21
Jul 2024
Sat
21 Jul 2024 Sat
France beats Portugal

ഹാംബുര്‍ഗ് (ജര്‍മനി): യൂറോ കപ്പ് ആദ്യ സെമിയില്‍ സ്പെയ്നും ഫ്രാന്‍സും ഏറ്റുമുട്ടും. ക്വാര്‍ട്ടറില്‍ സ്പെയ്ന്‍ ജര്‍മനിയെ അധിക സമയക്കളിയില്‍ 2-1ന് തോല്‍പ്പിച്ചപ്പോള്‍ ഫ്രാന്‍സ് പോര്‍ച്ചുഗലിനെ ഷൂട്ടൗട്ടില്‍ 5-3ന് കീഴടക്കി. ചൊവ്വാഴ്ച രാത്രി 12.30നാണ് വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്ന സെമി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഷൂട്ടൗട്ട് വരെ ആവേശം നീണ്ട പോരാട്ടത്തിനൊടുവില്‍ പോര്‍ച്ചുഗലിനെ കീഴടക്കി ഫ്രാന്‍സ് സെമിയിലേക്ക് മുന്നേറിയത്. ഷൂട്ടൗട്ടില്‍ പോര്‍ച്ചുഗല്‍ താരം ജോവ ഫെലിക്‌സ് കിക്ക് പാഴാക്കിയപ്പോള്‍ ഫ്രാന്‍സിന്റെ 5 കിക്കുകളും ലക്ഷ്യത്തിലെത്തി (5-3).

90 മിനിറ്റിലും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഗോള്‍മുഖത്തേക്ക് ഇടതടവില്ലാതെ ആര്‍ത്തിരമ്പിയെങ്കിലും ലക്ഷ്യം കണ്ടില്ല. ആറാമത്തെ യൂറോ കപ്പ് ടൂര്‍ണമെന്റ് കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വിടവാങ്ങലിനും മത്സരം വേദിയായി. ഇതു തന്റെ അവസാന യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പായിരിക്കുമെന്നു ക്രിസ്റ്റ്യാനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഫ്രാന്‍സ് ഗോളി മൈക്ക് മെയ്‌നാനും പോര്‍ച്ചുഗല്‍ ഗോളി ഡിയോഗോ കോസ്റ്റയും നടത്തിയ രക്ഷപ്പെടുത്തലുകളായിരുന്നു ഇന്നലത്തെ പ്രധാന ഹൈലൈറ്റ്. വെറ്ററന്‍ ഡിഫന്‍ഡര്‍ പെപ്പെയുടെ നേതൃത്വത്തില്‍ കെട്ടിയ പോര്‍ച്ചുഗല്‍ മതില്‍ കടക്കാന്‍ കിലിയന്‍ എംബപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രാന്‍സ് മുന്നേറ്റ നിര നന്നായി വിയര്‍ത്തു.

മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറംമങ്ങിയതും പോര്‍ച്ചുഗലിനു തിരിച്ചടിയായി. പന്തവകാശത്തില്‍ മുന്നില്‍നിന്നിട്ടും പന്ത് വലയിലെത്തിക്കാന്‍ മിടുക്കുള്ള ഒരു സ്‌ട്രൈക്കറുടെ അഭവം പോര്‍ച്ചുഗല്‍ നിരയില്‍ മുഴച്ചുനിന്നു.

ഗാലറികളെ ഇളക്കി മറിച്ച ആവേശപ്പോര്
Spain vs Germany

യൂറോ കപ്പിന്റെ മനോഹരമായ അധ്യായങ്ങളിലൊന്നില്‍ ചരിത്രമെഴുതിയാണ് സ്പെയ്ന്‍ കുതിച്ചത്. ഒപ്പത്തിനൊപ്പം പോരാടി, ഒടുവില്‍ ആതിഥേയരായ ജര്‍മനിയെ അധികസമയക്കളിയില്‍ കീഴടക്കുകയായിരുന്നു. അധികസമയത്തിന്റെ അവസാന നിമിഷങ്ങളില്‍ മിക്കേല്‍ മെറീനോയുടെ ഹെഡറാണ് ജര്‍മന്‍ മതില്‍ തകര്‍ത്തത്.

