കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ മിന്നല്‍ ഹര്‍ത്താലില്‍ അക്രമസംഭവങ്ങളില്‍ ഉണ്ടായ നഷ്ടപരിഹാരം ഈടാക്കാന്‍ നടത്തിയ ജപ്തി നടപടികളില്‍ വീഴ്ചകളുണ്ടായെന്ന് സര്‍ക്കാര്‍. പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ സ്ഥലം ജപ്തി ചെയ്തതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് ജപ്തി ചെയ്ത സ്വത്തുവകകളുടെ വിവരങ്ങളുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് അറ്റോര്‍ണി അഡ്വ:മനോജ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ടിലാണ് വീഴ്ച ഉണ്ടായ കാര്യം വ്യക്തമാക്കിയത്.
|
ചുരുങ്ങിയ സമയത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ചില പിഴവുകള്‍ പറ്റി. പേരിലും വിലാസത്തിലുമൊക്കെയുള്ള സാമ്യം കാരണമാണ് തെറ്റായ വ്യക്തികളുടെ സ്ഥലം ജപ്തി ചെയ്യുന്നതിനുള്ള നടപടികളിലേക്ക് പോയത്. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ വീഴ്ച സംഭവിച്ച ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ഹര്‍ത്താലുമായി ബന്ധപ്പെട്ട് ആകെ 209 പിഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്വത്ത് വകകള്‍ ജപ്തി ചെയ്യാനാണ് ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇതില്‍ 177 എണ്ണത്തിന്റെ വാല്യുവേഷന്‍ നടപടി പൂര്‍ത്തിയാക്കി. തര്‍ക്കമുള്ള വസ്തുവകകളുടെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ല എന്നും റിപോര്‍ട്ടില്‍ പറയുന്നു.
പേരില്‍ സാമ്യം കൊണ്ടും അഡ്രസ്സിലെ സാമ്യം കൊണ്ടും തെറ്റായി ജപ്തി നടപടികള്‍ നേരിട്ടവരുടെ വിഷയത്തില്‍ ഈ റിപ്പോര്‍ട്ട് പരിഗണിച്ച് ഹൈക്കോടതി ഉത്തരവ് നല്‍കും. തുടര്‍ന്ന് ഇവര്‍ക്ക് ക്ലെയിംസ് കമ്മീഷണറെ സമീപിക്കാനുള്ള അവസരവും ഉണ്ടാകും. ക്ലെയിംസ് കമ്മീഷണര്‍ക്ക് ഓഫീസ് സൗകര്യം ഒരുക്കുന്നതിനായി 6 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എറണാകുളം റവന്യൂ ടവറിലാണ് ഓഫിസ് ഒരുക്കുക. നിലവില്‍ താല്‍ക്കാലികമായി എറണാകുളം റസ്റ്റ് ഹൗസില്‍ സൗകര്യം ഏര്‍പ്പെടുത്തി. ക്ലെയിംസ് കമ്മീഷണറെ സഹായിക്കാന്‍ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.



