കൊച്ചി: നിയമ വിദ്യാഭ്യാസ മേഖലയില്‍ 150 വര്‍ഷങ്ങള്‍ പിന്നിടുന്ന എറണാകുളം ഗവ. ലോ കോളജും ലോകത്തിലെ മികച്ച ഗവേഷണ സര്‍വകലാശാലകളിലൊന്നായ ലൈഡന്‍ യൂനിവേഴ്‌സിറ്റിയിലെ വാന്‍ വോലെന്‍ഹോവന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും കാലാവസ്ഥാ വ്യതിയാന നിയമവിദ്യാഭ്യാസവുമായി ബന്ധപ്പെട്ട മേഖലയില്‍ കൈകോര്‍ക്കുന്നു. ഇന്‍ഡോ-ഡച്ച് റിസേര്‍ച്ച് സെന്റര്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് ലോ റിസര്‍ച്ച് ആന്‍ഡ് എജ്യൂക്കേഷന്‍ എന്ന പേരില്‍ ലോ കോളജില്‍ സ്ഥാപിക്കുന്ന ഗവേഷണ കേന്ദ്രം കാലാവസ്ഥാ വ്യതിയാന നിയമവിദ്യാഭ്യാസത്തില്‍ സഹകരിക്കുന്നതിനും ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും അന്താരാഷ്ട്ര ശില്‍പശാലകള്‍ സംഘടിപ്പിക്കുന്നതിനുമൊപ്പം കാലാവസ്ഥാ വ്യതിയാന നിയമത്തെക്കുറിച്ചുള്ള വിദ്യാഭ്യാസ മൊഡ്യൂളുകള്‍ വികസിപ്പിക്കലും ലക്ഷ്യമിടുന്നു.
|
സംയുക്ത ഗവേഷണ ഫലങ്ങള്‍, വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും കൈമാറ്റം, കാലാവസ്ഥാ വ്യതിയാന വിദ്യാഭ്യാസത്തെ ക്കുറിച്ചുള്ള പുസ്തകങ്ങളും മാനുവലുകളും പ്രസിദ്ധീകരിക്കുന്നതിലും ഈ പങ്കാളിത്തം ശ്രദ്ധ കേന്ദ്രീകരിക്കും. ലോ കോളജില്‍ നടന്ന ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങ് നെതര്‍ലാന്റ്‌സിലെ ഇന്ത്യയുടെ മുന്‍ അംബാസിഡറായിരുന്ന വേണു രാജാമണി ഉദ്ഘാടനം ചെയ്തു.
അടിക്കടിയുണ്ടായ പ്രളയം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്നും പുറത്തുകടക്കാന്‍ ഡച്ചുകാരില്‍ നിന്നും ഏറെ പഠിക്കാന്‍ ഉണ്ടെന്നും കൂടാതെ ജലത്തെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുവാന്‍ പാടവമുള്ളതിനാലാണ് 2018 ലെ പ്രളയത്തിന് ശേഷം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി അവരുടെ സഹായം തേടിയതെന്നും അദ്ദേഹം പറഞ്ഞു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ.ബിന്ദു എം നമ്പ്യാര്‍, ഫാക്കല്‍റ്റി കോഓഡിനേറ്ററും അസിസ്റ്റന്റ് പ്രഫസറുമായ ഡോ. ഡയാന എം.കെ, വാന്‍ വോലെന്‍ഹോവന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വകുപ്പ് മേധാവി പ്രഫ. ഡോ.അഡ്രിയാന്‍ ബെഡ്നര്‍, പ്രൊജക്ട് കോ ഓഡിനേറ്ററും പോസ്റ്റ് ഡോക്ടറല്‍ ഫെലോയുമായ ഡോ. റിയ റോയ് മാമ്മന്‍, ഗവ. ലോ കോളജ് വിദ്യാര്‍ഥി യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ നവീന്‍.കെ, സ്റ്റുഡന്റ് കോ ഓഡിനേറ്റര്‍ നികിത.എ എന്നിവര്‍ സംസാരിച്ചു.


