20
Jul 2025
Mon
20 Jul 2025 Mon
Dharmasthala

ബെംഗളൂരു: ധര്‍മസ്ഥലയിലെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് 20 വര്‍ഷത്തിനുള്ളില്‍ കാണാതായവരുടെ പട്ടിക തയ്യാറാക്കാന്‍ ഒരുങ്ങി പ്രത്യേക അന്വേഷണ സംഘം(എസ്‌ഐടി). ദുരൂഹ മരണങ്ങളുടേയും അജ്ഞാത മൃതദേഹങ്ങളുടേയും കണക്കുകളും ശേഖരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നിലവില്‍ ബെല്‍ത്തങ്ങാടി എസ്‌ഐടി ക്യാമ്പിന് കനത്ത സുരക്ഷ ഒരക്കിയിട്ടുണ്ട്. ലാന്‍ഡ് റെക്കോഡ്‌സ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍, വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ബെല്‍ത്തങ്ങാടി എസ്‌ഐടി ക്യാമ്പിലെത്തി വിവരങ്ങള്‍ കൈമാറി. ധര്‍മസ്ഥലയിലെ റിസര്‍വ്ഡ് വനത്തില്‍ അടക്കം വിവിധ സ്ഥലങ്ങളില്‍ മൃതദേഹം മറവ് ചെയ്‌തെന്നാണ് സാക്ഷിയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാവും അന്വേഷണം വ്യാപിപ്പിക്കുക.

ക്ഷേത്രപരിസരത്ത് മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന് പറയുന്നിടത്ത് അന്വേഷണസംഘം തിങ്കളാഴ്ച മണ്ണ് നീക്കി പരിശോധന നടത്തും. ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ ഉപയോഗിച്ച് പരിശോധിക്കാനാണ് തീരുമാനം. മൊഴിയെടുപ്പിനിടെ മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് എവിടെയെല്ലാമാണ് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി കൃത്യമായ സൂചനകള്‍ നല്‍കിയിരുന്നു.

ALSO READ: കുഴിച്ചുമൂടപ്പെട്ടതില്‍ സ്‌കൂള്‍ യൂണിഫോമിലുള്ള പെണ്‍കുട്ടിയും; നുണപരിശോധനയ്ക്ക് തയ്യാര്‍; ധര്‍മസ്ഥലയിലെ കൊലപാതകങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ തൊഴിലാളിയുടെ മൊഴി പുറത്ത്

രണ്ട് ക്യാമറകളിലായി റെക്കോര്‍ഡ് ചെയ്ത ഈ മൊഴികള്‍ കൃത്യമായി പരിശോധിച്ച ശേഷമാണ് പ്രത്യേക അന്വേഷണ സംഘം മണ്ണ് നീക്കി പരിശോധന നടത്തുന്നത്. ക്ഷേത്ര പരിസരങ്ങളിലും സമീപത്തെ വനപ്രദേശങ്ങളിലും പരിശോധന നടത്തും.

ആവശ്യമെങ്കില്‍ സാക്ഷിയെ വീണ്ടും വിളിച്ച് വരുത്തിയേക്കും എന്നാണ്. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു.

ധര്‍മസ്ഥലയിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം ധര്‍മസ്ഥല പൊലീസ് സ്റ്റേഷനിലെത്തി രേഖകള്‍ കൈപ്പറ്റിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ എസ്പിയാണ് എഫ്‌ഐആറും അനുബന്ധരേഖകളും ഏറ്റുവാങ്ങിയത്. ശുചീകരണ തൊഴിലാളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവിടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

Dharmasthala police station

അതേസമയം, ധര്‍മസ്ഥല കേസ് അന്വേഷിക്കുന്ന പ്രത്യേകാന്വേഷണ സംഘത്തില്‍ നിന്ന് ഏക വനിതാ ഐപിഎസ് ഉദ്യോഗസ്ഥ പിന്‍മാറി. ഡിസിപി സൗമ്യലതയാണ് എസ്‌ഐടിയില്‍ നിന്ന് പിന്‍മാറുന്നതായി കാണിച്ച് കത്ത് നല്‍കിയത്. വ്യക്തിപരമായ അസൗകര്യം ചൂണ്ടിക്കാണിച്ചാണ് കത്ത്.

ഡിജിപി പ്രണബ് കുമാര്‍ മൊഹന്തി നേതൃത്വം നല്‍കുന്ന ഇരുപത്തിനാലംഗ അന്വേഷണസംഘത്തില്‍ മറ്റൊരു വനിതാ ഉദ്യോഗസ്ഥയെ നിയമിക്കുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വര അറിയിച്ചു. ബെല്‍ത്തങ്ങാടിയിലെ ഐബി ക്യാമ്പ് ഓഫീസാക്കിയാകും എസ്‌ഐടി പ്രവര്‍ത്തിക്കുക.

ഉത്തര കന്നഡ, ചിക്കമംഗളൂരു, ഉഡുപ്പി എന്നീ ജില്ലകളില്‍ നിന്നടക്കമുള്ള ഇരുപത് ഉദ്യോഗസ്ഥരെക്കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തി ഇന്നലെ ആഭ്യന്തരവകുപ്പ് ഉത്തരവ് പുറത്തിറക്കിയിരുന്നു. വിപുലമായ അന്വേഷണം കേസില്‍ ആവശ്യമാകുമെന്ന് കണ്ടാണ് അന്വേഷണസംഘം വിപുലീകരിച്ചത്.

കര്‍ണാടകയിലെ ഏതെങ്കിലും സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത മിസ്സിംഗ് കേസുകള്‍ ആവശ്യമെങ്കില്‍ ഏറ്റെടുത്ത് അന്വേഷിക്കാന്‍ എസ്‌ഐടിക്ക് അധികാരമുണ്ടാകും.

നേത്രാവതി നദിക്ക് സമീപമാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചതെന്നും അവയില്‍ പലതും ബലാത്സംഗം ചെയ്ത് കൊന്നവയാണെന്നും ശുചീകരണ തൊഴിലാളി ആരോപിച്ചിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 211 (എ) പ്രകാരം ധര്‍മസ്ഥല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തെങ്കിലും തുടര്‍നടപടി ആരംഭിച്ചിരുന്നില്ല.

ALSO WATCH

2003ല്‍ ധര്‍മസ്ഥലയില്‍ കാണാതായ എംബിബിഎസ് വിദ്യാര്‍ഥി അനന്യ ഭട്ടിന്റെ അമ്മ സുജാത ഈ വെളിപ്പെടുത്തലിനു പിന്നാലെ പരാതി നല്‍കി. കഴിഞ്ഞ 11 ന്, പരാതിക്കാരന്‍ സ്വയം പുറത്തെടുത്തതായി അവകാശപ്പെട്ട് ചില അസ്ഥികൂട അവശിഷ്ടങ്ങള്‍ ബെല്‍ത്തങ്ങാടി കോടതിയില്‍ ഹാജരാക്കി. രഹസ്യ മൊഴിയും നല്‍കി. ഈ അസ്ഥികൂടവും പോലീസ് വിശദമായി പരിശോധിക്കും. അസ്ഥികൂടത്തിലെ മണ്ണിന്റെ സാംപികള്‍ പരിശോധിച്ച് കുഴിച്ചിട്ട സ്ഥലവുമായി ഒത്തുനോക്കും.

English News Sumary
The Special Investigation Team (SIT) is set to prepare a list of those missing in the past 20 years in connection with the mysterious deaths in Dharmasthala. It will also collect data on mysterious deaths and unidentified bodies.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക