അഹമ്മദാബാദ്: ഉന്നത് സ്ഥാനത്തിരിക്കുന്നവര്‍ മുതല്‍ സിനിമാ നടന്മാരെ അതിവിദഗ്ധമായി പറ്റിച്ച തട്ടിപ്പുകാര്‍ വലയില്‍. (Digital arrest: 17 including 4 Thaiwanese arrested for digital fraud) ‘ഡിജിറ്റല്‍ അറസ്റ്റ്’ നടത്തി രാജ്യത്തിന്റെ പല ഭാഗത്തും തട്ടിപ്പുനടത്തിയ 17 പേരെ അഹമ്മദാബാദ് സൈബര്‍ ക്രൈം സെല്‍ ആണ് പിടികൂടിയത്.
|
തട്ടിപ്പിനുള്ള ആപ്പ് തയ്യാറാക്കിയ നാല് തയ്‌വാന്‍ സ്വദേശികളും പിടിയിലായിട്ടുണ്ട്. രാഷ്ട്രീയ നേതാക്കള്‍, മതമേലധ്യക്ഷനാര്‍ ഉള്‍പ്പെടെ ആയിരത്തോളംപേരെ സംഘം തട്ടിപ്പിനിരയാക്കിയെന്നാണ് പ്രാഥമിക വിവരം.
തയ്വാന്‍ സ്വദേശികളായ മൂ ഷി സുങ് (42), ഷാങ് ഹു യുന്‍ (33), വാങ് ഷുന്‍ വെയ് (26), ഷെന്‍ വെയ് (35) എന്നിവരാണ് അറസ്റ്റിലായത്. ബാക്കി 13 പേര്‍ ഗുജറാത്ത്, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഒഡിഷ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്.
രാജ്യത്തെ അന്വേഷണ ഏജന്‍സികള്‍ വീഡിയോ കോളിലൂടെ ആരെയും അറസ്റ്റുചെയ്യില്ലെന്ന് ഇന്ത്യന്‍ സൈബര്‍ ക്രൈം കോഡിനേഷന്‍ സെന്റര്‍ കഴിഞ്ഞദിവസം ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. അതിന് ശേഷവും സംഘം പലരെയും വലയിലാക്കിയിട്ടുണ്ട്.
അഹമ്മദാബാദ് നഗരത്തിലെ പ്രായമായ വ്യക്തിയെ പത്തുദിവസം ‘ഡിജിറ്റല്‍ അറസ്റ്റു’ചെയ്ത് 79.34 ലക്ഷം രൂപ തട്ടിയ പരാതിയിലെ അന്വേഷണമാണ് സംഘത്തെ പിടികൂടാന്‍ സഹായിച്ചതെന്ന് പോലീസ് ജോയിന്റ് കമ്മിഷണര്‍ ശരദ് സിംഘല്‍ പറഞ്ഞു.
ട്രായ്, സി.ബി.ഐ., സൈബര്‍ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞാണ് തട്ടിപ്പുകാര്‍ പരാതിക്കാരനെ വീഡിയോ നിരീക്ഷണത്തിലാക്കിയത്. വിദേശസംഘം തയ്യാറാക്കിയ ആപ്പാണ് തട്ടിപ്പിന് ഉപയോഗിച്ചത്. ആദ്യം സാധാരണ നമ്പറില്‍ നിന്ന് കോള്‍ ചെയ്യുന്ന സംഘം പിന്നീട് വീഡിയോ കോളിലേക്ക് വരാനാണ് ആവശ്യപ്പെടുന്നത്. പുറത്ത് ആരുമായും ബന്ധപ്പെടരുതെന്നും നിര്‍ദേശിക്കും.
ദുബയിലെ ബാങ്ക് അക്കൗണ്ടുകളും ക്രിപ്‌റ്റോ വാലറ്റുകളും വഴി ഇരകളുടെ ഫണ്ട് കൈമാറാന്‍ തായ്‌വാന്‍ സ്വദേശികള്‍ തയ്യാറാക്കിയ ആപ്പാണ് ഉപയോഗിച്ചത്. പ്രതികളില്‍നിന്ന് 12.75 ലക്ഷം രൂപ, 761 സിം കാര്‍ഡ്, 120 മൊബൈല്‍ ഫോണ്‍, 96 ചെക്ക് ബുക്ക്, 92 ക്രെഡിറ്റ് കാര്‍ഡ്, 42 ബാങ്ക് പാസ്ബുക്ക് എന്നിവ പിടിച്ചെടുത്തു.
നിങ്ങള്‍ അയച്ച പാഴ്‌സലില്‍ മയക്കു മരുന്ന് ഉണ്ടായിരുന്നു, ബാങ്ക് അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നു, നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് കുറ്റകൃത്യങ്ങള്‍ ചെയ്തു തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞാണ് സംഘം ബന്ധപ്പെടുന്നത്. ഇത് പരിഹരിക്കാന്‍ വേണ്ടി പണം ആവശ്യപ്പെടുകയോ താല്‍ക്കാലികമായി നിശ്ചിത അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുകയോ വേണമെന്നാണ് ആവശ്യപ്പെടുക.


