കാസർകോട്: ഷാർജയിലെ സൂപ്പർമാർക്കറ്റ് ഉടമയായിരുന്ന പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന പരാതിയെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി. പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദിൽ ഖബറടക്കിയ മൃതദേഹം ആർ.ഡി.ഒയുടെയും ബേക്കൽ ഡി.വൈ.എസ്.പി സുനിൽകുമാറിന്റെയും നേതൃത്വത്തിലാണ് പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തിയത്.
|
പൂച്ചക്കാട് ഫറൂഖിയ മസ്ജിദിനടുത്തെ ബൈത്തുൽ റഹ്‌മയിലെ എം.സി.അബ്ദുൾ ഗഫൂറിനെ കഴിഞ്ഞ പതിനാലാം തീയതിയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. സ്വാഭാവിക മരണമാണെന്ന് ഭാര്യയും മക്കളും മറ്റ് ബന്ധുക്കളും കരുതുകയും മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് 600 പവനിലേറെ സ്വർണം നഷ്ടമായെന്ന കാര്യം ബന്ധുക്കളറിയുന്നത്. ഗഫൂറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി മകൻ പോലീസിൽ പരാതി നൽകിയതോടെയാണ് മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയത്.
പൂച്ചക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബർസ്താനിൽ വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. കബറടക്കിയ ഇടത്ത് വലിയ ടെന്റ് കെട്ടി മറച്ചായിരുന്നു പോസ്റ്റ്മോർട്ടം. കാഞ്ഞങ്ങാട് ആർ.ഡി.ഒ. കൂടിയായ സബ് കളക്ടർ സൂഫിയാൻ അലി അഹമ്മദ്, ഹൊസ്ദുർഗ് തഹസിൽദാർ എൻ. മണിരാജ് എന്നിവർ ഇൻക്വിസ്റ്റ് നടത്തി.
ഹണി ട്രാപ്പ് കേസിൽ ഉൾപ്പടെ പ്രതിയായ ഒരു യുവതിക്ക് മരണത്തിൽ പങ്കുണ്ടെന്ന സംശയവും ശക്തമായിരിക്കുകയാണ്. ഇവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.





