15
Oct 2024
Tue
15 Oct 2024 Tue

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധം ചരിത്രത്തിലെ ഏറ്റവും മോശം അവസ്ഥയിൽ. ഇന്ത്യയിലെ കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. ആക്ടിംഗ് ഹൈകമ്മീഷണർ അടക്കം ആറുപേരെയാണ് ഇന്ത്യ പുറത്താക്കിയത്. ശനിയാഴ്ച രാത്രി 12 മണിക്ക് മുമ്പായി രാജ്യം വിടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഡൽഹിയിലെ ആക്ടിങ് ഹൈകമ്മീഷണർ സ്റ്റുവർട്ട് റോസ് വീലർ, ഡെപ്യൂട്ടി ഹൈകമ്മീഷണർ പാട്രിക് ഹെബർട്ട്, ഫസ്റ്റ് സെക്രട്ടറിമാരായ മേരി കാതറിൻ, ഇയാൻ റോസ് ഡേവിഡ് ട്രൈറ്റസ്, ആദം ജെയിംസ് ചുയ്പ്ക, പൗല ഒർജുവേല എന്നിവരെയാണ് ഇന്ത്യ പുറത്താക്കിയത്.

കാനഡയിലെ ഇന്ത്യൻ ഹൈകമ്മീഷണർ അടക്കമുള്ള നയതന്ത്ര പ്രതിനിധികളെ കാനഡ പുറത്താക്കുകയും ചെയ്തു.

ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജര്‍ വധക്കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും തമ്മിലെ ബന്ധം വഷളായത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക്‌ പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ- കാനഡ ബന്ധത്തിൽ വിള്ളലുകൾ ആരംഭിച്ചത്. ജസ്റ്റിൻ ട്രൂഡോ സർക്കാരിന്റേത് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുള്ള രാഷ്ട്രീയമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഭീകരർക്കും തീവ്രവാദികൾക്കും കാനഡ അഭയം നൽകിയെന്നും പറയുന്ന ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ഇറക്കിയ പത്രക്കുറിപ്പിൽ, ട്രൂഡോയെ പേരെടുത്തു പറഞ്ഞു ആണ് പരാമർശിച്ചത്.

ഹർദീപ് സിങ് നിജ്ജാർ വധത്തിൽ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കാണിച്ച് കാനഡ അയച്ച കത്തിന് മറുപടി നൽകുകയായിരുന്നു ഇന്ത്യ. അന്വേഷണത്തിന്റെ പേരിൽ ഇന്ത്യയെ കരിവാരിത്തേക്കാനുള്ള ശ്രമമാണെന്നും വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. നിജ്ജാർ വധത്തിൽ ഇന്ത്യയുടെ പങ്ക് വ്യക്തമാക്കുന്ന യാതൊരു തെളിവുകളും കാനഡ ഇതുവരെ നൽകിയിട്ടില്ലെന്നും വിദേശ കാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങൾ തമ്മിലുള്ള പ്രശ്നം കാനഡയിലുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. മലയാളികളടക്കം ലക്ഷക്കണക്കിന് ഇന്ത്യക്കാർ കാനഡയിലുണ്ട്. പുതിയ സംഭവ വികാസങ്ങൾ ആശങ്കയോടെയാണ് ഇവരെല്ലാം നോക്കിക്കാണുന്നത്.