26
Apr 2025
Fri
26 Apr 2025 Fri

ന്യൂഡല്‍ഹി: അബദ്ധത്തില്‍ നിയന്ത്രണരേഖ മറികടന്നതിനെത്തുടര്‍ന്ന് പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ജവാനെ മോചിപ്പിക്കാനുള്ള ശ്രമം ഊര്‍ജ്ജിതം. ഫ്‌ലാഗ് മീറ്റിങ്ങ് നടത്തി ജവാനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 182 ബിഎസ്എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പികെ സിങിനെയാണ് പാക് സൈന്യം പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പഞ്ചാബിലെ ഫിറോസ് പൂര്‍ സെക്ടറിലെ അതിര്‍ത്തിയില്‍ വെച്ച് ആണ് ജവാനെ പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്. കര്‍ഷകരെ സഹായിക്കാന്‍ പോയ യുപി സ്വദേശിയായ ജവാനെയാണ് പാക് സൈന്യം തടഞ്ഞുവച്ചത്. കഠിനമായ ചൂട് താങ്ങാനാവാതെ സമീപത്തെ മരച്ചുവട്ടിലേക്ക് തണല്‍ തേടി നീങ്ങിയപ്പോഴാണ് അതിര്‍ത്തി മുറിച്ചു കടന്നെന്ന പേരില്‍ പാക്കിസ്ഥാന്‍ പട്ടാളം കസ്റ്റഡിയിലെടുത്തത്. അതിര്‍ത്തിക്കും സീറോ ലൈനിനും ഇടയിലുള്ള മേഖലയില്‍ ആണ് ജവാന്‍ വിശ്രമിച്ചിരുന്നത്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് ഇന്ത്യ നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍, ഫ്‌ലാഗ് മീറ്റിങ്ങിനായി പാക് സൈന്യം ഇന്നലെ രാത്രി എത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷത്തിനിടെ അതിര്‍ത്തിയില്‍ സൈന്യത്തിന് ജാഗ്രതാ നിര്‍ദേശം നല്‍കി. തയ്യാറെടുപ്പിന്റെ മുന്നറിയിപ്പ് നല്‍കി വ്യോമസേന ആക്രമണ്‍ എന്ന പേരില്‍ വ്യോമാഭ്യാസം നടത്തി.

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നതിനിടെയാണ് ഇന്ത്യന്‍ വ്യോമസേന വ്യോമാഭ്യാസം നടത്തിയത്.

Efforts continue to free Indian soldier held captive by Pakistan after he accidentally crossed the Line of Control