|
തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേന മുഖം മറച്ച് വഞ്ചിയൂരിലെ വീട്ടിലെത്തി നാഷനൽ ഹെൽത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റൾ കൊണ്ട് വെടിവച്ചു പരുക്കേൽപിച്ച കേസിലെ പ്രതി ഡോ. ദീപ്തിമോൾ ജോസി(37)നെ ചോദ്യം ചെയ്തപ്പോൾ കൂടുതൽ വിവരങ്ങൾ പുറത്ത്. (Doctor arrested for firing air gun at woman)
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പൾമനോളജിസ്റ്റായ ദീപ്തിയെ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് ഇന്നലെ ഉച്ചയ്ക്കാണ് പിടികൂടിയത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്. ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ദീപ്തിയെ വൈകിട്ട് ആറുമണിയോടെ കമ്മിഷണർ ഓഫിസിൽ എത്തിച്ചു ആണ് രാത്രി വൈകി ചോദ്യം ചെയ്യൽ തുടങ്ങിയത്.
ഓണ്‍ലൈന്‍ വഴി വാങ്ങിയ തോക്ക് ഉപയോഗിച്ചാണ് പ്രതി വെടിവെപ്പ് നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവുമായുള്ള പ്രശ്‌നമാണ് വെടിവെപ്പിന് കാരണമെന്ന് ദീപ്തി മൊഴി നല്‍കി.
സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ: ഷിനിയുടെ ഭർത്താവ് സുജീത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തി. ഈയടുത്തായി ദീപ്തിയും സുജീത്തും തമ്മിൽ അകന്നു. സുജീത്തുമായുള്ള സൗഹൃദത്തിനു ഷിനി തടസ്സമാണെന്നു കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചത്. യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഇവർ ആക്രമണത്തിനു പദ്ധതിയിട്ടത്.
തൊട്ടടുത്തു നിന്നു വെടിയുതിർത്താൽ കൊലപ്പെടുത്താമെന്നു കരുതിയാണ് കോറിയർ നൽകാനെന്ന വ്യാജേന എത്തിയതെന്നും ഇവർ സമ്മതിച്ചു.
രജിസ്റ്റേര്‍ഡ് കൊറിയര്‍ ഉണ്ടെന്ന് പറഞ്ഞ് ഷിനിയെ സമീപിച്ച പ്രതി ഷിനി തന്നെ ഒപ്പിട്ട് വാങ്ങണമെന്നും പറഞ്ഞു നിര്‍ബന്ധിച്ചതായി ദീപ്തി വെളിപ്പെടുത്തി. ഇതോടെ ഒപ്പിടുന്നതിന് പേനയെടുക്കാന്‍ അച്ഛന്‍ വീട്ടിനുള്ളിലേക്ക് കയറി. ഈ സമയം ഷിനി പുറത്തേക്ക് വരികയായിരുന്നു. ഷിനിയുടെ പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷം ദീപ്തി വെടിയുതിര്‍ത്തു.
ആദ്യത്തെ വെടി ഷിനിയുടെ കൈയ്യിലും ബാക്കി രണ്ടെണ്ണം തറയിലുമാണ് പതിച്ചത്. അക്രമി എയര്‍ പിസ്റ്റള്‍ ഉപയോഗിച്ച് മൂന്ന് തവണ വെടിയുതിര്‍ത്തെന്നും ഒരിക്കല്‍ മുഖത്തേക്ക് വെച്ച ഷോട്ട് തടഞ്ഞപ്പോള്‍ ഷിനിയുടെ കൈപ്പത്തിയില്‍ വെടിയേറ്റെന്നും ഷിനിയുടെ ഭാര്യാപിതാവ് ഭാസ്‌കരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ നിന്നാണ് ആക്രമണത്തിന് പിന്നില്‍ ദീപ്തിയാണെന്ന് വ്യക്തമായത്.
ഞായറാഴ്ച രാവിലെയാണ് തിരുവനന്തപുരം നഗരത്തില്‍ വീട്ടമ്മക്ക് നേരെ ആക്രമണമുണ്ടായത്. കൊറിയര്‍ നല്‍കാനെന്ന വ്യാജേനെ വീട്ടിലെത്തിയാണ് ദീപ്തി എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിയുതിര്‍ത്തത്.


