18
Sep 2023
Sun
18 Sep 2023 Sun

കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിലെ നടൻ അലൻസിയറിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ധ്യാൻ ശ്രീനിവാസൻ. ഒരു സ്റ്റേജ് കിട്ടുമ്പോള്‍ പലർക്കും ഒന്ന് ആളാകാനും എന്തേലും പറഞ്ഞൊന്ന് ഷൈൻ ചെയ്യാനും തോന്നുമെന്നും അങ്ങനെയൊന്നായാണ് അലൻസിയറിന്‍റെ പ്രതികരണത്തെ താൻ കാണുന്നതെന്നും ധ്യാൻ പറഞ്ഞു. നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിന്‍റെ പ്രമോഷൻ സമയത്ത് മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ധ്യാനിന്‍റെ പ്രതികരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘അത്തരം ഒരു അഭിപ്രായം ഉണ്ടെങ്കിൽ പരിപാടിക്ക് പോകാതിരിക്കുക. ഇത് പോയി അവാർഡ് വാങ്ങുകയും ചെയ്തു. ഇത് പറയാൻ വേണ്ടി പോയത് പോലെ എനിക്ക് തോന്നി. ഒരു സ്റ്റേജ് കിട്ടുമ്പോള്‍ പലർക്കും ഒന്ന് ആളാകാനും എന്തേലും പറഞ്ഞൊന്ന് ഷൈൻ ചെയ്യാനും തോന്നും. എനിക്ക് അതിനെ അങ്ങനെയൊരു പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതായേ തോന്നിയുള്ളു.

ഇതിനെതിരെ നടപടിയെടുക്കേണ്ടത് ഞാനല്ല. അങ്ങനെയൊരു പരാതി വന്നിട്ടുണ്ടെങ്കിൽ നടപടി എടുക്കണം. സ്റ്റേറ്റ് അവാർഡ് നൽകുന്ന ചടങ്ങിൽ പോയി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ഇവിടുത്തെ സിസ്റ്റമാണ് അതിനെതിരെ നടപടി എടുക്കേണ്ടത്. നടപടി എടുക്കാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല.’- ധ്യാൻ ശ്രീനിവാസൻ വിശദമാക്കി.

ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് പെൺരൂപത്തിലുള്ള പ്രതിമ നൽകി അപമാനിക്കരുതെന്നായിരുന്നു സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അലന്‍സിയറുടെ പരാമർശം. പെൺപ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്നും നടൻ പറഞ്ഞിരുന്നു. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷമായിരുന്നു അലന്‍സിയറിന്‍റെ വിവാദ പരാമര്‍ശം.

സ്പെഷ്യൽ ജൂറി പരാമർശത്തിന് സ്വർണം പൂശിയ പുരസ്കാരം നൽകണം. തന്നെയും കുഞ്ചാക്കോ ബോബനേയും 25000 രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം. ആൺകരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആൺകരുത്തുള്ള ശില്പം തരണമെന്നും അലൻസിയർ പറഞ്ഞു. അങ്ങനെയൊരു പ്രതിമ തരുമ്പോൾ താൻ അഭിനയം നിർത്തുമെന്നുമായിരുന്നു അലന്‍സിയറുടെ പ്രസ്താവന. ഇതിനെതിരെ വൻ വിമർശനമാണ് രാഷ്ട്രീയ- സാമൂഹിക- സിനിമാ മേഖലയിൽ നിന്നടക്കം ഉണ്ടായത്.