05
Aug 2024
Tue
05 Aug 2024 Tue
WAYANAD LANDSLIDE KERALA AND CENTRLAL GOVERNMENT ROW

ന്യൂഡല്‍ഹി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പഠനവും ലേഖനവും എഴുതാന്‍ വിവിധ മേഖലകളിലുള്ള വിദഗ്ധരോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി വെളിപ്പെടുത്തല്‍.(Environment Ministry seeks scientists to criticise Kerala government) ഇതിനായി പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) വഴി പരിസ്ഥിതി മന്ത്രാലയം നടത്തിയ ശ്രമങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ദി ന്യൂസ് മിനിറ്റ് ആണ് പുറത്തു വിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളും ഇടപെടലുകളുമാണ് വയനാട് ദുരന്തത്തിന് കാരണമെന്ന് വരുത്തി തീര്‍ക്കുകയാണ് ലക്ഷ്യം. ഇത് സ്ഥാപിച്ചെടുക്കുന്ന തരത്തില്‍ ലേഖനങ്ങളെഴുതാന്‍ പിഐബി ബന്ധപ്പെട്ട മേഖലയിലെ മൂന്ന് പേരുമായി സംസാരിച്ചതായും ന്യൂസ് മിനിറ്റിറ്റ് ആരോപിക്കുന്നു.

ലേഖനങ്ങളില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണമെന്നത് സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം തന്നെ എഴുത്തുകാരോട് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ‘വയനാട് ദുരന്തത്തിന് പിന്നിലെ കാരണങ്ങള്‍’ എന്ന പേരില്‍ ആവശ്യമായ പോയിന്റുകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഡോക്യുമെന്റ് ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. തയാറുള്ളവര്‍ക്ക് എഴുതാനുള്ള മാര്‍ഗരേഖ എന്ന പേരിലാണ് ഇതു ലഭ്യമാക്കുന്നത്.

കേരളത്തില്‍ ഉരുള്‍പൊട്ടലുണ്ടാകാനുള്ള കാരണം ക്വാറികള്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന നയങ്ങളാണെന്ന തരത്തിലുള്ള ലേഖനങ്ങളാണ് എഴുതാന്‍ നിര്‍ദ്ദേശിക്കുന്നത്.

ALSO READ:വയനാട്ടില്‍ റെഡ് അലര്‍ട്ട് നല്‍കിയെന്ന അമിത്ഷായുടെ പ്രസ്താവന നുണയെന്ന് മുഖ്യമന്ത്രി

ഇതിനായി ക്വാറികളുടെ എണ്ണവും ഉരുള്‍പൊട്ടലുകളുടെ എണ്ണവും താരതമ്യം ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്നു. ഇതോടൊപ്പം കൃത്യമായ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ക്വാറികളുടെ എണ്ണം കണ്ടെത്തണം. 2018ലെ പ്രളയത്തിനുശേഷം ക്വാറികളുടെ എണ്ണം വര്‍ധിപ്പിച്ചതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തണം എന്നിങ്ങനെയും നിബന്ധനകളുണ്ട്.

ഇത്തരത്തില്‍ ലേഖനങ്ങളും പഠനങ്ങളും എഴുതാന്‍ തയാറാകുന്നവര്‍ക്ക് ലേഖനം തയാറാക്കാന്‍ റഫറന്‍സുകള്‍ക്കായി വ്യത്യസ്ത ലേഖനങ്ങള്‍ ഉള്‍പ്പെടുന്ന ഡോസിയറും ലഭ്യമാക്കിയിട്ടുണ്ട്. കേരളത്തിലെ പ്രകൃതി ക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 2019ല്‍ ദ ന്യൂസ് മിനിറ്റ് പ്രസിദ്ധീകരിച്ച ലേഖനവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

കേരളത്തിലെ ആവര്‍ത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ സംബന്ധിച്ച രേഖകള്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ചോര്‍ത്തി നല്‍കാനുള്ള ഫോണ്‍ കാളുകളെക്കുറിച്ചുള്ള വിവരവും വാര്‍ത്തയിലുണ്ട്. കയ്യില്‍ നിര്‍ണായകമായ വിവരങ്ങളുണ്ടെങ്കില്‍ അത് പുറത്തുവിടണമെന്ന് പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് ഫോണ്‍ കോള്‍ ലഭിച്ചതായാണ് പറയുന്നത്.

ഉരുള്‍ പൊട്ടല്‍ സംബന്ധിച്ച് കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടും മുന്‍കരുതലെടുക്കാന്‍ തയ്യാറായില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമതി ഷാ പാര്‍ലമെന്റില്‍ പറഞ്ഞത് വലിയ വിവാദമായിരുന്നു. അങ്ങിനെ ഒരു മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്ന് തെളിവുകള്‍ നിരത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിക്കുകയും ചെയ്തു. അതിന് പിന്നാലെയാണ് പുതിയ വിവരം പുറത്തുവന്നിരിക്കുന്നത്.

അപകട ലഘൂകരണ ഭൂപടം (റിസ്‌ക് റിഡക്ഷന്‍ മാപ്പ്) തയ്യാറാക്കുന്നതില്‍ കേന്ദ്ര ഖനന മന്ത്രാലയം വരുത്തിയ വീഴ്ച വരുത്തിയത് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തരമൊരു ഭൂപടം കേന്ദ്ര ഖനന വകുപ്പ് പുറത്തിറക്കിയാല്‍ മാത്രമേ അതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് ആ പ്രദേശത്ത് നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് വിവേചനാധികാരമുണ്ടെങ്കിലും സ്ഥിരമായി നിയന്ത്രണം കൊണ്ടുവരാന്‍ സാധിക്കില്ല. ദേശീയ ദുരന്തനിവാരണ അതോറിറ്റി പറയുന്നതനുസരിച്ച് അപകട ലഘൂകരണ ഭൂപടം തയ്യാറാക്കാനുള്ള അധികാരം കേന്ദ്ര ഖനന വകുപ്പിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള വീഴ്ച മറയ്ക്കാനാണ് പിഐബി വഴിയുളള തിടുക്കപ്പെട്ട നീക്കമെന്നാണു സൂചന.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക