ഡോളോ 650 ഗുളിക രോഗികൾക്ക് കുറിക്കുന്നതിനായി കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപയുടെ പാരിതോഷികങ്ങൾ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ. ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സയൻസസ് റെപ്രസന്റേറ്റിവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ഹാരജാരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖും 1000 കോടി രൂപ ഡോക്ടർമാർക്ക് പാരിതോഷികങ്ങൾ നൽകാൻ ഡോളോ കമ്പനി നിക്ഷേപിച്ചതായി വ്യക്തമാക്കി.
|
കോവിഡ് ബാധിതനായ തനിക്കും ഇതേ മരുന്ന് കുറിച്ചു നൽകിയിരുന്നതായി വെളിപ്പെടുത്തിയ ജസ്റ്റിസ് ചന്ദ്രചൂഡ് അതീവഗുരുതരമാണ് വിഷയമെന്നു നിരീക്ഷിച്ചു. വിഷയത്തിൽ 10 ദിവസത്തിനകം മറുപടി നൽകണമെന്ന് കേന്ദ്രത്തെ പ്രതിനീധികരിച്ചെത്തിയ അഡീഷനൽ സോളിസിറ്റർ ജനറൽ കെ എം നടരാജിന് കോടതി നിർദേശം നൽകി. വിഷയവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.
മരുന്നുകമ്പനികളുടെ നിർബന്ധത്തിനു വഴങ്ങി ഡോക്ടർമാർ വില കൂടിയതും അനാവശ്യവുമായ മരുന്നുകൾ രോഗികൾക്ക് കുറിച്ചുനൽകുകയാണെന്നും ഇതിലൂടെ രോഗിയുടെ ആരോഗ്യത്തെ വരെ ബാധിക്കുന്നുവെന്നും ഭരണഘടനയുടെ 21ാം അനുച്ഛേദം വ്യവസ്ഥ ചെയ്യുന്ന അവകാശങ്ങളുടെ ലംഘനമാണിതെന്നും ഹരജി ചൂണ്ടിക്കാട്ടുന്നുണ്ട്. ഉചിതമായ നിയമനിർമാണം നടത്തി പൊതുജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ആരോഗ്യത്തിനു വേണ്ടിയുള്ള ഇന്ത്യൻ ജനതയുടെ ഭരണഘടനാ അവകാശം ഉറപ്പുവരുത്തുന്നതിന് മരുന്നുകമ്പനികളുടെ അസാന്മാർഗിക നടപടികൾ തടയണമെന്നും ഹരജി ആവശ്യപ്പെടുന്നുണ്ട്.



