റോം: പ്രായപൂര്‍ത്തിയായി സ്വന്തമായി വരുമാനമുണ്ടാക്കുന്ന മക്കള്‍ വീട്ടില്‍ നിന്നു മാറി തന്റേതായ ജീവിതം ജീവിക്കുക എന്നതാണ് വിദേശരാജ്യങ്ങളില്‍ ഏറ്റവും അംഗീകരിക്കപ്പെടുന്ന ജീവിതരീതി. എന്നാല്‍, പത്തുനാല്പത് വയസ്സായിട്ടും മക്കള്‍ വീട്ടില്‍ നിന്നും മാറിനില്‍ക്കാത്തതിനെതിരെ കോടതിയെ സമീപിച്ച അമ്മയ്ക്ക് അനുകൂലമായ വിധി വന്നിരിക്കുകയാണ്. സംഭവം ഇറ്റലിയിലാണ്.
|
40, 42 വയസായ മക്കള്‍ക്കെതിരെയാണ് അമ്മ കോടതിയെ സമീപിച്ചത്. മക്കളെ നിര്‍ബന്ധിതമായി വീട്ടില്‍ നിന്നും പുറത്താക്കാനുള്ള അധികാരമാണ് അമ്മയ്ക്ക് കോടതി നല്‍കിയിരിക്കുന്നത്. പാവിയയില്‍ നിന്നുള്ള 75 -കാരിയായ സ്ത്രീയാണ് മക്കള്‍ക്കെതിരെ പരാതി നല്‍കിയത്. രണ്ടുപേര്‍ക്കും ജോലിയുണ്ട്. എന്നിരുന്നാലും ഇരുവരും കഴിയുന്നത് അമ്മയുടെ ചെലവിലായിരുന്നു. പലവട്ടം അത് അവസാനിപ്പിക്കണമെന്നും സ്വന്തമായി ജീവിതം നയിക്കണമെന്നും വീട്ടില്‍ നിന്നും മാറിത്താമസിക്കണം എന്നുമെല്ലാം അമ്മ മക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മക്കള്‍ അതിന് തയ്യാറായിരുന്നില്ല.
ഒടുവില്‍ ജഡ്ജി സിമോണ കാറ്റര്‍ബിയാണ് അമ്മയ്ക്ക് അനുകൂലമായി വിധിച്ചത്. ഡിസംബര്‍ 18 -ന് മുമ്പ് രണ്ട് മക്കളോടും വീട്ടില്‍ നിന്നും ഇറങ്ങാനും ഉത്തരവിട്ടു. അമ്മയുടെ പരാതിയില്‍ മക്കള്‍ക്ക് വരുമാനമുണ്ടായിട്ടു പോലും ഇരുവരും വീട്ടുചെലവ് തരികയോ വീട്ടിലെ കാര്യങ്ങളില്‍ ഒന്നും തന്നെ സഹായിക്കുകയോ ചെയ്യുന്നില്ല എന്നും പറയുന്നു. അമ്മയ്ക്ക് അനുകൂലമായി വിധിക്കവെ ‘പരാന്നഭോജികള്‍’ എന്നാണ് കോടതി ഇവരുടെ മക്കളെ വിശേഷിപ്പിച്ചത്. 75 -കാരിയായ സ്ത്രീയുടെ ഭര്‍ത്താവ് നേരത്തെ അവരില്‍ നിന്നും വേര്‍പിരിഞ്ഞായിരുന്നു കഴിഞ്ഞിരുന്നത്. അതിനാല്‍ തന്നെ വീട്ടുചെലവ് മൊത്തം സ്ത്രീയുടെ ബാധ്യതയായി തീര്‍ന്നു. അവര്‍ക്ക് കിട്ടുന്ന പെന്‍ഷന്‍ മൊത്തം വീട്ടുകാര്യം നോക്കാനും ഭക്ഷണം വാങ്ങാനും മാത്രമേ തികയുന്നുള്ളൂ എന്നും സ്ത്രീ പറഞ്ഞു. ഒടുവിലാണ് രണ്ട് ബിഗ് ബേബി’കളും ഡിസംബര്‍ 18 -നുള്ളില്‍ വീട്ടില്‍ നിന്നും ഇറങ്ങണം എന്ന് കോടതി പറഞ്ഞത്.


