08
Mar 2023
Sat
08 Mar 2023 Sat

നമ്മുടെ ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ സവിശേഷത വിയോജിപ്പുകളെ അംഗീകരിക്കുന്നു എന്നതിലായിരുന്നു. വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ അന്തഃസത്ത. എന്നാൽ ഫാഷിസ്റ്റ് ഭരണകൂടങ്ങളുടെ മൗലികമായ സവിശേഷത അത് എല്ലാതരം വിയോജിപ്പുകളെയും ഭയപ്പെടുന്നു, വിയോജിപ്പിന്റെ ശബ്ദങ്ങൾ കഴുത്തുഞെരിച്ച് ഇല്ലാതാക്കുന്നു എന്നതാണ്.

ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സിന്റെ ഏറ്റവും സമുന്നതനായ നേതാവായ രാഹുൽ ഗാന്ധിയെ, എതിർത്തു സംസാരിച്ചു എന്ന ഒറ്റക്കാരണം കൊണ്ട് ഇന്ത്യൻ പാർലമെന്റിൽ അയോഗ്യനാക്കിയ നടപടി ഇന്ത്യയിലെ ബി.ജെ.പി ഭരണകൂടം ഫാഷിസ്റ്റ് രൂപം പൂണ്ടതിന്റെ ഏറ്റവും പുതിയ തെളിവാണ്.

സത്യത്തെ ഫാഷിസ്റ്റുകൾക്ക് പേടിയാണ്. നുണകൾക്കു മേൽ കെട്ടിപ്പൊക്കുന്ന അവരുടെ ആധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് സത്യം. രാജ്യത്തിന്റെ സ്വത്ത് കട്ടുമുടിക്കുന്നവരെല്ലാം ഇന്ത്യയിലെ പ്രധാനമന്ത്രിയുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടിട്ടുള്ളവരാണ് എന്നു പറഞ്ഞതിനാണ് രാഹുലിന്റെ വായടപ്പിക്കുന്നത്. രാജ്യം കേട്ട ഏറ്റവും ലജ്ജാവഹമായ വാർത്തയാണിത്.

മറുശബ്ദങ്ങളുടെ നാവരിയുന്ന ഫാഷിസ്റ്റ് ഏകാധിപത്യത്തിന്റെ ഈ നീക്കത്തിനെതിരെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾ ഒന്നാകെ ശബ്ദമുയർത്തുകയും രാജ്യാന്തര വേദികളിൽ ഈ ഇന്ത്യൻ അവസ്ഥ വിശദീകരിക്കപ്പെടുകയും വേണം. ഇന്ത്യയുടെ അഭിമാനമായ ജനാധിപത്യം ഒരു രാഷ്ട്രീയ ആഭാസമല്ലെന്ന് സ്ഥാപിക്കേണ്ട ഉത്തരവാദിത്തം രാജ്യത്തെ പൗരന്മാർക്കുണ്ട്.