വഖഫ് ഭേദഗതി നിയമത്തിനെതിരെ മുസ്ലിം ലീഗ് കോഴിക്കോട് നടത്തിയ റാലിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അസഭ്യം നിറഞ്ഞ മുദ്രാവാക്യം വിളിച്ചുവെന്ന് അവകാശപ്പെടുന്ന ഒരു പോസ്റ്റ് വൈറലാവുന്നുണ്ട്. (Fact Check- IUML video against Pinarayi vijayan ) കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കൊണ്ട് വന്ന വഖഫ് ഭേദഗതി നിയമത്തിനെതിരെ വലിയ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഈ പ്രചാരണം.
|
വഖഫ് ഭേദഗതിക്കെതിരായ മുസ്ലിം ലീഗ് ഏപ്രില്‍ 16ന് കോഴിക്കോട് പതിഷേധ മഹാറാലി സംഘടിപ്പിച്ചിരുന്നു. ഈ റാലിയില്‍ കേന്ദ്രത്തിനൊപ്പം സംസ്ഥാന സര്‍ക്കാരിനെതിരെയും വിമര്‍ശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീഡിയോ വെറലാവുന്നത്.
ചെത്തുകാരന്‍ കോരന്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം എന്ന മുദ്രാവാക്യം വിളിക്കുന്നതാണ് വിഡിയോയില്‍ കാണുന്നത്. ”ഹലോ മിസ്റ്റര്‍ പിണറായി സമുദായത്തിന് നേരെ വന്നാല്‍ അവകാശങ്ങള്‍ക്ക് നേരെ വന്നാല്‍ കത്തിക്കും കത്തിക്കും… പച്ചയ്ക്ക് കത്തിക്കുമെന്ന്,” വീഡിയോയില്‍ പറയുന്നു. കൈരളി ടിവിയുടെ ലോഗോയോട് കൂടിയതാണ് വീഡിയോ.
ലീഗിന്റെ വഖഫ് സംരക്ഷണ റാലിയില്‍ മുഖ്യമന്ത്രിയ്ക്ക് എതിരെ ജാത്യാധിക്ഷേപം എന്ന് അവതാരക പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം. വ്യക്തിഹത്യയും വര്‍ഗീയ പരാമര്‍ശങ്ങളൂം മാത്രമാണ് കോഴിക്കോട് നടന്ന ലീഗ് പ്രതിഷേധ പരിപാടിയില്‍ പ്രകടമായത് എന്നും അവതാരക പറയുന്നുണ്ട്. മുസ്ലിം ലീഗിന്റെ കൊടിയും ജാഥയില്‍ കാണാം.

ഈ വീഡിയോ പങ്കുവച്ച് കൊണ്ട് റിഷി എന്നയാള്‍ പോസ്റ്റ് ചെയ്തത് ഇങ്ങിനെയാണ്…
”ചെത്തുകാരന്‍ കോരന്റെ മകന് സ്ത്രീധനം കിട്ടിയത് അല്ല കേരളം. സമുദായത്തിന് നേരെ വന്നാല്‍ പച്ചക്ക് കത്തിക്കും പിണറായി. കേന്ദ്ര സര്‍ക്കാരിന്റെ വഖഫ് നിയമത്തിനെതിരെ യൂഡീഎഫ് നടത്തിയ റാലിയില്‍ പിണറായി വിജയനെതിരെ മുഴങ്ങിയ മുദ്രാവാക്യങ്ങള്‍.കൊള്ളാം ഞഞ്ഞായിട്ടുണ്ട്,”
വീഡിയോ ശ്രദ്ധയോടെ പരിശോധിച്ചപ്പോള്‍, പ്രകടനത്തില്‍ പങ്കെടുക്കുന്നവര്‍ മാസ്‌ക് ധരിച്ചിരിക്കുന്നത് കണ്ടു. അതില്‍ നിന്നും പ്രകടനം പുതിയതല്ലെന്നും കൊറോണ കാലത്തേത് ആണെന്നും മനസ്സിലായി.
ആ ഒരു സൂചന വെച്ച് കൈരളി ടിവിയുടെ യൂട്യൂബ് ചാനലില്‍ ഒരു കീ വേര്‍ഡ് സേര്‍ച്ച് നടത്തി. അപ്പോള്‍,”ചെത്തുകാരന്‍ കോരന്റെ മകന് സ്ത്രീധനം കിട്ടിയതല്ല കേരളം” മുഖ്യമന്ത്രിക്കെതിരെ ലീഗ് മുദ്രാവാക്യം” എന്ന തലക്കെട്ടോടെ 2021 ഡിസംബര്‍ 10ന് പങ്ക് വെച്ച വീഡിയോ കിട്ടി.

കൈരളി ടിവിയുടെ വാര്‍ത്തയില്‍ കോഴിക്കോട് നടന്ന ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിലാണ് മുഖ്യമന്ത്രിക്കെതിരായി ജാതിയധിക്ഷേപം കലര്‍ന്ന മുദ്രാവാക്യം വിളിച്ചതെന്നും അതിനോടൊപ്പം നടന്ന സമ്മേളനത്തെ ലീഗ് സംസ്ഥാന സെക്രട്ടറി മന്ത്രി മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുവെന്നും പറയുന്നുണ്ട്. എന്നാല്‍ ഈ റാലി എന്തിന് വേണ്ടി നടത്തിയെന്ന് പറയുന്നില്ല. ഇതേ വീഡിയോ 2021 ഡിസംബര്‍ 10ന് മീഡിയ വണ്ണും പങ്കുവച്ചിട്ടുണ്ട്.

വഖഫ് നിയമനങ്ങള്‍ പിഎസ്സിക്ക് കൈമാറാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് കോഴിക്കോട് ബീച്ചില്‍ 2021 ഡിസംബര്‍ 9ന് റാലി സംഘടിപ്പിച്ചത് എന്ന് ആ ദിവസത്തെ മനോരമ ഓണ്‍ലൈന്‍ വാര്‍ത്തയില്‍ പറയുന്നു.
സംസ്ഥാനത്തെ വഖഫ് നിയമനം പിഎസ്സിക്ക് വിടാനുള്ള എല്‍ഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ 2021 ഡിസംബര്‍ 9ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോയാണ്, കേന്ദ്രസര്‍ക്കാരിന്റെ വഖഫ് നിയമത്തിനെതിരെ മുസ്ലിം ലീഗ് നടത്തിയ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം എന്ന പേരില്‍ പ്രചരിക്കുന്നത്.


