ബംഗലൂരു: ഇന്നലെ പുറത്തുവന്ന തെരഞ്ഞെടുപ്പു ഫലത്തിൽ കോൺഗ്രസ് ഉജ്വല വിജയം നേടിയതിന് പിന്നാലെ പാർട്ടിയിൽ മുഖ്യമന്ത്രി പദവിയെച്ചൊല്ലി പേര് ഉടലെടുക്കുന്നു. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്. വൈകീട്ട് 5.30 ന് കോൺഗ്രസ് എംഎൽഎമാരുടെ യോഗം ചേരാനിരിക്കുകയാണ്.
|
മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യെ മുഖ്യമന്ത്രി ആകണമെന്ന ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. അതേസമയം തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാൻ പിടിച്ച ഡി കെ ശിവകുമാർ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നിലും ഫഌക്‌സ് ബോർഡ് ഉയർന്നിട്ടുണ്ട്.
ഇരുവരുടെയും അനുകൂലികളായ കോൺഗ്രസ് പ്രവർത്തകരാണ് ഇതിന്റെ പിന്നിലെന്നാണ് നിഗമനം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കാൻ മൂന്നു കേന്ദ്രനിരീക്ഷകരെ ഹൈക്കമാൻഡ് നിയോഗിച്ചു. സുശീൽ കുമാർ ഷിൻഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബരിയ എന്നിവരാണ് കേന്ദ്ര നിരീക്ഷകർ. ഇവർ ഇന്നും വൈകീട്ട് ബംഗലൂരുവിലെത്തും.
നിയമസഭ കക്ഷിയോഗത്തിൽ തർക്കം നീണ്ടുനിന്നാൽ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത് ഹൈക്കമാൻഡിന് വിട്ട് പ്രമേയം പാസ്സാക്കിയേക്കും. എംഎൽഎമാരുടെ എണ്ണത്തിൽ സിദ്ധരാമയ്യയ്ക്കാണ് മുൻതൂക്കമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്ന ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാൻ കേന്ദ്രനേതൃത്വം ശ്രമം നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി പദവിയാണ് വാഗ്ദാനം ചെയ്യുന്നത്.
അദ്ദേഹം ആവശ്യപ്പെടുന്ന വകുപ്പും നൽകിയേക്കും. കൂടാതെ കെപിസിസി അധ്യക്ഷപദത്തിലും ശിവകുമാർ തുടർന്നേക്കും. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും കർണാടകയിലെ കോൺഗ്രസിന്റെ സ്വത്തുക്കളാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. 224 അംഗ നിയമസഭയിൽ കോൺഗ്രസിന് 135 സീറ്റാണ് ലഭിച്ചത്.





