02
Jun 2023
Thu
02 Jun 2023 Thu

പാലക്കാട്: മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് തയാറാക്കിയ കേസില്‍ കോഴിക്കോട് നിന്ന് കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ മുന്‍ നേതാവ് കെ.വിദ്യയെ പാലക്കാടെത്തിച്ചു. അഗളി ഡി.വൈ.എസ്.പി ഓഫീസിലാണ് എത്തിച്ചത്. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തി. ശേഷം വിദ്യയെ 11 മണിയോടെ മണ്ണാർക്കാട് കോടതിയിൽ ഹാജരാക്കും. ഇന്നലെ രാത്രി കോഴിക്കോട് മേപ്പയൂർ കുട്ടോത്തെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് അഗളി പൊലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ 15 ദിവസങ്ങൾക്ക് ശേഷമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ കോളജിലെ മലയാളം ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ഇവർക്കെതിരായ കേസ്. കരിന്തളം ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് നൽകിയ കേസിലാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ അധ്യയന വർഷം വിദ്യ കരിന്തളം കോളേജിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നു. മഹാരാജാസ് കോളേജിന്റെ വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് വിദ്യ ഇവിടെ ജോലി നേടിയത്.

അഗളി പൊലീസും നീലേശ്വരം പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിൽ വിദ്യ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജികൾ കോടതി പരിഗണിക്കാനായി മാറ്റിയതിന് പിന്നാലെയാണ് വിദ്യയെ പൊലീസ് പിടികൂടിയത്. വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റിയിരുന്നു. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലാണ് ഹർജി ഇന്നലെ പരിഗണനക്ക് എത്തിയത്. പിന്നാലെ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത വ്യാജരേഖ കേസിലും മുൻകൂർ ജാമ്യം തേടി. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ തിങ്കളാഴ്ചയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചത്.