കണ്ണൂർ: മകനെ ജാമ്യത്തിൽ ഇറക്കാൻ വന്ന വയോധികയായ അമ്മയ്ക്കുനേരെ ധർമടം പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ആക്രോശം. വയോധികയെ അസഭ്യം പറയുകയും ഇവർ വന്ന വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്‌തെന്ന് പരാതി. അമ്മയെ എസ്എച്ച്ഒ തള്ളിയിട്ടെന്നും കുടുംബം ആരോപിക്കുന്നു. ധർമടം സ്റ്റേഷനിലെ എസ്എച്ച്ഒ കെ.സ്മിതേഷിനെതിരെ സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകി. പിന്നാലെ സ്മിതേഷിനെ സർവീസിൽനിന്ന് സസ്‌പെന്റ് ചെയ്തു.
|
വാഹനം ഇടിച്ചെന്നാരോപിച്ച് കസ്റ്റഡിയിൽ എടുത്ത അനിൽ കുമാർ എന്നയാളെ ജാമ്യത്തിൽ ഇറക്കാൻ വന്ന സഹോദരനോടും അമ്മയോടുമാണ് സ്മിതേഷ് മോശമായി പെരുമാറിയത്. വനിതാ പോലീസുകാർ അടക്കം തടയാൻ ശ്രമിച്ചെങ്കിലും സ്മിതേഷ് വഴങ്ങിയില്ലെന്നും അനിൽ കുമാർ നൽകിയ പരാതിയിലുണ്ട്. സംഭവ സമയത്ത് സ്മിതേഷ് മദ്യലഹരിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിൻറെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. സർക്കാർ വാഹനം ദുരുപയോഗം ചെയ്തത് ഉൾപ്പെടെയുള്ള പരാതികൾ സ്മതേഷിനെതിരെ മുൻപും ഉയർന്നിരുന്നതായിട്ടാണ് വിവരം.
ഇന്നലെ രാത്രി നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അതിനിടെ, പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി സ്മിതേഷിനെ സസ്‌പെൻഡ് ചെയ്തു. അനിൽകുമാറിനെ ജാമ്യത്തിൽ ഇറക്കാനാണ് അമ്മയും സഹോദരനും സ്റ്റേഷനിൽ എത്തിയത്. എസ്എച്ച്ഒ ടീഷർട്ടും മുണ്ടും ധരിച്ച് മഫ്തിയിൽ ആയിരുന്നു. ‘എടുത്തോണ്ട് പോടാ’യെന്ന് ആക്രോശിക്കുന്നത് വിഡിയോയിൽ കേൾക്കാം. നിലത്തിരുന്ന അമ്മയെ എഴുന്നേൽപ്പിക്കാനുള്ള പൊലീസുകാരുടെ ശ്രമത്തിനിടെ അമ്മ ഹൃദ്രോഗിയാണെന്ന് മകൻ വിളിച്ചുപറയുന്നുണ്ട്. ‘എണീറ്റു പോകൂ’ എന്നാണ് സ്മിതേഷ് ആവശ്യപ്പെടുന്നത്. അമ്മയെ എന്തിനാണ് ചീത്ത വിളിക്കുന്നതെന്ന് മകൻ ചോദിക്കുന്നുണ്ട്. പലപ്പോഴും ആക്രോശിച്ചുകൊണ്ട് ‘എണീറ്റു പോകൂ’ എന്നാണ് സ്മിതേഷ് മറുപടി നൽകുന്നത്. വയ്യാത്ത സ്ത്രീയാണെന്നും എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടെന്നും സ്മിതേഷിനോട് സ്റ്റേഷനിലെ വനിതാ പൊലീസുകാർ പറയുന്നതും വിഡിയോയിൽ കേൾക്കാം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





