14
Apr 2024
Sat
14 Apr 2024 Sat
kerala polling death

കോഴിക്കോട്: കൊടും ചൂടും ദീര്‍ഘനേരത്തെ കാത്തിരിപ്പും കേരളത്തില്‍ പലയിടത്തും വോട്ടര്‍മാരെ വലച്ചു. സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ 11 പേരാണ് കുഴഞ്ഞുവീണ് മരിച്ചത്. പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. രണ്ട് ജില്ലകളിലും മൂന്ന് വീതം മരണം റിപ്പോര്‍ട്ട് ചെയ്തു. (extreme heat; 11 people died after collapsing during polling )

വിമേഷ് (42), മാമി (63), കണ്ടന്‍ (73), കെ എം അനീസ് അഹമ്മദ് (71), മോഡന്‍ കാട്ടില്‍ ചന്ദ്രന്‍ (68), സിദ്ദീഖ് (63), സോമരാജന്‍ (82), സെയ്ദ് ഹാജി (75), എസ്. ശബരി (32), നാരാണന്‍, അജയന്‍ എന്നിവരാണ് മരിച്ചവര്‍.

പാലക്കാട് തേങ്കുറിശ്ശിയില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീണ് മരിച്ച ശബരിക്ക് പ്രായം 32. വടക്കേത്തറ എല്‍ പി സ്‌കൂളിലായിരുന്നു ശബരിക്ക് വോട്ട്. ഒറ്റപ്പാലം ചുനങ്ങാടില്‍ വോട്ട് ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെയാണ് വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍ കുഴഞ്ഞ് വീണ് മരിച്ചത്. പാലക്കാട് വിളയോടിയില്‍ ആണ് മൂന്നാമത്തെ മരണം. വോട്ടുചെയ്ത ശേഷം വിശ്രമിക്കുകയായിരുന്ന വിളയോടി പുതുശേരി കുമ്പോറ്റിയില്‍ കണ്ടന്‍ ആണ് മരിച്ചത്.

മലപ്പുറം തിരൂരില്‍ വോട്ട് ചെയ്ത ശേഷം വീട്ടില്‍ മടങ്ങിയെത്തിയ നിറമരുതൂര്‍ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 65 വയസായിരുന്നു. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയിലും വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു. അര മണിക്കൂറോളം ക്യൂ നിന്ന ശേഷം മകനോപ്പം ഓട്ടോയിലേക്ക് കയറുമ്പോഴാണ് സോമരാജന്‍ കുഴഞ്ഞുവീണത്. പോളിങ് ബൂത്തിലേക്ക് പോകുന്ന വഴിയാണ് കാക്കനാട് സ്വദേശി അജയന്‍ കുഴഞ്ഞുവീണു മരിച്ചത്. കോഴിക്കോട് കുറ്റിച്ചിറയില്‍ സിപിഐഎം ബൂത്ത് ഏജന്റ് അനീസ് അഹമ്മദാണ് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തൊട്ടില്‍പ്പാലത്ത് വോട്ട് ചെയ്ത് മടങ്ങിയ 40 വയസ്സുകാരന്‍ കല്ലുംപുറത്ത് വീട്ടില്‍ വിമേഷ് കുഴഞ്ഞുവീണു മരിച്ചു. വളയത്ത് വോട്ട് ചെയ്യാനെത്തിയ സ്ത്രീയും കുഴഞ്ഞ് വീണ് മരിച്ചു. വളയം ചെറുമോത്ത് സ്വദേശി കുന്നുമ്മല്‍ മാമി ആണ് മരിച്ചത്. മറയൂര്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ വോട്ട് ചെയ്ത് മടങ്ങുന്നതിനിടെ കൊച്ചാലും മേലടി വള്ളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ പേരാമംഗലത്ത് വോട്ട് ചെയ്യാനെത്തിയ വയോധികന്‍ പോളിങ് ബൂത്തിന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചു. പേരാമംഗലം പുത്തന്‍വീട്ടില്‍ നാരായണന്‍ ആണ് മരിച്ചത്.

കഠിനമായ ചൂടില്‍ നിര്‍ജലീകരണം സംഭവിക്കുന്നത് കുഴഞ്ഞു വീഴാനുള്ള ഒരു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും ഇത് സംഭവിക്കാം. എന്നാല്‍ ഉടന്‍ തന്നെ ചികിത്സ നല്‍കിയാല്‍ രക്ഷപ്പെടുത്താനാകും. പല പോളിങ് ബൂത്തുകളിലും കുടിക്കാന്‍ വെള്ളം ഇല്ലായിരുന്നു എന്ന് പരാതിയുയര്‍ന്നിരുന്നു.