25
Sep 2024
Fri
25 Sep 2024 Fri
malappuram police buy drug

മലപ്പുറം: മലപ്പുറം ജില്ലയിലെ ജില്ലാ മയക്കുമരുന്ന് വിരുദ്ധ സ്‌പെഷ്യല്‍ സേന(ഡാന്‍സാഫ്)യും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ഇടപാടിന്റെ ഞെട്ടിക്കുന്ന തെളിവുകള്‍ പുറത്തുവിട്ട് മീഡിയ വണ്‍.(Did Malappuram police buy drugs to trap innocent people? Shocking information)  മാരക മയക്കുമരുന്നുകള്‍ വാങ്ങാന്‍ മലപ്പുറത്തെ ഡാന്‍സാഫ് സംഘം ഇടപാടുകാരോട് ആവശ്യപ്പെടുന്ന ഓഡിയോ സന്ദേശം ചാനല്‍ പുറത്തുവിട്ടു. മയക്കുമരുന്ന് സംഘത്തിന് പൊലീസ് വാഹനത്തിന്റെ ബോര്‍ഡ് നല്‍കിയെന്നും സംഭാഷണത്തില്‍ നിന്നു വ്യക്തമാവുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബംഗളൂരുവില്‍ പോയി മടങ്ങുമ്പോള്‍ നൂറു ഗ്രാമുമായി വരാനാണ് ഡാന്‍സാഫ് സംഘം ആവശ്യപ്പെടുന്നത്. 40-50 ഗ്രാം കിട്ടിയാല്‍ പോരേ എന്നു ചോദിക്കുമ്പോള്‍ നൂറു ഗ്രാം മയക്കുമരുന്ന് വയനാട്ടില്‍ എത്തിച്ചുതരാനും നിര്‍ദേശിക്കുന്നുണ്ട്.

ALSO READ: കൂട്ടബലാല്‍സംഗം ചെറുത്ത നഴ്‌സ് ഡോക്ടറുടെ ജനനേന്ദ്രിയം മുറിച്ചു രക്ഷപെട്ടു

മയക്കുമരുന്ന് വാങ്ങുന്നതിനായി ലഹരി സംഘത്തെ കൂട്ടുപിടിക്കുക മാത്രമല്ല, അവരുടെ വാഹനത്തില്‍ വെക്കാന്‍ പൊലീസിന്റെ ഔദോഗിക ബോര്‍ഡും നല്‍കി. ലഹരി സംഘവും ഡാന്‍സാഫും ഒന്നിച്ച് കോവിഡ് കാലത്ത് ഉള്‍പ്പെടെ കേരളത്തിന് പുറത്തേക്ക് യാത്രകള്‍ നടത്തി. കോവിഡ് ബാധിച്ച ഉദ്യോഗസ്ഥനെ നലഹരിക്കേസ് പ്രതി ഫോണില്‍ വിളിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും പുറത്തുവന്നിരിക്കുകയാണ്.

പൊലീസിങ്ങിന്റെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ നിരവധി തെളിവുകള്‍ ശബ്ദരേഖയിലുണ്ട്. നിരപരാധികളെ ഡാന്‍സാഫ് മയക്കുമരുന്ന് കേസില്‍ കുടുക്കുന്നതായ നിരവധി പരാതികളാണ് മലപ്പുറത്തുള്ളത്.

ലഹരി കടത്തുകാരില്‍ നിന്ന് ഡാന്‍സാപ് മയക്കുമരുന്ന് വാങ്ങുന്നത് ഈ രീതിയില്‍ നിരപരാധികളെ കുടുക്കാന്‍ വേണ്ടിയാണോ എന്ന സംശയമാണ് ഉയരുന്നത്. മലപ്പുറത്തെ പോലീസ് സേന ജില്ലയിലെ കുറ്റകൃത്യങ്ങളുടെ എണ്ണം പെരുപ്പിച്ച് കാണിക്കാന്‍ മനപൂര്‍വ്വം കളിക്കുന്നതായി ആരോപണം ഉയരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

പോലീസ് യൂനിഫോമും നല്‍കി

പൊലീസ് ബോര്‍ഡ് മാത്രമല്ല യൂനിഫോമും ലഹരി സംഘത്തിനു നല്‍കിയിട്ടുണ്ടെന്ന് പി.വി അന്‍വര്‍ എംഎല്‍എ. ലഹരി കച്ചവടം നടത്താന്‍ റോ മെറ്റീരിയല്‍ എത്തിച്ചുകൊടുക്കുന്ന പൊലീസ് ഉണ്ട്. സുജിത് ദാസിന് ഉന്നതരുടെ പിന്തുണയുണ്ട്. മലപ്പുറത്ത് ഡാന്‍സാഫ് സംഘവും ലഹരിക്കടത്ത് മാഫിയയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അന്‍വര്‍.

വിദ്യാര്‍ഥികളുടെയും പൊതുപ്രവര്‍ത്തകരുടെയും ചെറുപ്പക്കാരുടെയും പൊതുവിഷയങ്ങളില്‍ ഇടപെടുന്ന ആളുകളുടെയെല്ലാം പേരിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇനിയും ഒരുപാട് കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. പൊലീസ് വണ്ടിയുടെ ബോര്‍ഡ് മാത്രമല്ല വേഷവും നല്‍കിയ കേസുകള്‍ പുറത്തുവരാനുണ്ട്. ലഹരി കച്ചവടം നടത്താന്‍ റോ മെറ്റീരിയല്‍ എത്തിച്ചുകൊടുക്കുന്ന പൊലീസുകാരുണ്ടെന്നും അന്‍വര്‍ വെളിപ്പെടുത്തി.

മലപ്പുറം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളില്‍ എത്ര പേരെ ശിക്ഷിച്ചിട്ടുണ്ടെന്നു പരിശോധിക്കണം. സത്യസന്ധമായി അന്വേഷിച്ചാല്‍ ഈ കേസുകള്‍ തെളിയും. പൊതു ഇടങ്ങളിലാണു മയക്കുമരുന്ന് വില്‍ക്കുന്നത്. ഇതൊന്നും രഹസ്യമല്ലെന്നും അങ്ങാടിപ്പാട്ടാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ പോരാട്ടത്തിന് പാര്‍ട്ടി പൂര്‍ണ പിന്തുണ നല്‍കുന്നുണ്ടെന്നും അതുകൊണ്ടാണ് സിപിഎം ഇപ്പോഴും തള്ളി പറയാത്തതെന്നും അന്‍വര്‍ പറഞ്ഞു.