30
Sep 2024
Thu
30 Sep 2024 Thu

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ എല്ലാ ഭക്ഷ്യശാലകളുടെയും മുന്നില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്നു. ഭക്ഷ്യവസ്തുക്കളില്‍ മായംചേര്‍ക്കല്‍ തടയുകയെന്ന അവകാശവാദത്തോടെയാണ് വര്‍ഗീയസ്വഭാവമുള്ള നടപടിക്ക് യു.പിയിലെ യോഗി ആദിത്യനാഥ് ഭരണകൂടം മുന്നിട്ടിറങ്ങുന്നത്. ഹോട്ടലുകളുടെയും മറ്റും മുമ്പില്‍ ഉടമകളുടെ പേര് പ്രദര്‍ശിപ്പിക്കുന്നത് നിര്‍ബന്ധമാക്കുന്ന വിധത്തില്‍ ഭക്ഷ്യസുരക്ഷാ നിലവാര നിയമവും ഭേദഗതി ചെയ്യാമെന്ന് ചൊവ്വാഴ്ച ചേര്‍ന്ന ഉന്നതതല അവലോകന യോഗത്തില്‍ ആദിത്യനാഥ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടമയുടെ പേര്, ജീവനക്കാരുടെ പേര്, ഇവരുടെയെല്ലാം വിലാസം തുടങ്ങിയവയെല്ലാം സ്ഥാപനത്തിന്റെ പുറത്തുതന്നെ പ്രദര്‍ശിപ്പിക്കാനാണ് ആലോചന. ഈ വര്‍ഷം ഇതാദ്യമായല്ല ആദിത്യനാഥ് ഭക്ഷണം വില്‍ക്കുന്നവര്‍ പേരുവിവരങ്ങള്‍ ഭക്ഷണശാലകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ദേശിക്കുന്നത്. അടുത്തിടെ കാവട് യാത്രാ റൂട്ടിലെ ഭക്ഷണശാലകളില്‍ ഉടമസ്ഥരുടെ പേരും മറ്റ് വിവരങ്ങളും പ്രദര്‍ശിപ്പിക്കണമെന്ന് ഉത്തരവിട്ടിരുന്നു. വര്‍ഗീയ, വിവേചനത്തിന്റെ സ്വഭാവമുള്ള നടപടി പിന്നീട് സുപ്രിംകോടതി സ്‌റ്റേചെയ്യുകയായിരുന്നു. സുപ്രിംകോടതിയുടെ സ്‌റ്റേനിലനില്‍ക്കെയാണ് വീണ്ടും യോഗി ആദിത്യനാഥ് വര്‍ഗീയരീതിയിലുള്ള നടപടിക്ക് തുടക്കമിടുന്നത്.

അതേസമയം, ഉത്തര്‍പ്രദേശിന്റെ മാതൃകയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍പ്രദേശിലും ഭക്ഷ്യശാലകളുടെ പേര് പ്രദര്‍ശിപ്പിക്കണമെന്ന വിവാദ നിര്‍ദേശം. എല്ലാ തെരുവ് വ്യാപാരികളും തട്ടുകടക്കാരും കടയില്‍ ഉടമയുടെയും ജീവനക്കാരുടെയും പേരുകള്‍ പ്രദര്‍ശിപ്പിക്കണമെന്ന് നഗരവികസന മന്ത്രി വിക്രമാദിത്യ സിങ് പറഞ്ഞു. ശുദ്ധവും ഗുണനിലവാരവുമുള്ള ഭക്ഷണം ഉറപ്പാക്കാനാണ് ഇത്തരം നിര്‍ദേശം പുറപ്പെടുവിക്കുന്നതെന്ന് മന്ത്രി അവകാശപ്പെട്ടു.
ഭക്ഷണശാലകളില്‍ ഭക്ഷണത്തിന്റെ ലഭ്യതയെക്കുറിച്ചുള്ള ജനങ്ങളുടെ ഭയവും ആശങ്കകളും കണക്കിലെടുത്താണ് ഈ തീരുമാനമെടുത്തതെന്നും നഗരവികസന വകുപ്പിന്റെയും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരുടെയും യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ നടപ്പാക്കിയതുപോലുള്ള കര്‍ശനനിയമം ഹിമാചല്‍പ്രദേശിലും നടപ്പാക്കാന്‍ പോകുകയാണെന്നാണ് മന്ത്രി ഇതേകുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്.