സിനിമ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍(73) അന്തരിച്ചു. തിരുവനന്തപുരം വെള്ളയമ്പലത്തെ വസതിയില്‍ വച്ച് തിങ്കളാഴ്ച വൈകീട്ടാണ് അന്ത്യം. അര്‍ബുദ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ വച്ച് നടക്കും.
കൊല്ലം ജില്ലയില്‍ കണ്ടചിറയില്‍ എന്‍ കരുണാകരന്‍-ചന്ദ്രമതി ദമ്പതികളുടെ മൂത്ത മകനായി ജനനം. 1963ല്‍ കുടുംബം തിരുവന്തപുരത്തേക്ക് മാറി. പള്ളിക്കര സ്‌കൂള്‍, യൂനിവേഴ്‌സിറ്റി കോളജ്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1971ല്‍ ഫിലിം & ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ ചേര്‍ന്ന് ഛായാഗ്രഹണത്തില്‍ ഡിപ്ലോമ നേടി.
|
സംസ്ഥാന ചലചിത്ര അക്കാദമി രൂപപ്പെട്ടപ്പോള്‍ അദ്ദേഹം അവിടെ നിയമിതനായി. പ്രശസ്ത സംവിധായകനായ ജി അരവിന്ദനെ കണ്ടുമുട്ടിയത് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഒരു വഴിത്തിരിവായി.അദ്ദേഹത്തിന്റെ കീഴില്‍ ഷാജി ഛായാഗ്രാഹകനായി കൂടി. 40 ഓളം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു.
പ്രശസ്ത സംവിധായകരായ കെ.ജി. ജോര്‍ജ്, എം.ടി. വാസുദേവന്‍ നായര്‍ എന്നിവരുടെ കൂടെയും ജോലി ചെയ്തു. പിറവി, സ്വം, വാനപ്രസ്ഥം, നിഷാദ്, കുട്ടിസ്രാങ്ക്, എകെജി എന്നിങ്ങനെ ഒരുപിടി കലാമൂല്യമുള്ള ചിത്രങ്ങള്‍ അദ്ദേഹത്തിന്റെതായി മലയാളത്തിന് ലഭിച്ചു. കാഞ്ചന സീത, എസ്തപ്പാന്‍, ഒന്നുമുതല്‍ പൂജ്യം വരെ സിനിമകള്‍ക്ക് മികച്ച ഛായാഗ്രഹണത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു.
അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ‘പിറവി’ കാന്‍ ഫെസ്റ്റില്‍ ഗോള്‍ഡന്‍ ക്യാമറ പ്രത്യേക പരാമര്‍ശം ലഭിച്ച ചിത്രമാണ്. രണ്ടാമത്തെ ചിത്രമായ സ്വം കാന്‍ ഫെസ്റ്റിലെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാള സിനിമയായിരുന്നു. സിനിമമേഖലയ്ക്ക് നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാര്‍ ജെസി ഡാനിയേല്‍ പുരസ്‌കാരം നല്‍കി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





