04
Nov 2023
Thu
04 Nov 2023 Thu

ആദ്യം ഒറ്റ വോട്ടിന് KSU, റീ കൗണ്ടിങ്ങില്‍ SFIക്ക് ജയം; കേരളവര്‍മ്മ കോളജ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ നാടകീയ രംഗങ്ങള്‍; കാലിക്കറ്റിന് കീഴില്‍ MSF ന്റെ തേരോട്ടം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തൃശൂര്‍: തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് നാടകീയ വിജയം. റീ കൗണ്ടിങ്ങില്‍ എസ്എഫ്‌ഐയുടെ അനിരുദ്ധന്‍ 11 വോട്ടിന് വിജയിച്ചു. കെഎസ്‌യുവിന്റെ ശ്രീക്കുട്ടനെയാണ് പരാജയപ്പെടുത്തിയത്.

ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ് യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. തുടര്‍ന്ന് എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിങ്ങ് നടത്തുകയായിരുന്നു. ഈ റീകൗണ്ടിങ്ങിലാണ് എസ്എഫ്‌ഐ വിജയിച്ചത്.

കേരള വര്‍മ്മ കോളേജിന്റെ 41 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് കെഎസ്‌യു സ്ഥാനാര്‍ത്ഥി വിജയിച്ചെന്ന വാര്‍ത്തയെത്തിയത്. ഇതോടെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്‌ഐ റീകൗണ്ടിങ്ങ് ആവശ്യപ്പെട്ട് രംഗത്തുവന്നത്.

പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രീക്കുട്ടന്‍ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിയാണ്. ഇടതുപക്ഷ സംഘടന അധ്യാപകര്‍ ഇടപെട്ട് റീകൗണ്ടിംഗ് അസാധുവാക്കിയെന്ന് കെഎസ്‌യു ആരോപിച്ചു. റീകൗണ്ടിങ്ങിനെതിരെ കോടതിയെ സമീപിക്കുമെന്നും കെഎസ്‌യു വ്യക്തമാക്കി.

 

എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീകൗണ്ടിംഗ് ആരംഭിച്ചെങ്കിലും കെഎസ്‌യു എതിര്‍പ്പറിയിച്ചു. ഇടതുപക്ഷ സംഘടന അധ്യാപകര്‍ ഇടപെട്ട് റീകൗണ്ടിംഗ് അസാധുവാക്കി എന്ന് കെഎസ്‌യു ആരോപിച്ചു. പരാതിയെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇടപെട്ട് റീകൗണ്ടിംഗ് നിര്‍ത്തിവെപ്പിച്ചു. ഉന്നതരുടെ സാന്നിധ്യത്തില്‍ മാത്രം റീകൗണ്ടിംഗ് നടത്തിയാല്‍ മതിയെന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ നിലപാടെടുത്തു. കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി ഡിസിസി പ്രസിഡണ്ട് അടക്കമുള്ളവര്‍ കോളേജിന് പുറത്തെത്തുകയും ചെയ്തു. എന്നാല്‍, പ്രിന്‍സിപ്പളിന്റെ എതിര്‍പ്പ് അവഗണിച്ച് റിട്ടേണിംഗ് ഓഫീസറിന്റെ നേതൃത്വത്തില്‍ ഏറെ വൈകാതെ വോട്ടെണ്ണല്‍ പുനരാരംഭിച്ചു. ഇതോടെ എസ്എഫ്‌ഐ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു റീകൗണ്ടിംഗ് ബഹിഷ്‌കരിച്ചു. കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ നിന്ന് മടങ്ങുകയുമായിരുന്നു.

 

കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലേക്ക് നടന്ന യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയില്‍ കെഎസ് യുവിന് അട്ടിമറി ജയം. 23 വര്‍ഷത്തിന് ശേഷം വിക്ടോറിയ കോളജില്‍ കെഎസ് യു യൂണിയന്‍ പിടിച്ചെടുത്തു. പട്ടാമ്പി ഗവണ്മെന്റ് കോളേജില്‍ 42 വര്‍ഷത്തിന് ശേഷം യൂണിയന്‍ കെഎസ് യുവിന് കിട്ടി.

നെന്മാറ എന്‍എസ്എസ് കോളജിലും കെഎസ് യുവിനാണ് യൂണിയന്‍. ഒറ്റപ്പാലം എന്‍എസ്എസ് കോളജ്, തൃത്താല ഗവണ്മന്റ് കോളജ് എന്നിവിടങ്ങളിലും കെഎസ്യുവിനാണ് മുന്നേറ്റം. അതേസമയം ചിറ്റൂര്‍ കോളേജ് എസ്എഫ്‌ഐ നിലനിര്‍ത്തി.

മലപ്പുറം ജില്ലയില്‍ എം എസ് എഫിനാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം. 52 വര്‍ഷങ്ങള്‍ക്കുശേഷം മഞ്ചേരി എന്‍എസ്എസ് കോളജില്‍ എംഎസ്എഫ് യൂണിയന്‍ ഭരണം തിരിച്ചു പിടിച്ചു. പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് കോളജില്‍ പത്തു വര്‍ഷങ്ങള്‍ക്കുശേഷമാണ് എംഎസ്എഫ് പാനല്‍ പിടിക്കുന്നത്. മലപ്പുറം ഗവ: കോളജ് ,കൊണ്ടോട്ടി ഗവ: കോളജ് ,നിലമ്പൂര്‍ ഗവ: കോളജ് ,തവനൂര്‍ ഗവ: കോളജ്,
മലപ്പുറം വനിതാ ഗവ: കോളജ് എന്നിവിടങ്ങളില്‍ ശക്തമായ ആധിപത്യം എംഎസ്എഫ് നിലനിര്‍ത്തി.

ശക്തമായ മത്സരം നടന്ന കൊണ്ടോട്ടി ഗവണ്‍മെന്റ് കോളജില്‍ എംഎസ്എഫ് നിലനിര്‍ത്തി. തിരൂര്‍ ഗവണ്‍മെന്റ് കോളജില്‍ എസ്എഫ്‌ഐ പാനല്‍ ഭരണം തിരിച്ചുപിടിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക