30
May 2024
Fri
30 May 2024 Fri

ഡൽഹി: പരമശിവന് നമ്മുടെ സംരക്ഷണം ആവശ്യമില്ലെന്നും കൈയേറ്റഭൂമിയില്‍ നിര്‍മിച്ച ക്ഷേത്രം പൊളിക്കാമെന്നും ഡല്‍ഹി ഹൈക്കോടതി. യമുനാതീരത്തെ കൈയേറ്റം ഒഴിപ്പിച്ചാല്‍ ഭഗവാന്‍ കൂടുതല്‍ സന്തുഷ്ടനാകുമെന്നും, ക്ഷേത്രം പൊളിക്കുന്നത് ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി തള്ളി ജസ്റ്റിസ് ധര്‍മേഷ് ശര്‍മയുടെ സിംിഗള്‍ ബെഞ്ച് പറഞ്ഞു. ഡല്‍ഹി ഗീതാ കോളനിയില്‍ യമുനാതീരത്തെ ശിവക്ഷേത്രം പൊളിക്കാനാണ് ഡല്‍ഹി ഡവലപ്‌മെന്റ് അതോറിറ്റി(ഡി.ഡി.എ)ക്ക് അനുമതി നല്‍കിയത്. ക്ഷേത്രം പൊളിക്കാനുള്ള ഡി.ഡി.എയുടെ നീക്കത്തിനെതിരേ പ്രാചീന്‍ ശിവമന്ദിര്‍ അവാം അഖാഢാനല്‍കിയ ഹരജിയാണ് കോടതി തള്ളിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിശേഷദിവസങ്ങളില്‍ ചില പ്രത്യേക ചടങ്ങുകള്‍ നടക്കാറുണ്ടെന്ന കാരണത്താല്‍ മാത്രം പൊതുപ്രാധാന്യമുള്ള സ്ഥലമാണിതെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ക്ഷേത്രത്തിലെ പ്രതിഷ്ഠയായ പരമശിവനെ കേസില്‍ കക്ഷിയാക്കണമെന്ന ഹരജിക്കാരുടെ ആവശ്യം നിരസിച്ച കോടതി, നിക്ഷിപ്തതാല്‍പര്യക്കാര്‍ക്ക് വേണ്ടി വിഷയത്തിന് മറ്റൊരു നിറം നല്‍കാനുള്ള ശ്രമമാണിതെന്നും ചൂണ്ടിക്കാട്ടി.

തര്‍ക്കഭൂമി പൊതുതാല്‍പര്യത്തിലുള്ള വിഷയമാണെന്നും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്കു വേണ്ടി ആ സ്ഥലം കൈയേറാന്‍ സൊസൈറ്റിക്ക് അവകാശമില്ലെന്നും കോടതി വ്യക്തമാക്കി. നഗരവികസന മന്ത്രാലയത്തിന്റെ സോണ്‍ ‘ഒ’ വികസന പദ്ധതി പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്നതാണ് ഈ ഭൂമിയും. യമുന നദിയെ പുനരുജ്ജീവിപ്പിക്കാനായി 2021ല്‍ ആരംഭിച്ച ഡല്‍ഹി മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഒരുപാട് നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. അതിന്റെ ഭാഗമായാണു കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

Delhi HC On Plea Against Demolition Of Unauthorised Temple