15
Apr 2025
Sat
15 Apr 2025 Sat

കൊച്ചി: ഗുജറാത്ത് കലാപം പ്രമേയമാക്കിയ എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവ് ഗോകുലം ഗോപാലന്റെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിവരുന്നതിനിടെ, ചിത്രം സംവിധാനിക്കുകയും അതിലെ പ്രധാനവേഷമിടുകയുംചെയ്ത പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്.
കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടിയാണ് പൃഥ്വിരാജിന് ആദായ നികുതിവകുപ്പ് നോട്ടീസയച്ചത്. സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങള്‍ നല്‍കണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. എന്നാല്‍ സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് ആരോപണം. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ രാജേഷ് നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്. ഗോകുലം ഗോപാലന്‍ നിര്‍മിച്ച മോഹന്‍ലാല്‍ പൃഥ്വിരാജ് സിനിമ ‘എമ്പുരാന്‍’ 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. കളക്ഷനില്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് ഇടിയുടെയും ആദായനികുതി വകുപ്പിന്റെയുംപ്രതികാര നടപടികള്‍. എമ്പുരാനില്‍ ഗുജറാത്ത് കലാപത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് സംഘപരിവാരത്തെ ചൊടിപ്പിച്ചിരുന്നു. നിര്‍മതാക്കാളുടെയും സംവിധായകന്റെയും സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ബിജെപി, ആര്‍എസ്എസ് നേതാക്കള്‍ ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.

അതേസമയം, പൃഥ്വിരാജിന് നോട്ടീസയച്ചത് സ്വാഭാവിക നടപടിയാണെന്നാണ് ആദായ നികുതി വകുപ്പിന്റെ വിശദീകരണം. വരുന്ന ഏപ്രില്‍ 29നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഇമെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. വിശദീകരണം ചോദിച്ചിരിക്കുന്ന മൂന്ന് സിനിമകളും 2022 ല്‍ പുറത്തിറങ്ങിയവയാണ്. ഈ ചിത്രങ്ങളിലെ വരുമാനവുമായി ബന്ധപ്പെട്ട് മുമ്പും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ഐ.ടി വകുപ്പ് നല്‍കുന്ന വിശദീകരണം. മാര്‍ച്ചില്‍ ഒരു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഇക്കാര്യത്തില്‍ വിശദീകരണം തേടിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്.

Empuraan: After Gokulam Gopalan, Prithviraj receives notice from the Income Tax Department