ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ ദുരൂഹ മരണങ്ങള്‍ സംബന്ധിച്ച അന്വേഷണത്തില്‍ ഇന്ന് നിര്‍ണായക ഘട്ടം. ഇപ്പോള്‍ തിരച്ചില്‍ നടക്കുന്ന പതിമൂന്നാം പോയിന്റിലും പുതിയ വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍ അന്വേഷണം തുടരുന്നതില്‍ അര്‍ത്ഥമില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.
|
ഇന്നത്തെ പരിശോധനയിലും കാര്യമായൊന്നും കിട്ടിയില്ലെങ്കില്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ് സര്‍ക്കാര്‍. ഇത് സംബന്ധിച്ച് മന്ത്രിസഭയില്‍ ആലോചിച്ച് ഉചിത തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. റഡാര്‍ പരിശോധനയിലും മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ല.
പതിമൂന്നാമത്തെ പോയിന്റിലും മൃതദേഹം കിട്ടിയില്ലെങ്കില്‍ എസ്‌ഐടി അന്വേഷണം അവസാനിപ്പിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. നിയമസഭയിലാണ് സിദ്ധരാമയ്യ നിലപാട് വ്യക്തമാക്കിയത്. മന്ത്രിസഭയില്‍ ആലോചിച്ച് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക അന്വേഷണ സംഘത്തലവനെ ആഭ്യന്തരമന്ത്രി വിളിച്ചു വരുത്തി. അന്വേഷണം തുടരുന്നതിലെ ഔചിത്യം ആരാഞ്ഞു.
ALSO READ: സാന്ദ്രതോമസിന്റെ ഹരജി തള്ളി; അമ്മ ഭാരവാഹിത്വത്തിലേക്ക് മല്‍സരിക്കാനാവില്ല
പതിമൂന്നാമത്തെ പോയിന്റില്‍ ഇന്നലെ വിശദമായ പരിശോധന നടത്തിയിരുന്നു. രണ്ട് ജെസിബികള്‍ ഉപയോഗിച്ച് 18 അടി താഴ്ച്ചയിലും 25 അടി വിസ്താരത്തിലുമാണ് മണ്ണെടുത്തത്. 20 ടണ്‍ മണ്ണ് നീക്കം ചെയ്തു. രാവിലെ 11.30ന് ആരംഭിച്ച പരിശോധന രാത്രിയോടെയാണ് അവസാനിച്ചത്.
ഡ്രോണില്‍ ഘടിപ്പിച്ച ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയും നടന്നു. ഇതില്‍ എന്തെങ്കിലും വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. ഏറ്റവും കൂടുതല്‍ മൃതദേഹം കുഴിച്ചിട്ടെന്ന് സാക്ഷി വെളിപ്പെടുത്തിയ സ്ഥലമാണ് പതിമൂന്നാം പോയിന്റ്.
എസ്‌ഐടി മേധാവി പ്രണബ് മൊഹന്തി തിരച്ചിലിന് നേരിട്ട് നേതൃത്വം നല്‍കി. വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം 16 ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് എസ്‌ഐടി പരിശോധന നടത്തുന്നത്.
ആറാം നമ്പര്‍ സ്ഥലം ഒഴിച്ച് ഒരിടത്ത് നിന്നും മൃതദേഹം കുഴിച്ചുമൂടിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. ആറാം നമ്പര്‍ പോയിന്റില്‍ മനുഷ്യന്റെ പൊട്ടിയ താടിയെല്ലും ചില എല്ലിന്‍ കഷ്ണങ്ങളുമാണ് കിട്ടിയത്. എന്നാല്‍, ഇത് ആരുടേതാണെന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതയില്ല.


