴുവന്‍ മുസ്ലിം സംഘടനകളും സമുദായങ്ങളും അതില്‍ കൈകോര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ALSO READ:വഖ്ഫ് ബില്ല്: സംയുക്തസമിതിയില്‍ ഉവൈസിയെ കൂട്ടി, ബില്ലിനെതിരെ ആഞ്ഞടിച്ച് സംസാരിച്ച ET പുറത്ത്; ലീഗിന് അതൃപ്തി | Waqf Bill

ബില്ല് പൂര്‍ണമായും തള്ളിക്കളയണമെന്ന് ആള്‍ ഇന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി മൗലാന ഫസലുര്‍ റഹ്‌മാന്‍ ആവശ്യപ്പെട്ടു. സമുദായത്തെ കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നില്‍. മുന്‍ കേന്ദ്രമന്ത്രി കെ റഹ്‌മാന്‍ ഖാനും ഇതേ നിലപാടാണ്.

സമ്മേളനത്തിന്റെ പ്രമേയം ജെപിസിക്ക് മുന്നിലെത്തിക്കണമെന്ന് മുന്‍ എംപിയും ഐഎംസിആര്‍ ചെയര്‍മാനുമായ മുഹമ്മദ് അദീബ് ആഹ്വാനം ചെയ്തു. ഭരണഘടന സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ തെരുവിലിറങ്ങിയുള്ള പ്രതിഷേധമാണ് വേണ്ടതെന്ന് സുപ്രിം കോടതി അഭിഭാഷകന്‍ മഹ്‌മൂദ് പ്രാച്ച അഭിപ്രായപ്പെട്ടു.

സക്കാത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ പ്രതിനിധി ഡോ. സഫര്‍ മഹ്‌മൂദ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിച്ചു. ഒമ്പതു ലക്ഷത്തോളം ഏക്കര്‍ വഖഫ് സ്വത്തുക്കള്‍ ഭീഷണിയിലാണെന്ന് അദ്ദേഹം പറഞ്ഞു. യോജിച്ചുള്ള പ്രക്ഷോഭത്തിന് യോഗം ആഹ്വാനം ചെയ്തു. വഖഫ് ഭേദഗതി ബില്ലിനെതിരായ പോരാട്ടം പാര്‍ലമെന്റിനകത്തും പുറത്തും ശക്തിപ്പെടുത്താനും സമ്മേളനത്തില്‍ പ്രതിനിധികള്‍ തീരുമാനിച്ചു.

സാമൂഹിക പ്രവര്‍ത്തക സെയ്ദ ഹമീദ്, ലക്ഷദ്വീപ് എംപി ഹംദുല്ല സഈദ്, സമാജ്‌വാദി പാര്‍ട്ടി എംപിമാരായ സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖ്, മുഹീബുല്ല നദ്‌വി, മുന്‍ ഐഎഎസ് ഓഫിസര്‍ ഹസീബ് അഹ്‌മദ്, ജമാഅത്തെ ഇസ്ലാമി പ്രതിനിധി ഇനാമുര്‍ റഹ്‌മാന്‍, ജാവേദ് ഇഖ്ബാല്‍, സാജിദ് പീര്‍വാല തുടങ്ങിയവര്‍ സംബന്ധിച്ചു.