കാഞ്ഞങ്ങാട്: സമര സംഘടനയുടെ ഐക്യത്തിലും കരുത്തിലുമാണ് കൃത്രിമ ജലപാതയുടെ പരാജയം കുടികൊള്ളുന്നതെന്ന് കെ.റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ എസ്.രാജീവൻ പ്രസ്താവിച്ചു. നീലേശ്വരം-ബേക്കൽ കൃത്രിമ ജലപാത ജനകീയ മുന്നണി കാഞ്ഞങ്ങാട് പി സ്മാരകത്തിൽ സംഘടിപ്പിച്ച സമര പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
|
ഇരകളുടെ ബോധ്യമാണ് സമരത്തിന് കരുത്ത് പകരുന്നതും ഐക്യം പകരുന്നതും. ഏതൊരു സമരത്തിന്റെയും ഗതിനിർണയിക്കുന്നതും ഇരകളുടെ ബോധ്യമാണ്. കെ.റെയിൽ വിരുദ്ധ സമരം നമ്മളെ പഠിപ്പിച്ച പാഠമാണിത്. സ്ത്രീകളായിരുന്നു കെ.റെയിൽ വിരുദ്ധ സമരത്തിന്റെ പ്രധാന സംഘാടകർ. ഭൂമിയെറ്റെടുക്കൽ പ്രക്രിയയെ ചെറുത്തതും പിന്നീട് ചാനലുകളിൽ തെളിവുകൾ നിരത്തി കെ.റെയിലിനെതിരെ വാദിച്ചതും സ്ത്രീകളാണ്. രാഷ്ട്രീയക്കാരും ചാനലുകളും സമരത്തെ പിന്തുണച്ചുതുടങ്ങിയത് ഈ ജനപിന്തുണ കണ്ടിട്ടാണ്. പിന്തുണ തനിയെ ഉണ്ടായതല്ല. ആയിരക്കണക്കിന് ഗൃഹ സദസ്സുകൾ സംഘടിപ്പിച്ച് കെ.റെയിൽ സൃഷ്ടിക്കാൻ പോവുന്ന സാമ്പത്തികവും പാരിസ്ഥിതികവും സാമൂഹ്യവുമായ ആഘാതങ്ങൾ ബോധ്യപ്പെടുത്തിയാണ് നമ്മൾ പിന്തുണ ആർജിച്ചത്. ഈ മാതൃക പിന്തുടർന്നാൽ കൃത്രിമ ജലപാതയെ നമ്മുക്ക് ചെറുത്ത് തോൽപ്പിക്കാൻ സാധിക്കും. എസ്.രാജീവൻ പറഞ്ഞു.
നീലേശ്വരം-ബേക്കൽ കൃത്രിമ ജലപാത കിടപ്പാടങ്ങൾ നഷ്ടപ്പെടുന്നതിനൊപ്പം ജലസംഭരികളായ വയലുകളെ നശിപ്പിക്കുന്നതും ശുദ്ധജല സ്രോതസുകളെ തകർത്തുകളയുന്നതുമാണ് എന്നതുകൊണ്ടാണ് ജലപാതയെ എതിർക്കുന്നതെന്നും ഇരകൾ അല്ലാത്തവരും സമരരംഗത്ത് അണിനിരക്കണമെന്നും ശിൽപ്പി കാനായി കുഞ്ഞിരാമൻ പറഞ്ഞു. സമര പ്രഖ്യാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കാസറഗോഡ് ജില്ലാ പരിസ്ഥിതി സംഘടന പ്രസിഡന്റ് അഡ്വ.ടി.വി.രാജേന്ദ്രൻ, മുനിസിപ്പൽ കൗൺസിലർമാരായ അശോക് കുമാർ, മുഹമ്മദ് കുഞ്ഞി എന്നിവർ പ്രസംഗിച്ചു. ജനകീയ മുന്നണി ചെയർമാൻ എൻ.ആർ.പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ ഹരികൃഷ്ണൻ കുന്നത്ത് സ്വാഗതം പറഞ്ഞു.


