23
Mar 2025
Thu
23 Mar 2025 Thu
enforcement directorate

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് നടത്തിയതായി റിപോര്‍ട്ട്. കോട്ടയം, പാലക്കാട് ജില്ലകളിലാണ് റെയ്ഡ് നടന്നത്. കോട്ടയം വാഴൂരില്‍ നിഷാദ് നടക്കേ മുറിയുടെ വീട്ടിലും പാലക്കാട് ഒരു പ്രവാസിയുടെ വീട്ടിലുമായിരുന്നു റെയ്ഡ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഴൂര്‍ ചാമംപതാല്‍ എസ്ബിടി ജങ്ഷനില്‍ മിച്ചഭൂമി കോളനിയില്‍ നിഷാദിന്റെ വീട്ടില്‍ ഇന്ന് രാവിലെ 7 മണി മുതല്‍ ആരംഭിച്ച റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു. ഇഡിയുടെ കോഴിക്കോട്, ഡല്‍ഹി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്.

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്ന റെയ്‌ഡെന്നാണ് വിവരം. എന്നാല്‍, റെയ്ഡില്‍ നിയമവിരുദ്ധമായ എന്തെങ്കിലും കണ്ടെത്തിയതായി സൂചനയില്ല.

ALSO READ: എസ്ഡിപിഐ പ്രസിഡന്റ് എംകെ ഫൈസിയെ ആറ് ദിവസം ഇഡി കസ്റ്റഡിയില്‍ വിട്ടു; പിഎംഎല്‍എ നിയമപ്രകാരം കേസ്

അതേസമയം, സംസ്ഥാന വ്യാപകമായി എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇഡി റെയ്ഡ് എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിര്‍ അറിയിച്ചു. സംസ്ഥാനത്ത് കോട്ടയം ജില്ലയില്‍ ഒരു പ്രവര്‍ത്തകന്റെ വീട്ടില്‍ മാത്രമാണ് വ്യാഴാഴ്ച ഇഡിയുടെ പരിശോധന നടന്നത്. അവിടെ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് ഇഡി തന്നെ സാക്ഷ്യപ്പെടുത്തിയിരിക്കുകയാണ്.

കൂടാതെ പാലക്കാട് നടന്ന റെയ്ഡ് ഒരു പ്രവാസി വ്യവസായിയുടെ വീട്ടിലാണെന്നാണ് ചില ചാനലുകള്‍ തന്നെ റിപോര്‍ട്ട് ചെയ്തത്. അദ്ദേഹത്തിന് എസ്ഡിപിഐയുമായി യാതൊരു ബന്ധവുമില്ല. എന്നാല്‍ സംസ്ഥാന വ്യാപകമായി ഇഡി റെയ്ഡ് എന്ന തരത്തില്‍ ചില ചാനലുകള്‍ വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തിലൂടെ ഇഡിയുടെ പ്രവര്‍ത്തനങ്ങളിലെ ദുരൂഹത സംബന്ധിച്ച് പൗരസമൂഹം ചര്‍ച്ചചെയ്തുവരികയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍തിരേ ഇഡി രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ വെറും രണ്ട് കേസുകള്‍ മാത്രമാണ് ശിക്ഷയില്‍ കലാശിച്ചതെന്ന പാര്‍ലമെന്റിലെ സര്‍ക്കാരിന്റെ വെളിപ്പെടുത്തല്‍, മോദി ഭരണകാലത്ത് ഇഡി യെ ദുരുപയോഗം ചെയ്തതിന്റെ കൃത്യമായ തെളിവാണ്.

ഇഡിയെ രാഷ്ട്രീയ എതിരാളികളെയും വിമര്‍ശകരെയും ഒതുക്കാനും വരുതിയിലാക്കാനുമുള്ള ഉപകരണമായി കേന്ദ്ര ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുകയാണെന്ന വിവരം തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും സത്യം മറച്ചുവെച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള ഗൂഢശ്രമം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ റെയ്ഡ്
അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേരളത്തിന് പുറമേ വിവിധ സംസ്ഥാനങ്ങളിലുള്ള എസ്ഡിപിഐ കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തിയതായി ഇഡി അറിയിച്ചു. തമിഴ്‌നാട്ടിലെ മെട്ടുപ്പാളയം, കോയമ്പത്തൂര്‍, ആര്‍ക്കോട്ട്, വെല്ലൂര്‍, രാജസ്ഥാനിലെ ഭില്‍വാര, കോട്ട, വെസ്റ്റ് ബംഗാളിലെ കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്.