15
Jul 2024
Thu
15 Jul 2024 Thu

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോറ്റ് നാണംകെട്ടതോടെ ഒടുവില്‍ ഔദ്യോഗിക ബംഗ്ലാവ് ഒഴിഞ്ഞു. ഡല്‍ഹിയിലെ കണ്ണായ സ്ഥലമായ തുഗ്ലക്ക് റോഡിലുള്ള 28 ാം നമ്പര്‍ വസതിയാണ് സ്മൃതി ഇറാനി ഒഴിഞ്ഞത്. സ്മൃതി ഇറാനിയെപ്പോലെ തോറ്റ 15 കേന്ദ്രമന്ത്രിമാര്‍ക്കും വസതി ഒഴിയാന്‍ നോട്ടീസ് ലഭിച്ചിട്ടുണ്ട്. അവരും വൈകാതെ ബംഗ്ലാവ് ഒഴിഞ്ഞു കൊടുക്കേണ്ടിവരും. ഒഴിയാന്‍ നോട്ടീസ് ലഭിച്ചതോടെ ഇന്ന് രാവിലെ സ്മൃതി ഇറാനി അവസാന പായ്ക്കും ചെയ്ത ശേഷം ഒഴിയുകയായിരുന്നു.

സിനിമാസീരിയല്‍ രംഗത്തു നിന്നും രാഷ്ട്രീയത്തിലെത്തിയ സ്മൃതി ഇറാനി വളരെപ്പെട്ടെന്നു തന്നെ ബിജെപിയുടെ മുഖമായി മാറിയിരുന്നു. 20 മന്ത്രിമാരാണ് ഇക്കുറി പരാജയപ്പെട്ട. ക്യാബിനറ്റ് മന്ത്രിമാരും സഹമന്ത്രിമാരും ഇതില്‍ ഉള്‍പ്പെടുന്നു. രാഹുല്‍ ഗാന്ധിയെ 2019ല്‍ പരാജയപ്പെടുത്തി രാജ്യമാകെ ശ്രദ്ധിക്കപ്പെട്ട സ്മൃതി ഇറാനി അടക്കം പ്രമുഖരാണ് ഇത്തവണ പരാജയമറിഞ്ഞത്. രണ്ടാം മോദി സര്‍ക്കാരില്‍ വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന സ്മൃതി ഇറാനി, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായ കിഷോരി ലാല്‍ ശര്‍മ്മയോട് 1,67,196 വോട്ടിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്.

ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, നൈപുണ്യ വികസന മന്ത്രിയായിരുന്ന രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെട്ടത് തിരുവനന്തപുരത്താണ്. മറ്റ് മന്ത്രിമാരുടെ പരാജയങ്ങള്‍ നോക്കുമ്പോള്‍ ശശി തരൂര്‍ എന്ന വന്‍മരത്തോട് മികച്ച പോരാട്ടം കാഴ്ചവയ്ക്കാന്‍ രാജീവ് ചന്ദ്രശേഖറിന് സാധിച്ചു. തോറ്റ കേന്ദ്ര മന്ത്രിമാരില്‍ ഏറ്റവും കുറഞ്ഞ മാര്‍ജിനില്‍ പരാജയമേറ്റ് വാങ്ങിയത് രാജീവ് ചന്ദ്രശേഖറാണ്. ഒരു ലക്ഷത്തിലേറെ വോട്ടിന് 2019ല്‍ വിജയിച്ച ശശി തരൂരിന്റെ ഭൂരിപക്ഷം 16,077 ആക്കി കുറയ്ക്കാന്‍ രാജീവിന് സാധിച്ചു.

കേന്ദ്ര സഹമന്ത്രിയായിരുന്ന വി മുരളീധരന്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അടൂര്‍ പ്രകാശിനും സിപിഎമ്മിന്റെ വി ജോയിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തായി. ലഖിംപുര്‍ ഖേരി വിവാദത്തില്‍ അകപ്പെട്ട അജയ് കുമാര്‍ മിശ്ര പരാജയപ്പെട്ടത് എസ്പിയുടെ ഉത്കര്‍ഷ് വെര്‍മ്മയോടാണ്. കേന്ദ്ര മന്ത്രിയായിരുന്ന എല്‍ മുരുകന്‍ തമിഴ്‌നാട്ടിലെ നീലഗിരി മണ്ഡലത്തില്‍ 2,40,585 വോട്ടിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്.

ഇവരെ കൂടാതെ സുഭാഷ് സര്‍ക്കാര്‍, അര്‍ജുന്‍ മുണ്ഡ, കൈലാശ് ചൗധരി, നിതീഷ് പ്രമാണിക്, സഞ്ജീവ് ബല്യാന്‍, കപില്‍ പാട്ടീല്‍, റാവുസാഹെബ് ദന്‍വെ, ഭാരതി പവാര്‍, കൗഷല്‍ കിഷോര്‍, ഭഗവന്ത് ഖുബ, മഹേന്ദ്രനാഥ് പാണ്ഡെ, സാധ്വി നിരഞ്ജന്‍ ജ്യോതി, ഭാനുപ്രതാപ് സിംഗ്, രാജ്കുമാര്‍ സിംഗ്, ദേബശ്രീ ചൗധരി എന്നിവരാണ് തോറ്റ കേന്ദ്ര മന്ത്രിമാര്‍.

Ex-Minister Smriti Irani to vacate official bungalows in Delhi

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക