പുതിയ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ സക്കീര്‍ വിശ്വാസിയാണോ? അല്ലെന്ന് സമസ്ത നേതാവ് ബഹാഉദ്ദീന്‍ നദ്‌വി, ആണെന്ന് കെ.ടി ജലീല്‍
|
മലപ്പുറം: പുതിയ വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. മുഹമ്മദ് സക്കീറിന്റെ വിശ്വാസത്തെ ചൊല്ലി തര്‍ക്കം. സക്കീര്‍ വിശ്വാസിയല്ലെന്നും നിരീശ്വരവാദിയാണെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാവും ദാറുല്‍ ഹുദാ പ്രിന്‍സിപ്പാളുമായ ബഹാഉദ്ദീന്‍ നദ്‌വി വാദിക്കുമ്പോള്‍, സക്കീര്‍ നല്ല വിശ്വാസിയാണെന്ന് ഇടതുപക്ഷ എം.എല്‍.എ കെ.ടി ജലീലും അവകാശപ്പെടുന്നു. സമസ്തയില്‍ പൊതുവേ ലീഗിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചുവരാറുള്ള ബഹാഉദ്ദീന്‍ നദ്‌വിയാണ് സക്കീറിന്റെ വിശ്വാസം ആദ്യം ചര്‍ച്ചയാക്കിയത്. ഇസ്‌ലാമിക നിയമ സംഹിതകളും പ്രമാണങ്ങളും സംബന്ധിച്ച് പൊതുവെയും വഖ്ഫ് നിയമങ്ങളെക്കുറിച്ച് സവിശേഷമായും കൃത്യമായ പരിജ്ഞാനമുള്ളവരായിരിക്കണം വഖ്ഫ് ചുമതലകള്‍ ഏല്പിക്കപ്പെടേണ്ടതെന്ന് പറഞ്ഞാണ് നദ്‌വി ഫേസ്ബുക്കിലൂടെ വിഷയം ചര്‍ച്ചക്കിട്ടത്.
നദ്‌വിയുടെ വാക്കുകള്‍: മത വിഷയങ്ങളില്‍ അവഗാഹവും കാഴ്ചപ്പാടും ഇസ്‌ലാമിക ജീവിത രീതികളുമുള്ള വ്യക്തികള്‍ വഹിച്ചിരുന്ന കേരളത്തിലെ വഖ്ഫ് ചെയര്‍മാന്‍ പദവിയില്‍, മതനിരാസ വക്താക്കളും ദൈവത്തെ തള്ളിപ്പറയുന്നവരുമായവരെ നിയമിക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ പ്രത്യേകം താത്പര്യം കാണിക്കുന്നതിനു പിന്നിലെ അജണ്ട വ്യക്തമാണ്.
ഇസ്‌ലാമിക കര്‍മശാസ്ത്ര വിധി പ്രകാരം വഖ്ഫുമായി ബന്ധപ്പെട്ട ചുമതല നിര്‍വഹിക്കുന്നവര്‍ മതവിശ്വാസികളും ഇസ്‌ലാമിക നിയമങ്ങളോട് നീതി പുലര്‍ത്തുന്നവരും ആകണമെന്നു കണിശമായി നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍, ഏറെ സൂക്ഷ്മത പുലര്‍ത്തേണ്ട ഒരു പദവിയില്‍ മതബോധമോ സംസ്‌കാരമോ ഇല്ലാത്ത ഒരാളെ നിയമിക്കുക വഴി ഒരു സമുദായത്തെ തന്നെ അപഹസിക്കുന്ന സമീപനമാണ് ഇടതുസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇത്തരം സമീപനം സ്വീകരിക്കുന്ന സര്‍ക്കാര്‍, മതമൂല്യങ്ങളെ നിശ്ശേഷം ഉച്ചാടനം ചെയ്യാനുള്ള തീവ്ര യജ്ഞത്തിലാണെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാകില്ല. നീതി രഹിതമായ അധര്‍മങ്ങള്‍ വഴി ഒരു സമുദായത്തെ വഞ്ചിക്കുകയും അര്‍ഹമായ ആനുകൂല്യങ്ങള്‍ പോലും അവര്‍ക്ക് ഹനിക്കപ്പെടുകയും ചെയ്യുന്ന ഇത്തരം ദുഷ്പ്രവണത ഏറെ പ്രതിഷേധാര്‍ഹമാണ്. എന്നാണ് നദ്വി പറഞ്ഞത്.
