28
Sep 2023
Sat
28 Sep 2023 Sat

കോഴിക്കോട്: കോഴിക്കോട് എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. തീവെപ്പിനു പിന്നില്‍ പിടിയിലായ ഡല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഷാരൂഖ് സെയ്ഫി (27) മാത്രമാണെന്ന് കൊച്ചി എന്‍ഐഎ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. പ്രതി കേരളം തിരഞ്ഞെടുത്തത് തന്നെ തിരിച്ചറിയാതിരിക്കാനാണെന്നും നടന്നത് ജിഹാദി പ്രവര്‍ത്തനമാണെന്നും കുറ്റപത്രത്തില്‍ പറയുന്നതായി ഒരു സ്വകാര്യ ന്യൂസ് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതിക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ വര്‍ഷം ഏപ്രില്‍ മാസം രണ്ടാം തീയതിയാണ് ആലപ്പുഴ – കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിലെ ഡി വണ്‍ കോച്ചില്‍ യാത്രക്കാരെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തിയത്. പരിഭ്രാന്തിയില്‍ ട്രെയിനില്‍നിന്ന് എടുത്തുചാടിയ ഒരു കുട്ടിയടക്കം മൂന്നുപേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ട്രെയിന്‍ എലത്തൂര്‍ പിന്നിട്ടപ്പോഴായിരുന്നു ആക്രമണം നടന്നത്. സംഭവം നടന്ന് മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്‌നഗിരി റെയില്‍വേ സ്റ്റേഷനു സമീപത്തുനിന്ന് പ്രതിയെ മഹാരാഷ്ട്രാ ഭീകരവിരുദ്ധ സംഘത്തിന്റെ സഹായത്തോടെ കേരള പോലീസ് പിടികൂടുകയായിരുന്നു. കേസന്വേഷണം പിന്നീട് എന്‍ഐഎ ഏറ്റെടുക്കുകയായിരുന്നു.

ഏപ്രില്‍ രണ്ടിന് ഷൊര്‍ണൂരില്‍ എത്തിയ പ്രതി ഷൊര്‍ണൂരില്‍നിന്നു തന്നെ പെട്രോളും ലൈറ്ററും വാങ്ങിയ ശേഷം ട്രെയിനിനുള്ളിലേക്കു പ്രവേശിക്കുകയായിരുന്നു. തന്നെ പരിചയമില്ലാത്ത സ്ഥലമായതിനാലാണ് കേരളം തിരഞ്ഞെടുത്തതെന്നാണ് പ്രതിയുടെ മൊഴി.