പാലക്കാട്: പാലക്കാട് നഗരസഭാ ഭരണം ബിജെപിക്ക് നഷ്ടപ്പെടാന്‍ സാധ്യത. ജില്ലാ അധ്യക്ഷ സ്ഥാന തിരഞ്ഞെടുപ്പിലുണ്ടായ ഭിന്നതയാണ് പാര്‍ട്ടിയെ പ്രതിരോധിത്തിലാക്കുന്നത്. (Explosion in Palakkad BJP; may lose municipal governance) യുവമോര്‍ച്ചാ ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെ പാര്‍ട്ടി ജില്ലാ അധ്യക്ഷനാക്കാനുള്ള തീരുമാനമാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഉള്‍പ്പെടെ കടുത്ത അതൃപ്തിയുണ്ടാക്കിയിരിക്കുന്നത്.
|
ദേശീയ കൗണ്‍സില്‍ അംഗം ഉള്‍പ്പെടെ ആറോളം കൗണ്‍സിലര്‍മാര്‍ രാജിസന്നദ്ധത അറിയിച്ചു. രാജിക്കൊരുങ്ങുന്ന കൗണ്‍സിലര്‍മാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. സന്ദീപ് വാര്യര്‍ മുഖേന ഇവര്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയതായാണ് വിവരം. കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പാലക്കാട് യാക്കരയില്‍ ഇപ്പോള്‍ യോഗം ചേരുകയാണ്.
ബിജെപിക്ക് കേരളത്തില്‍ അദ്യമായി നഗരസഭാ ഭരണം കിട്ടിയത് പാലക്കാടാണ്. രണ്ട് തവണ തുടര്‍ച്ചയായി ഭരിച്ച നഗരസഭ നഷ്ടപ്പെടുമെന്ന സ്ഥിതിയാണ് ഇപ്പോള്‍.
ബിജെപി ജില്ലാ അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള യോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് ഭൂരിപക്ഷ പിന്തുണ ലഭിച്ചിരുന്നു. എന്നാല്‍, ഇവരെയെല്ലാം മാറ്റിനിര്‍ത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി കൃഷ്ണകുമാറിന്റെ നോമിനായായ പ്രശാന്ത് ശിവനെ അധ്യക്ഷനാക്കാന്‍ പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയിരിക്കുന്നത്.
ഇത് സംഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് കൗണ്‍സിലര്‍മാര്‍ രംഗത്തെത്തിയത്. പാര്‍ട്ടി വിടാനും കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കാനുമാണ് ഇവരുടെ തീരുമാനം.
നഗരസഭാ ചെയര്‍ പേഴ്‌സണ്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ അഡ്വ. ഇ കൃഷ്ണദാസ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സ്മിതേഷ്, സാബു, ദേശീയ കൗണ്‍സില്‍ അംഗം എന്‍ ശിവരാജന്‍, ലക്ഷ്മണന്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കടുത്ത അതൃപ്തി അറിയിച്ചിട്ടുണ്ട്.
ഈ അതൃപ്തരുടെ നേതൃത്വത്തിലാണ് യാക്കരയില്‍ യോഗം ചേരുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില് നിന്നുള്ള ബിജെപി നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
പാലക്കാട് 52 കൗണ്‍സിലര്‍മാരില്‍ 28 പേരാണ് ബിജെപിക്കൊപ്പമുള്ളത്. 16 കൗണ്‍സിലര്‍മാരാണ് യുഡിഎഫില്‍. വെല്‍ഫെയര്‍ പാര്‍ട്ടിക്ക് ഒരു കൗണ്‍സിലറുണ്ട്. ഏഴു പേര്‍ സിപിഎം അംഗങ്ങളാണ്. ബിജെപിയില്‍ നിന്ന് ആറ് പേര്‍ രാജിവച്ചാല്‍ അംഗസംഖ്യ 22 ആയി കുറയും. സിപിഎമ്മും യുഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയും ഒരുമിച്ച് നിന്നാല്‍ അവര്‍ക്ക് 24 അംഗങ്ങളാവും.
ബ്രൂവറിക്കെതിരായ പ്രതിഷേധത്തിലും പാലക്കാട് ബിജെപിയില്‍ തര്‍ക്കം രൂക്ഷമാണ്. ബ്രൂവറിയെ അനുകൂലിച്ച് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍ രംഗത്ത് എത്തി. ജലചൂഷണം ഇല്ലാതെ പ്രവര്‍ത്തിക്കുന്നതില്‍ തെറ്റില്ല എന്നാണ് ശിവരാജന്റെ നിലപാട്. എന്നാല്‍, പാര്‍ട്ടി നിലപാട് പറയേണ്ടത് സംസ്ഥാന അധ്യക്ഷനാണെന്ന് വ്യക്തമാക്കിയ ജില്ലാ നേതൃത്വം ശിവരാജനെ തള്ളി.


