27
Oct 2024
Sun
27 Oct 2024 Sun
PV Anwar planning to join UDF

മലപ്പുറം: പോലീസ് സേനയിലെ ആര്‍എസ്എസ്, ക്രിമിനല്‍ വല്‍ക്കരണത്തിനെതിരേ പടക്കിറങ്ങിയ പി വി അന്‍വര്‍ എംഎല്‍എയുടെ പുതിയ പാര്‍ട്ടി ഇന്ന് പിറവിയെടുക്കും.(Democratic Movement of Kerala; Anwar’s party announcement today)  ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ)യുടെ പ്രഖ്യാപനം ഇന്ന് മഞ്ചേരിയില്‍ നടക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈയില്‍ ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് അന്‍വറിന്റെ പാര്‍ട്ടിയുടെ പേര് പുറത്തുവന്നത്. ഇന്നു മഞ്ചേരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ പേരും നയനിലപാടുകളും പ്രഖ്യാപിക്കും.

ഇന്നലെ വൈകുന്നേരമാണ് അന്‍വര്‍ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയത്. മുഖ്യമന്ത്രിക്കെതിരെ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ കേരളാ ഡിഎംകെ നേതാക്കള്‍ അ്ന്‍വറിനെ കണ്ടിരുന്നു. അന്‍വറിന്റെ മകന്‍ റിസ്വാന്‍ കഴിഞ്ഞ ദിവസം ചെന്നൈയിലെത്തി ഡിഎംകെ നേതാവ് സെന്തില്‍ ബാലാജിയെ കണ്ടു. ഇതിന് പിന്നാലെയാണ് അന്‍വര്‍ ചെന്നൈയിലെത്തി ഡിഎംകെ നേതാക്കളെ കണ്ടത്.

ALSO READ: ഡിഎംകെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍; രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനു മുന്നോടിയായി സുപ്രധാനനീക്കം

ഡി.എം.കെ നേതാക്കളായ സെന്തില്‍ ബാലാജി, നീലഗിരി എം.പി അണ്ടിമുത്തുരാജ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം സ്റ്റാലിനെ കണ്ടത്. ഡി.എം.കെയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് തീരുമാനമെന്ന് അന്‍വറുമായി അടുത്ത കേന്ദ്രങ്ങള്‍ നേരത്തേ പറഞ്ഞിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് അന്‍വര്‍ സുപ്രധാന രാഷ്ട്രീയനീക്കത്തിനായി ചെന്നൈയിലേക്കു തിരിച്ചത്. ഡി.എം.കെയുമായി സഹകരണം ഉറപ്പുവരുത്തിയതോടെ ദേശീയ രാഷ്ട്രീയവുമായി പുതിയ പാര്‍ട്ടിയെ ബന്ധിപ്പിക്കുക എന്നതാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ ഇന്ത്യാ മുന്നണിയുമായും പരോക്ഷമായി യുഡിഎഫുമായും സഹകരിക്കാനാവുമെന്നാണ് അന്‍വര്‍ കണക്കു കൂട്ടുന്നത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ മതേതര നേതാവാണ് സ്റ്റാലിനെന്ന് അന്‍വര്‍ കൂടിക്കാഴ്ചക്കുശേഷം പ്രതികരിച്ചു. പൊളിറ്റിക്കല്‍ ‘നെക്‌സസി’നെതിരെ പടപൊരുതാനുള്ള ഒരു സംവിധാനം മഞ്ചേരിയില്‍ പിറവിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദ്രാവിഡ മുന്നേറ്റ കഴകവുമായുള്ള അന്‍വറിന്റെ ഡി.എം.കെയുടെ സഹകരണം എങ്ങനെയായിരിക്കുമെന്ന് ഞായറാഴ്ച മഞ്ചേരിയില്‍ നടക്കുന്ന സമ്മേളനത്തില്‍ വിശദീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്‍വറിന്റെ നിയമസഭ മണ്ഡലം തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്നതാണ്. അദ്ദേഹത്തിന് തമിഴ്‌നാടുമായി ബിസിനസ് ബന്ധവും ഉണ്ട്.

മലയോരമേഖലയിലെ വന്യമൃഗശല്യം അദ്ദേഹം ഏറ്റെടുക്കുന്ന പ്രധാന വിഷയമാണ്. തമിഴ്‌നാട് പരിധിയിലെ വനവുമായി കേരളത്തിലെ മലയോര മേഖലയിലെ വന്യമൃഗപ്രശ്‌നത്തിന് ബന്ധമുണ്ട്. ഇത് പരിഹരിക്കാന്‍ തമിഴ്‌നാട് ഭരണകൂടത്തിന്റെ പിന്തുണ ഉപകരിക്കുമെന്നാണ് വിലയിരുത്തല്‍. അതിലൂടെ മണ്ഡലത്തില്‍ വലിയ രാഷ്ട്രീയ മൈലേജ് ഉണ്ടാക്കാനും കഴിയും.

കേരളത്തില്‍ യു.ഡി.എഫ് അന്‍വറിന്റെ നീക്കങ്ങളെ ഗൗരവത്തിലെടുത്തിട്ടുണ്ട്. അന്‍വറിനെ ആദ്യം തള്ളിപ്പറഞ്ഞ മുസ്‌ലിംലീഗ് കരുതലോടെയാണ് ഇപ്പോള്‍ സംസാരിക്കുന്നത്. കോണ്‍ഗ്രസും അന്‍വറിന്റെ കാര്യത്തില്‍ പൂര്‍ണമായും വാതിലടച്ചിട്ടില്ല.

അതേസമയം, നിയമസഭയില്‍ പ്രതിപക്ഷത്തിനൊപ്പമിരിക്കില്ലെന്നും സ്വതന്ത്രനായി നില്‍ക്കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. അതിനിടെ സി.പി.എം അന്‍വറിനെതിരായ പ്രചാരണം കടുപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്