ഈ പോസ്റ്റിന് താഴെ കമന്റായാണ് കെ.ടി ജലീല്‍, സക്കീറിന് വേണ്ടി വാദിച്ചത്. പിന്നാലെ സ്വന്തം വാളില്‍ പ്രത്യേക കുറിപ്പും പങ്കുവച്ചു. മുഹമ്മദ് സക്കീറിനെ കുറിച്ച് താങ്കള്‍ രേഖപ്പെടുത്തിയ അഭിപ്രായം തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം ഒരു മതനിഷേധിയോ ഇസ്ലാമിക ആരാധനാമുറകള്‍ അനുഷ്ഠിക്കാത്ത വ്യക്തിയോ അല്ലെന്നും ജലീല്‍ പറഞ്ഞു. ഏതെങ്കിലും സൈബര്‍ ഗുണ്ടകള്‍ പോസ്റ്റ് ചെയ്യുന്ന വസ്തുതാ വിരുദ്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അങ്ങയെപ്പോലെ മുതിര്‍ന്ന ഒരാള്‍ വിശ്വാസിയായ ഒരാളെ അവിശ്വാസിയെന്ന് മുദ്രകുത്തുന്നത് എന്തുമാത്രം പ്രയാസമുളവാക്കുന്നതാണെന്നും ജലീല്‍ പറഞ്ഞു.
ജലീലിന്റെ വാക്കുകള്‍: പൊന്നാനിക്കടുത്ത മാറഞ്ചേരിയിലെ പ്രസിദ്ധമായ മുസ്ലിം തറവാട്ടിലെ അംഗം. നല്ല നിയമ പരിജ്ഞാനമുള്ളയാള്‍. പെരുമാറ്റത്തില്‍ സൗമ്യന്‍. ഏതൊരു ‘അമാനത്തും’ വിശ്വസിച്ച് ഏല്‍പ്പിക്കാന്‍ എല്ലാ അര്‍ത്ഥത്തിലും യോഗ്യന്‍. വഖഫ് ബോര്‍ഡിന്റെ എക്കാലത്തെയും മികച്ച ചെയര്‍മാന്‍ മുന്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ: കെ.എ ജലീല്‍ സാഹിബാണെന്ന് ആര്‍ക്കാണറിയാത്തത്? വഖഫ് ബോര്‍ഡ് ഓഫീസിനെ ഒരു ഓഫീസാക്കി ചിട്ടപ്പെടുത്തിയത് ജലീല്‍ സാഹിബാണ്. ഇടതുപക്ഷ സര്‍ക്കാരാണ് അദ്ദേഹത്തെയും നിയോഗിച്ചത്. ജലീല്‍ സാഹിബിനെ മാറ്റി നിര്‍ത്തി വഖഫ് ബോര്‍ഡിന്റെ ചരിത്രമെഴുതാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
സക്കീര്‍ നിരീശ്വരവാദിയാണെന്ന് അങ്ങയോട് ആരാണ് പറഞ്ഞത്? അദ്ദേഹം ദൈവനിഷേധത്തിലൂന്നിയ വല്ല പ്രസ്താവനയും നടത്തിയത് താങ്കള്‍ക്ക് ചൂണ്ടിക്കാനാകുമോ? ഇസ്ലാമിനെയോ മറ്റു മതങ്ങളെയോ നിന്ദിച്ചും മുസ്ലിങ്ങള്‍ ഉള്‍പ്പടെ ഏതെങ്കിലും മതസമുദായങ്ങളെ തള്ളിപ്പറഞ്ഞും എപ്പോഴെങ്കിലും ഒരു പ്രതികരണം അദ്ദേഹം നടത്തിയത് അങ്ങയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് വെളിപ്പെടുത്തിയാല്‍ നന്നാകും. യഥാര്‍ത്ഥ വസ്തുത അറിയുന്നത് കൊണ്ടാണ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളോ ലീഗിന്റെ മറ്റു നേതാക്കളോ വഖഫ് ബോര്‍ഡ് ചെയര്‍മാനെ നിയമിച്ചതുമായി ബന്ധപ്പെട്ട് വിലകുറഞ്ഞ പ്രതികരണങ്ങള്‍ക്ക് മുതിരാത്തത്. അങ്ങയെപ്പോലെ ഒരു പണ്ഡിതന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ഉചിതമാണോ എന്ന് ശാന്തമായി ആലോചിക്കുക.





