കല്പറ്റ: അച്ചടക്കലംഘനത്തിന് മുസ്ലിംലീഗ് വയനാട് ജില്ല ട്രഷറര്‍ യഹ്യാഖാന്‍ തലക്കലിനെതിരെ നടപടി. ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിയുടെ വലംകൈയ്യായ അദ്ദേഹത്തെ ട്രഷറര്‍ സ്ഥാനമുള്‍പ്പെടെ പാര്‍ട്ടി പദവികളില്‍നിന്ന് നീക്കിയതായി സംസ്ഥാനകമ്മിറ്റി അറിയിച്ചു. മുസ്ലിം ലീഗ് വയനാട് ജില്ല ഭാരവാഹികളുടെ വാട്സ്ആപ് ഗ്രൂപ്പില്‍ സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ പരാമര്‍ശം നടത്തിയ സംഭവത്തിലാണ് നടപടി. അന്വേഷണ വിധേയമായാണ് നടപടിയെന്ന് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
|
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെയും പി.കെ. കുഞ്ഞാലിക്കുട്ടിയെയും അധിക്ഷേപിക്കുന്ന തരത്തില്‍ ഭാരവാഹികളുടെ വാട്സ്ആപ് ഗ്രൂപ്പിലാണ് വിമര്‍ശനം നടത്തിയത്. താനൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കുഞ്ഞാലിക്കുട്ടിയും സാദിഖലി തങ്ങളും നില്ക്കുന്ന ഫോട്ടോ അധിക്ഷേപകരമായ അടിക്കുറിപ്പോടെ ഗ്രൂപ്പിലിടുകയായിരുന്നു. രാഷ്ട്രീയപരമായി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ട സമയത്ത് പിണറായിയെ ഇരു നേതാക്കളും സ്വീകരിച്ചതായി ചൂണ്ടിക്കാട്ടിയാണ് പരിഹാസം. യഹ്യാഖാന്റെ പരാമര്‍ശം ഗ്രൂപ്പില്‍ ചര്‍ച്ചയായതിന് പിറകെ വിശദീകരണമൊന്നും ചോദിക്കാതെ നടപടി സ്വീകരിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്.
താനൂര്‍ ബോട്ടപകടമുണ്ടായ ഉടന്‍ സ്ഥലത്തെത്തിയ കുഞ്ഞാലിക്കുട്ടി, താന്‍ മുഖ്യമന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം അടുത്ത ദിവസം താനൂരിലെത്തുമെന്നും പറഞ്ഞിരുന്നു. അടുത്ത ദിവസം മുഖ്യമന്ത്രി പിണറായി വിജയന് താനൂരിലെത്തി, ആശുപത്രിയിലും മറ്റും സന്ദര്‍ശനം നടത്തുകയും മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടപ്പോള്‍ സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഇടത്തും വലത്തുമായി ഒപ്പമുണ്ടായിരുന്നു. ഈ ഫോട്ടോ ഉപയോഗിച്ചായിരുന്നു വിമര്‍ശനം.
അതേസമയം, ജില്ല ഭാരവാഹികള്‍ മാത്രം ഉള്‍പ്പെട്ട ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത അഭിപ്രായത്തിന്റെ പേരില്‍ എങ്ങനെയാണ് സമൂഹമാധ്യമത്തില്‍ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ച് നടപടിയെടുക്കുക എന്നാണ് യഹ്യാഖാനെ അനുകൂലിക്കുന്ന വിഭാഗം ചോദിക്കുന്നത്. നേരത്തേ രണ്ടുതവണ പാര്‍ട്ടിയില്‍ അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണിദ്ദേഹം. ഒരുതവണ സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിലായിരുന്നു നടപടി.





