|
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമം അടിയന്തരമായി കൊണ്ട് വരാനുള്ള ബിജെപി സർക്കാർ നീക്കം മനപ്പൂർവം പ്രകോപനങ്ങൾ സൃഷ്ടിക്കാനെന്ന് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിങ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി പാർലമെൻറ് സമ്മേളനത്തിന് മുന്നോടിയായി ചേർന്ന സർവ്വകക്ഷി പ്രതിനിധി യോഗത്തിൽ പറഞ്ഞു.
പുതിയ നിയമം ഇന്ത്യൻ ജനത നേരിടുന്ന നിരവധിയായ പ്രശ്നങ്ങളിൽ ഒന്നിന് പോലും പരിഹാരം കാണാൻ തക്കതല്ലെന്ന് മനസിലാക്കാനാവും.
വഖഫ് നിയമ ഭേദഗതിയുടെ ഓരോ അണുവിലും ദുരുദ്ദേശ്യങ്ങൾ നിറച്ച് വച്ചതായി കാണാനാവും. രാജ്യത്താകെയുള്ള അനേകം വഖഫ് സ്വത്തുക്കളിൽ കയ്യേറ്റം നടത്താനുള്ള പഴുതുകൾ പുതിയ നിയമം അനുശാസിക്കുന്നുണ്ട്.
ഇന്ത്യാ മഹാരാജ്യം പോലെ വ്യത്യസ്ത മതങ്ങളും ആചാരങ്ങളും വൈവിധ്യങ്ങളും നിലനിൽക്കുന്നിടത്ത് ആ വൈവിധ്യങ്ങളുടെ കടയ്ക്കൽ കത്തിവയ്ക്കുന്ന തരത്തിലാണ് വഖഫ് സ്വത്തുക്കളുടെ മേലുള്ള കടന്ന് കയറ്റം.
ജന വിഭാഗങ്ങളെ മതത്തിൻ്റെ പേരിൽ വിഭജിക്കുവാനുള്ള കുത്സിത ശ്രമങ്ങൾ പുതിയ നിയമനിർമാണത്തിൻ്റെ ഒളിയജണ്ടയാണെന്ന് വ്യക്തമാണ്.
ആഭ്യന്തര മന്ത്രി ഉൾപ്പെടെയുള്ളവർ ഈ പാർലമെൻ്റ് സമ്മേളനം സുഗമമായി നടത്താനുള്ള സാഹചര്യം ഉണ്ടാവണമെന്ന് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടു.
എന്നാൽ പാർലമെൻറിനെ അസ്വസ്ഥമാക്കുന്നതും തെറ്റായ ദിശയിലേക്ക് നയിക്കുന്നതും തങ്ങളുടെ രാഷ്ട്രീയ ദുരുദ്ദേശ്യത്തിന് ഉപയോഗപ്പെടുത്തുന്നതും ഈ സർക്കാർ തന്നെയാണ്.
പാർലമെൻ്റിൻ്റെ നൻമ കളങ്കപ്പെടുത്തിയ പാരമ്പര്യമാണ് ഈ സർക്കാറിനുള്ളത്.
പാർലമെൻ്റിൽ സൃഷ്ടിക്കപ്പെടുന്ന നിയമങ്ങളുടെ പാരമ്പര്യം പേറിയിരുന്ന മഹത്തായ രാജ്യമാണ് ഇന്ത്യ. ആ പാരമ്പര്യത്തിൽ നിന്ന് മാറി വർഗീയത നട്ട് പിടിപ്പിച്ച് വിദ്വേഷം ഉണ്ടാക്കാനാണ് ദൗർഭാഗ്യവശാൽ സർക്കാർ ശ്രമിക്കുന്നത്.
രാജ്യത്തെ എസ് സി, എസ് ടി, മറ്റ് പിന്നോക്ക വിഭാഗങ്ങൾ കടുത്ത ആക്രമണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കയാണ്.
പല സംസ്ഥാനങ്ങളും അസ്വസ്ഥതകളുടെ വിതരണ കേന്ദ്രങ്ങളായി മാറിക്കഴിഞ്ഞു.
സർക്കാറിൻ്റെ പ്രവർത്തനങ്ങളിൽ നിഗൂഢതകൾ ഒളിഞ്ഞിരിക്കുന്നുവെന്ന് പലപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
പൗരത്വ നിയമം, ഏക വ്യക്തി നിയമം ഉൾപ്പെടെയുള്ള വിവിധ നടപടികൾ ആവനാഴിയിലെ അസ്ത്രങ്ങൾ പോലെ സൂക്ഷിച്ചിരിക്കയാണ്.
ഇത്തരം പ്രവർത്തനങ്ങളെല്ലാം രാജ്യത്തെ ഓരോ ദിവസവും കൂടുതൽ അസ്വസ്ഥതകളിലേക്ക് നയിക്കുകയാണ്. സുപ്രീം കോടതി ബുൾഡോസിംഗ് രാജിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.
സർക്കാർ ഇത്തരം കാര്യങ്ങൾ നീതിയുക്തമായി പരിശോധിച്ച് ആവശ്യമായ പരിഹാര നടപടികൾ കൈക്കൊള്ളണം. ഇതിന് നേതൃത്വം നൽകുന്നതിന് പകരം നിയമസംഹിതകളെ തല്ലിതകർക്കുന്ന നടപടിയാണ് ദൗർഭാഗ്യവശാൽ സർക്കാർ സ്വീകരിക്കുന്നത്.
രാജ്യത്തെ ബാധിക്കുന്ന മൗലികമായ പല പ്രശ്നങ്ങളിൽ സർക്കാർ ഇടപെടുന്നില്ല. ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും അവരുടെ ഇഷ്ടത്തിനനുസരിച്ച് പല നിയമനിർമാണങ്ങളും നടത്തി വരികയാണ്.
ചത്തീസ്ഗഡ് സർക്കാർ ഈയിടെ നൽകിയ വിചിത്ര നിർദ്ദേശം, മുസ് ലിംകളുടെ വെള്ളിയാഴ്ചയിലെ ജുമാ പ്രാർഥനയിൽ എന്തെല്ലാമാണ് പറയേണ്ടത് എന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ അനുമതിയോടെ തീരുമാനിക്കണമെന്നായിരുന്നു.
രാജ്യം അനുവദിക്കുന്ന മതസ്വാതന്ത്ര്യത്തിൻ്റെ നഗ്നമായ നിരാകരമാണിത്. ഏതറ്റം വരെയും മതസ്വാതന്ത്ര്യം ഹനിക്കാൻ ബിജെപി തയാറാവുകയാണെന്ന് പറയാനാവും. സർക്കാറിൻ്റെ ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ നിർവഹിക്കും. വഴിവിട്ട നീക്കങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാൻ സമാന മനസ്കരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.





