30
Mar 2023
Sun
30 Mar 2023 Sun

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തി ഡൽഹി പൊലീസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ കശ്മീരിൽ നടത്തിയ പ്രസംഗത്തിൽ, പീഡനത്തിനിരയായ പെൺകുട്ടികൾ തന്നെ വന്ന് കണ്ട് പ്രശ്‌നങ്ങൾ പറഞ്ഞിരുന്നുവെന്നുള്ള രാഹുലിന്റെ പ്രസ്താവനയിൽ വിവരങ്ങൾ തേടാനാണ് പൊലീസ് എത്തിയത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാജ്യസഭ എംപിമാരായ അഭിഷേക് മനു സിങ്വി, ജയറാം രമേഷ് എന്നിവരും രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തിയിട്ടുണ്ട്. ഇരകളുടെ വിവരങ്ങൾ നൽകണമെന്നാവശ്യപ്പെട്ട് ഈ മാസം 15ന് നോട്ടീസ് നൽകിയിരുന്നുവെങ്കിലും പ്രതികരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് മണിക്കൂർ കാത്ത് നിന്നെങ്കിലും രാഹുൽ പൊലീസിനെ കാണാൻ തയ്യാറായില്ല. തുടർന്ന് നോട്ടീസ് കൈമാറി പൊലീസ് മടങ്ങി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പീഡനത്തിനിരയായ പെൺകുട്ടികൾ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാൽ തങ്ങളുടെ വിവരങ്ങൾ പൊലീസിന് കൈമാറരുതെന്ന് അവർ അഭ്യർത്ഥിച്ചിരുന്നുവെന്നുമാണ് രാഹുൽ പറഞ്ഞത്. ഇത് വലിയ വാർത്തയായതോടെ ഡൽഹി പൊലീസ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ അദ്ദേഹം ഇതിൽ പ്രതികരിച്ചിട്ടില്ല. ഇതോടെയാണ് വിവരങ്ങൾ തേടി പോലീസെത്തിയത്.

സ്‌പെഷ്യൽ പൊലീസ് കമ്മീഷണർ ഉൾപ്പടെയുള്ളവരാണ് രാഹുൽ ഗാന്ധിയിൽ നിന്ന് വിവരങ്ങൾ തേടാൻ എത്തിയത്. രണ്ടു മണിക്കൂറോളമായി കമ്മീഷണർ രാഹുൽ ഗാന്ധിയുടെ വീട്ടിലുണ്ട്. ഇതുവരെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിട്ടില്ല.

പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. രാഹുൽ ഗാന്ധിക്ക് എതിരായ നീക്കം ഫാഷിസ്റ്റ് നടപടിയെന്ന് അശോക് ഗെലോട്ട് പ്രതികരിച്ചു. രാഹുൽ ഗാന്ധിയെ ഭയപ്പെടുത്തി വിവരങ്ങൾ തേടാനാണ് പൊലീസ് ശ്രമിക്കുന്നത്.ഡൽഹി പൊലീസിന് പിന്നിൽ കേന്ദ്ര സർക്കാരെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര കുറ്റപ്പെടുത്തി. എന്നാൽ പെൺകുട്ടികളുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ രാഹുൽ ഗാന്ധിക്ക് വീണ്ടും നോട്ടീസ് അയക്കാനാണ് പൊലീസ് തീരുമാനം.

 

രാഹുൽഗാന്ധിയുടെ ഡൽഹിയിലെ വീട്ടിൽ രണ്ടുമണിക്കൂറോളം പോലീസിന്റെ സാന്നിധ്യം. പീഡനത്തിനിരയായ പെൺകുട്ടികൾ തങ്ങളുടെ ദുരവസ്ഥ നേരിട്ട് വന്ന് കണ്ട് അറിയിച്ചുവെന്ന കശ്മീരിലെ പ്രസംഗത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് പൊലീസ് എത്തിയത്.