തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹ്ന ആത്മഹത്യ ചെയ്ത കേസില്‍ പ്രതി ഡോ. റുവൈസിനെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജ് പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി. വഞ്ചിയൂര്‍ അഡീഷണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റേതാണ് വിധി. കഴിഞ്ഞ ദിവസം പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇയാളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
|
അതീവ ഗൗരവമുള്ള കുറ്റമാണിതെന്ന് നിരീക്ഷിച്ചാണ് തിരുവനന്തപുരം എസിജെഎം കോടതി റുവൈസിന്റെ ജാമ്യാപേക്ഷ തള്ളിയത്. കൂടാതെ ഈ ഘട്ടത്തില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ അത് കേസന്വേഷണത്തെ ബാധിക്കുമെന്ന പ്രോസിക്യൂട്ടറുടെ വാദവും കോടതി പരിഗണിച്ചു. മുഖ്യപ്രതിയായ റുവൈസ് അറസ്റ്റിലായെങ്കിലും പിതാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാള്‍ ഒളിവിലാണെന്നാണ് വിവരം. ഇവരുടെ കരുനാഗപ്പള്ളിയിലെ വീട്ടിലും ബന്ധുക്കളുടെ വീട്ടിലും ഉള്‍പ്പെടെ പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല. നേരത്തെ ഷഹ്നയുടെ മരണത്തിന് പിന്നാലെ റുവൈസും ഒളിവില്‍ പോയിരുന്നു. പിന്നീട് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
റുവൈസിന്റെ പിതാവും സ്ത്രീധനത്തിനായി സമ്മര്‍ദ്ദം ചെലുത്തിയതായി ഷഹ്നയുടെ ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. പിതാവിന്റെ നിര്‍ബന്ധത്തിന് മകനും വഴങ്ങി. ഈ സാഹചര്യത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. പിതാവിനെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.