ഫാബിയന്‍ റൂയിസിന്റെ ഒന്നാന്തരം ഗോളില്‍ സ്പെയ്നാണ് ലീഡ് കുറിച്ചത്. സെമി ഉറപ്പിച്ച ഘട്ടത്തിലായിരുന്നു അവസാന മിനിറ്റുകളില്‍ ഫ്ളോറിയന്‍ വിയറ്റ്സിലൂടെ ജര്‍മനി തിരിച്ചുവന്നത്.
സ്പെയ്ന്‍ പ്രതിരോധക്കാരന്‍ ഡാനി കര്‍വഹാല്‍ അവസാനനിമിഷം രണ്ടാം മഞ്ഞക്കാര്‍ഡ് വഴങ്ങി പുറത്തായി.

മല്‍സരത്തിലുടനീളം ഇരുടീമുകളും പരുക്കന്‍ അടവുകള്‍ പ്രയോഗിച്ചാണ് മുന്നേറിയത്. റഫറിക്ക് പല തവണ മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുക്കേണ്ടി വന്നു. ജര്‍മനിയുടെ ടോണി ക്രൂസിന്റെ കാലില്‍ തട്ടി വീണ് പരിക്കേറ്റ സ്പാനിഷ് മധ്യനിരക്കാരന്‍ പെഡ്രി കളി 10 മിനിറ്റ് തികയുംമുമ്പ് മടങ്ങി. ഒല്‍മോയാണ് പകരമെത്തിയത്.

യുവതാരം ലമീന്‍ യമാലാണ് സ്പാനിഷ് പടയ്ക്ക് ചിറകുകള്‍ നല്‍കിയത്. എന്നാല്‍, അന്റോണിയോ റൂഡിഗര്‍ നയിച്ച ജര്‍മന്‍ പ്രതിരോധം കടക്കുക എളുപ്പമായിരുന്നില്ല. എന്നാല്‍, ഇടവേള കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ യമാലിന്റെ പ്രതിഭ ജര്‍മന്‍ കോട്ട പൊളിച്ചു. മധ്യവരയ്ക്ക് മുന്നില്‍നിന്ന് അല്‍വാരോ മൊറാട്ട നല്‍കിയ ക്രോസ് വലതുവശത്ത് യമാല്‍ പിടിച്ചെടുത്തു. പിന്നെ ബോക്സിലേക്ക്, നെടുനീളത്തില്‍ മനോഹരമായ പാസ്. ഡാനി ഒല്‍മോ ഓടിയെത്തി അതില്‍ കാലില്‍ ക്കൊരുത്തു വലയിലിട്ടു.

പിന്നാലെ കളി മാറി. പന്തൊഴുക്കിന് വേഗം കൂടി. ജര്‍മന്‍വീര്യത്തില്‍ സ്പാനിഷ് പ്രതിരോധം ഒന്നുലഞ്ഞു. 89-ാം മിനിറ്റില്‍ ജര്‍മനിയുടെ സംഘടിത ആക്രമണത്തിന് ഫലംകിട്ടി. ജോഷ്വ കിമ്മിച്ചിന്റെ ഹെഡര്‍ പിടിച്ചെടുത്ത് വിയറ്റ്സ് അടിതൊടുത്തു. ഇതോടെ കളി അധികസമയത്തേക്കു നീണ്ടു. 119-ാം മിനിറ്റിലാണ് സ്‌പെയിന്‍ വിജയ ഗോള്‍ നേടിയത്. ഇടതുഭാഗത്തുള്ള ഒല്‍മോയുടെ മനോഹര ക്രോസില്‍ പറന്നുതലവച്ച് മെറീനോ ചരിത്രംകുറിച്ചു.